ദേശീയ പുരസ്കാര നേട്ടത്തിൽ ബാലതാരം ട്രീഷ തോഷാറിനെ വീഡിയോ കോളിലൂടെ അഭിനന്ദിച്ച് നടൻ കമൽ ഹാസൻ. ഇത്തവണത്തെ ദേശീയ പുരസ്കാരത്തിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ താരമാണ് ട്രീഷ തോഷാർ. സെപ്തംബർ 23 ന് ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ കാണികളുടെ കൗതുകം പിടിച്ചു പറ്റിയ പുരസ്കാര ദാനമായിരുന്നു ട്രീഷ തോഷാറിന്റേത്. പരമ്പരാഗത സാരി ധരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് അവാർഡ് സ്വീകരിക്കാൻ എത്തിയ കുഞ്ഞുതാരത്തെ കണ്ട് സദസ്സിൽ വലിയ കരഘോഷം മുഴങ്ങിയിരുന്നു. പിന്നാലെ ട്രീഷയെ അഭിനന്ദിച്ച്, ആറാം വയസ്സിൽ ആദ്യമായി പുരസ്കാരം ലഭിച്ച തന്റെ റെക്കോർഡിനെ നിങ്ങൾ മറി കടന്നു മാഡം എന്ന് കമൽ ഹാസൻ എക്സിൽ കുറിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുഞ്ഞു താരത്തെ കമൽ ഹാസൻ വീഡിയോ കോൾ ചെയ്തിരിക്കുന്നത്.
'ഹായ് എന്റെ പേര് കമൽ ഹാസൻ' എന്നു പറഞ്ഞു കൊണ്ട് കുഞ്ഞുതാരത്തോട് സംസാരിച്ചു തുടങ്ങിയ കമലിനോട് യെസ് എനിക്ക് അറിയാം താങ്കളെ എന്നാണ് നാലുവയസ്സുകാരിയുടെ മറുപടി. പുരസ്കാരം ലഭിച്ചതിന് നേരിട്ട് അഭിനന്ദനം അറിയിച്ച കമൽ, കുട്ടിയുടെ അടുത്ത സിനിമയെക്കുറിച്ചു ചോദിക്കുകയും അടുത്ത ചിത്രം ചെയ്യുന്ന സമയത്ത് തനിക്കൊരു മെസേജ് അയക്കാനും ആവശ്യപ്പെടുന്നുണ്ട്. ട്രീഷയ്ക്ക് നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ് എന്ന് പറഞ്ഞ കുട്ടിയുടെ മാതാവിനോട് അവൾക്ക് അനുഗ്രഹം അല്ല ട്രെയ്നിംഗ് ആണ് വേണ്ടതെന്നും കമൽ ഹാസൻ പറഞ്ഞു.
കമൽ ഹാസന്റെ എക്സ് പോസ്റ്റ്:
പ്രിയപ്പെട്ട ശ്രീമതി ട്രീഷ തോഷാർ, എന്റെ ഏറ്റവും വലിയ കൈയ്യടി നിങ്ങൾക്കാണ്. എന്റെ ആദ്യത്തെ അവാർഡ് ലഭിക്കുമ്പോൾ എനിക്ക് ആറ് വയസ്സായിരുന്നു പ്രായം, ഇപ്പോൾ നിങ്ങൾ എന്റെ റെക്കോർഡ് തകർത്തിരിക്കുന്നു. ഇനിയും മുന്നോട്ട് പോകട്ടെ മാഡം. നിങ്ങളുടെ അവിശ്വസനീയമായ കഴിവുമായ തുടർന്ന് പ്രവർത്തിക്കുക. നിങ്ങളുടെ വീട്ടിലെ മുതിർന്ന ആളുകളോട് എന്റെ നന്ദി ഞാൻ അറിയിക്കുന്നു.
സുധാകർ റെഡ്ഡി യാക്കാന്തിയുടെ മറാഠി ചിത്രമായ 'നാൾ-2' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ട്രീഷ തോഷാറിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 'കളത്തൂർ കണ്ണമ്മ'യിലെ അഭിനയത്തിനാണ് രാഷ്ട്രപതിയുടെ കയ്യിൽ നിന്നും ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സ്വർണമെഡൽ കമൽഹാസൻ സ്വന്തമാക്കുന്നത്.