ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്ത എആർഎം (അജയന്റെ രണ്ടാം മോഷണം) റിലീസ് ചെയ്തിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. അജയന്‍, കള്ളന്‍ മണിയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളായി ടൊവിനോ എത്തിയ ചിത്രം തുടർഭാഗത്തിനുള്ള സാദ്ധ്യതകൾ ബാക്കി വെച്ചാണ് സിനിമ അവസാനിച്ചതും. കഴിഞ്ഞ ദിവസം മണിയൻ എന്ന കഥാപാത്രത്തിന് ഒരു രണ്ടാംവരവുണ്ടാവുമെന്ന സൂചന നൽകും വിധം ജിതിൻ ലാൽ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. ഇതോടെ മണിയന്റെ സ്പിൻ ഓഫ് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. ഈ വേളയിൽ എആർഎമ്മിന്റെ തുടർഭാഗത്തിനുള്ള സാദ്ധ്യതകളെക്കുറിച്ച് ക്യു സ്റ്റുഡിയോയോട് പറയുകയാണ് ജിതിൻ ലാൽ.
സ്പിൻ ഓഫ് സൂചനയോ ആ വീഡിയോ?
ഞങ്ങൾ സിനിമയിൽ ഉൾപ്പെടുത്താതെ ഒരു രംഗമാണത്. ആ രംഗം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായതിനാൽ ഇത്തരമൊരു അവസരത്തിൽ ആ രംഗം പുറത്തുവിടാം എന്ന് തീരുമാനിക്കുകയായിരുന്നു. ഇനിയും അത്തരത്തിൽ ചില രംഗങ്ങൾ ഉണ്ട്.
മണിയൻ തിരിച്ചുവരും
എആർഎം റിലീസ് ചെയ്ത സമയങ്ങളിൽ തന്നെ രണ്ടാം ഭാഗം സാധ്യതകളെക്കുറിച്ചും അതിന്റെ ലീഡ് എന്തായിരിക്കും എന്നതിനെക്കുറിച്ചും ചില അഭിമുഖങ്ങളിൽ ഞാനും ടൊവിയും പറഞ്ഞിട്ടുണ്ട്. ഈ സിനിമയുടെ തിരക്കഥാകൃത്ത് സുജിത് നമ്പ്യാർ അതിന്റെ ബേസിക് ആശയം എഴുതിയിട്ടുമുണ്ട്. എആർഎം റിലീസ് ചെയ്തതിന് ശേഷം ഏറ്റവും അധികം ആളുകൾക്ക് ഇഷ്ടമായത് മണിയൻ എന്ന കഥാപാത്രത്തെയാണ്. ആ കഥാപാത്രത്തിന്റെ ഒരു സ്പിൻ ഓഫ് സാധ്യതയെക്കുറിച്ച് ഞങ്ങൾ ആ സമയം തന്നെ പറഞ്ഞിരുന്നു. ഇപ്പോഴും ആ സാധ്യത ഞങ്ങൾക്ക് മുന്നിലുണ്ട്. അടുത്തതായി ഞാൻ മറ്റൊരു സിനിമയാണ് ചെയ്യുന്നത്. ആ ചിത്രത്തിന് ശേഷമാകും ഈ ചിത്രത്തിന്റെ ആലോചനകൾ തുടങ്ങുക. എന്തുതന്നെയായാലും മണിയന് ഒരു സ്പിൻ ഓഫ് ഉണ്ടാകും.
മണിയൻ 'ചാത്തന'ല്ല
ടൊവി മുടിയും താടിയും വളർത്തിയ ഒരു ലുക്ക് ആണല്ലോ പിടിച്ചിരിക്കുന്നത്. അപ്പോൾ മണിയന്റെ ലുക്കിനോട് സാദൃശ്യം തോന്നിയത് കൊണ്ടാകാം അത്തരം ചർച്ചകൾ നടക്കുന്നത്. അത് യാദർശ്ചികമായി സംഭവിച്ചതാണ്. മണിയൻ ഒരു ചാത്തൻ ആണെന്ന് എവിടെയും പറയുന്നില്ല. മണിയന് എങ്ങനെ ഇമ്മോർട്ടാലിറ്റി (immortality) ലഭിച്ചു എന്നത് മണിയന്റെ സ്റ്റാൻഡ് എലോൺ വരുമ്പോൾ ഉറപ്പായും വ്യക്തമാക്കും. മണിയന് എന്തുകൊണ്ട് മരണമില്ല എന്ന് എആർഎമ്മിൽ പറഞ്ഞിട്ടില്ല. എന്നാൽ അടുത്ത സിനിമയിൽ അതിനെക്കുറിച്ച് പറയും.
അടുത്ത ചിത്രം
എനിക്ക് മിത്തിക്കൽ കഥാപാത്രങ്ങളെ ഇഷ്ടമാണ്. ഇനിയും വരുന്ന സിനിമകളിൽ അത്തരം സംഭവങ്ങൾ പ്രതീക്ഷിക്കാം. ഞാൻ ഇനി ചെയ്യുന്ന സിനിമകളും ഫാന്റസി ഴോണറിൽ ഉള്ളവ തന്നെയാകും. അത്തരം സിനിമകൾ ചെയ്യുമ്പോൾ അതിന്റെ മുന്നൊരുക്കങ്ങൾക്ക് വ്യക്തമായ സമയം വേണമല്ലോ. സ്വിച്ച് ഇട്ടാൽ ഉടനെ വരുന്ന കാര്യങ്ങളല്ല അതൊന്നും. എആർഎം കഴിഞ്ഞുള്ള ഈ ഒരു വർഷം മുഴുവൻ അടുത്ത സിനിമയുടെ പണിപ്പുരയിൽ തന്നെയാണ്. അതുപോലെ കൂടുതൽ പ്ലാനുകൾ പറയുന്നതിനേക്കാൾ നല്ലത്, അത് പ്രേക്ഷകരിലേക്ക് സർപ്രൈസ് ആയി എത്തുന്നതല്ലേ.
ജിതിൻ - 'ലാൽ' സിനിമ
ലാലേട്ടനൊപ്പം ചെയ്യാൻ പ്ലാൻ ചെയ്യുന്നതും ഒരു വ്യത്യസ്ത ചിത്രം തന്നെയാണ്. അതിന്റ ബേസിക്ക് ടോക്ക് മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. അദ്ദേഹത്തിലേക്ക് എത്തുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അതിന്റെ വാതിൽ വരെ എത്തി എന്നതിൽ സന്തോഷമുണ്ട്. മൂന്ന് വയസ്സ് മുതൽ ഞാൻ അദ്ദേഹത്തിന്റെ ഫാനാണ്. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു. അതിനാലാണ് എആർഎം എന്ന സിനിമയുടെ തുടക്കത്തിലും അവസാനവും അദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിച്ചത്. എആർഎമ്മിന്റെ വിജയാഘോഷ സമയത്തും ഞാൻ ലാലേട്ടനെ കണ്ടപ്പോൾ 'എന്റെ മ്യൂസിക് വീഡിയോയ്ക്ക് ശബ്ദം നൽകി, സിനിമയിൽ ശബ്ദം നൽകി. ഇനി റിയൽ ആയിട്ട് ലാലേട്ടനെ കാണിക്കാൻ പറ്റണം' എന്ന് പറഞ്ഞിരുന്നു. അത് എത്രയും വേഗത്തിൽ നടക്കട്ടെ എന്ന് തന്നെയാണ് ആഗ്രഹം.