സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കാന്താര ചാപ്റ്റർ 1' ന്റെ ട്രെയ്ലർ റിലീസ് ചെയ്തു. അതിഗംഭീരമായ ദൃശ്യവിസ്മയം തന്നെയായിരിക്കും കാന്താര ചാപ്റ്റർ 1 എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്ലർ. ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടി ബജറ്റിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബർ 2ന് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.
2022 ലാണ് റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ 'കാന്താര' ആദ്യഭാഗം റിലീസ് ചെയ്തത്. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു തുടങ്ങി വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷബിനെ തേടിയെത്തിയിരുന്നു.
റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. മുൻപ് പുറത്തുവിട്ട രണ്ടാം ഭാഗത്തിൻറെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും ട്രെൻഡിങ് ആവുകയും, ആരാധകർക്കിടയിൽ ഒരുപാട് ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. ഫാന്റസിയും മിത്തും കൊണ്ട് മികച്ച് കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടിയിരുന്നു.