എം ടി വാസുദേവൻ നായരോടൊപ്പമുള്ള സൗഹൃദം അനുസ്‌മരിച്ച് കമൽ ഹാസൻ. 19 വയസ്സില്‍ കന്യാകുമാരിയില്‍ അഭിനയിക്കുമ്പോള്‍ എം.ടിയുടെ വലിപ്പം മനസിലായിരുന്നില്ല. അതിന് ശേഷം എം ടി സാറിന്റെ നിർമ്മാല്യം കാണാൻ ഇടയുണ്ടായി. എനിക്ക് സിനിമയോടുള്ള മോഹവും പ്രേമവും ഒരു ചെറിയ വിളക്കാണെങ്കിൽ അതിനെ അഗ്നികുണ്ഡമാക്കിയത് നിർമ്മാല്യം എന്ന ചിത്രമാണ്. നോവലിസ്റ്റ്, എഡിറ്റർ, തിരക്കഥാകൃത്ത് എന്നിങ്ങനെ എല്ലാ മേഖലകളിലും വിജയിച്ച എഴുത്തുകാരനാണ് വാസുദേവൻ സാർ. വിട പറഞ്ഞയക്കുന്നത് സാധാരണ സാമാന്യ മനുഷ്യരെയാണ്. എംടിവി സാർ അദ്ദേഹത്തിന്റെ സാഹിത്യത്തോടൊപ്പം പലനൂറ് വർഷങ്ങൾ ഇവിടെ ജീവിക്കുമെന്ന് മാധ്യമങ്ങൾക്ക് നൽകിയ ശബ്ദ സന്ദേശത്തിലൂടെ കമൽ ഹാസൻ പറഞ്ഞു.
കമൽ ഹാസൻ പറഞ്ഞത്:
എഴുത്തുകാരന്‍ ആവാന്‍ ആഗ്രഹിക്കുന്നവരാകട്ടെ എഴുത്തുകാരനെന്ന് തന്നത്താന്‍ വിചാരിക്കുന്നവരാകട്ടെ, എഴുത്തുകാരന്‍ എന്ന് അംഗീകരിക്കപ്പെടുന്നവരാകട്ടെ എഴുത്തുകാരന്‍ എന്ന് അംഗീകരിക്കപ്പെടുന്നവരാകട്ടെ എല്ലാവര്‍ക്കും എം.ടി വാസുദേവന്‍ സാറിന്റെ എഴുത്തുകളെ ഓര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങള്‍ പലതരപ്പെട്ടതാണ്. ബഹുമാനവും അസൂയയും ഭയവും സ്നേഹവും തോന്നും. 19 വയസ്സില്‍ കന്യാകുമാരിയില്‍ അഭിനയിക്കുമ്പോള്‍ എം.ടിയുടെ വലിപ്പം എനിക്ക് മനസിലായിരുന്നില്ല. അതിന് ശേഷം എം ടി സാറിന്റെ നിർമ്മാല്യം കാണാൻ ഇടയുണ്ടായി. എനിക്ക് സിനിമയോടുള്ള മോഹവും പ്രേമവും ഒരു ചെറിയ വിളക്കാണെങ്കിൽ അതിനെ അഗ്നികുണ്ഡമാക്കിയത് നിർമ്മാല്യം ചിത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം സത്യജിത് റേ, എംടിവി സാർ, ശ്യാം ബെനഗൽ, ഗിരീഷ് കർണാട് എന്നിവരെല്ലാം വ്യത്യസ്ത സ്ഥലങ്ങളിൽ ജനിച്ചവരാണെങ്കിലും സഹോദരന്മാരാണ്. നോവലിസ്റ്റ്, എഡിറ്റർ, തിരക്കഥാകൃത്ത് എന്നിങ്ങനെ എല്ലാ മേഖലകളിലും വിജയിച്ച എഴുത്തുകാരനാണ് വാസുദേവൻ സാർ. വിജയിച്ചത് അദ്ദേഹം മാത്രമല്ല. മലയാളവും മലയാളം എഴുത്ത് ലോകവും സിനിമയുമാണ്. വിട പറഞ്ഞയക്കുന്നത് സാധാരണ സാമാന്യ മനുഷ്യരെയാണ്. എംടിവി സാർ അദ്ദേഹത്തിന്റെ സാഹിത്യത്തോടൊപ്പം പലനൂറ് വർഷങ്ങൾ ഇവിടെ ജീവിക്കും. വിട പറയാൻ മനസ്സില്ല സാറേ... ക്ഷമിക്കുക...
എം ടി യുടെ വിയോഗം മലയാളത്തിന് വലിയ നഷ്ടമാണെന്ന് കമൽ ഹാസൻ എക്‌സിൽ കുറിച്ചിരുന്നു. കന്യാകുമാരി എന്ന ചിത്രം മുതൽ അവസാനം പുറത്തു വന്ന മനോരഥങ്ങൾ വരെ തങ്ങളുടെ സൗഹൃദം നീണ്ടുവെന്ന് കമൽ ഹാസൻ കുറിച്ചു.