Film News

'ഞരമ്പ് രോഗം മാറാൻ - ചുട്ടപെട, കരിഓയില്‍ പ്രയോഗം, മാപ്പുപറയിക്കല്‍'; ഭാ​ഗ്യലക്ഷ്മിയെ പിന്തുണച്ച് ജോയ് മാത്യു

യൂട്യൂബ് ചാനലിലൂടെ വെര്‍ബല്‍ റേപ്പും സ്ത്രീകള്‍ക്കെതിരെ വ്യക്തിഹത്യയും നടത്തിയ വിജയ് പി നായരെ വീട്ടിൽ കയറി പരസ്യമായി മാപ്പു പറയിച്ച സംഭവത്തിൽ ഭാ​ഗ്യലക്ഷ്മിയെ പിന്തുണച്ച് നടൻ ജോയ് മാത്യു. അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തില്‍ അഭിപ്രായം പറഞ്ഞാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് കേസും ശിക്ഷയും. അതേസമയം സ്ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കും. ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങനെ തെറ്റുപറയാനാകുമെന്ന് ജോയ് മാത്യു ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകള്‍. ചുട്ടപെട ,കരിഓയില്‍ പ്രയോഗം,മാപ്പുപറയിക്കല്‍ തുടങ്ങിയവയാണ് ഇപ്പോള്‍ കൊടുക്കുന്ന മരുന്നുകള്‍,

രോഗം കലശലാവുമ്പോള്‍ അതിനനുസരിച്ച മരുന്നും നല്‍കപ്പെടും എന്ന് കരുതാം .

അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തില്‍ അഭിപ്രായം പറഞ്ഞാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് കേസും ശിക്ഷയും.അതേസമയം

സ്ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോള്‍ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും ?

നിയമം കണ്ണുപൂട്ടിയിരിക്കുമ്പോള്‍

ജനം നിയമം നടപ്പാക്കും. ജനകീയ കോടതികള്‍ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്.

അഭിവാദ്യങ്ങള്‍

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന് അവകാശപ്പെട്ട് ലൈംഗിക അധിക്ഷേപവും ഇയാള്‍ മാസങ്ങളായി തുടര്‍ന്നിരുന്നു. ലൈംഗിക വൈകൃതങ്ങളെ പ്രോത്സാഹിക്കുന്ന രീതിയിലായിരുന്നു വിജയ് പി നായരുടെ യൂട്യൂബ് ചാനലിന്റെ ഉള്ളടക്കം. ഇതില്‍ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും വിജയ് പി നായരെ മര്‍ദ്ദിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഡിജിപി, എഡിജിപി, സൈബര്‍ സെല്‍, ക്രൈം ബ്രാഞ്ച് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഒരു വിളി പോലും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. യാതൊരു അനക്കവും ഇവിടെ സംഭവിച്ചിട്ടുമില്ല. നമുക്ക് സ്വയം നിയമം കയ്യിലെടുക്കാനും പാടില്ല, നമ്മള്‍ കേസ് കൊടുത്താല്‍ നടപടിയും ഉണ്ടാകുന്നില്ലെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

എന്നാൽ സംഭവത്തിൽ ഇരു കൂട്ടർക്കെതിരെയും തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിജയ് പി നായർ പരാതിയിലാണ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഭാഗ്യലക്ഷ്മിയും ദിയാ സനയും മര്‍ദ്ദിച്ചെന്നാണ് വിജയ് പി നായരുടെ പരാതി. സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ വിജയ് പി നായര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. എന്നാൽ പെണ്ണിനെ തെറി വിളിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഭാ​ഗ്യലക്ഷ്മി ചോദിക്കുന്നു, കേസിനെ നിയമപരമായി നേരിടുമെന്ന് ഭാഗ്യലക്ഷ്മി ദ ക്യുവിനോട് പറഞ്ഞു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT