Film News

പൊളിറ്റിക്കൽ ഡ്രാമയുമായി കമൽ ഹാസൻ ; എച്ച് വിനോദ് ചിത്രം പ്രഖ്യാപിച്ചു

'വിക്രം', 'ഇന്ത്യൻ 2' എന്നീ ചിത്രത്തിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ കമൽ ഹാസൻ. KH 233 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'തീരൻ', 'തുനിവ്' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്. വിനോദാണ്‌. 'റൈസ് ടു റൂൾ' എന്ന ടാഗ്‌ലൈനോടുകൂടിയാണ് അണിയറപ്രവർത്തകൾ ചിത്രത്തിന്റെ അനൗൺസ്‌മെൻറ് വീഡിയോ പുറത്തുവിട്ടത്. കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഇന്റർനാഷ്ണൽ, ടർമറിക്ക് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

എച്ച്. വിനോദ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ കഥ കമൽ ഹാസനാണ് നിർവഹിക്കുന്നത്. ചിത്രം ഒരു പൊളിറ്റിക്കൽ ഡ്രാമ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ 2' ആണ് കമൽ ഹാസന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 1996 ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ഇന്ത്യൻ 2'. റെഡ് ജയന്റ് മൂവീസും ലൈക്ക പ്രൊഡക്ഷന്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ അവസാനത്തെ ഇരുപത് ദിവസത്തെ ഷൂട്ടാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2024 ഏപ്രിലിൽ ചിത്രം തിയറ്ററുകളിലെത്തും.

അജിത്ത് നായകനായി പുറത്തിറങ്ങിയ 'തുനിവ്' ആണ് എച്ച്.വിനോദിന്റെ സംവിധാനത്തിൽ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. മഞ്ജു വാര്യർ, വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, അജയ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്. 2023 പൊങ്കല്‍ റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം മികച്ച ബോക്സ് ഓഫീസിൽ കളക്‌ഷൻ സ്വന്തമാക്കിയിരുന്നു.

SCROLL FOR NEXT