Film News

ജയറാമിന്റെ വന്‍തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകര്‍, സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ജോയിന്‍ ചെയ്തു

കരിയറില്‍ അതിശക്തമായൊരു തിരിച്ചുവരവ് വര്‍ഷങ്ങളായി കാത്തിരിക്കുന്ന താരമാണ് ജയറാം. നിരവധി സൂപ്പര്‍ഹിറ്റുകള്‍ ആവര്‍ത്തിച്ച സത്യന്‍ അന്തിക്കാട്- ജയറാം കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തുമ്പോള്‍ പ്രേക്ഷകരും പ്രതീക്ഷിക്കുന്നത് ബോക്സ് ഓഫീസിലേക്കുള്ള ജയറാമിന്റെ മികച്ച മടക്കമാണ്. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാം സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്. കൊച്ചിയിലെ ലൊക്കേഷനില്‍ കഴിഞ്ഞ ദിവസം ജയറാം ജോയിന്‍ ചെയ്തു.

മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. മീരയും ഒരിടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് മടങ്ങി വരുന്ന ചിത്രമാണിത്. ഒന്നും മിണ്ടാതെ എന്ന 2014ല്‍ റിലീസ് ചെയ്ത ചിത്രത്തിലാണ് ജയറാമും മീര ജാസ്മിനും അവസാനമായി ഒന്നിച്ചത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. സംഗീതം വിഷ്ണു വിജയ്.

കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ദേവിക സഞ്ജയ്, ഇന്നസെന്റ്, കെപിഎസി ലളിത, ശ്രീനിവാസന്‍ എന്നിവരും കഥാപാത്രങ്ങളായുണ്ട്. വരനെ ആവശ്യമുണ്ട് എന്ന ചിത്രമൊരുക്കിയ സത്യന്‍ അന്തിക്കാടിന്റെ മകന്‍ കൂടിയായ അനൂപ് സത്യനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ഇന്ത്യന്‍ പ്രണയകഥ, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകളില്‍ സത്യന്‍ അന്തിക്കാടിന്റെ മറ്റൊരു മകനായ അഖില്‍ സത്യനായിരുന്നു മുഖ്യസഹസംവിധായകന്‍. ഫഹദ് ഫാസിലിനെ നായകനാക്കി പാച്ചുവും അല്‍ഭുത വിളക്കും എന്ന സിനിമയിലേക്ക് കടന്നതിനെ തുടര്‍ന്നാണ് അഖിലിന് പകരം ഇരട്ട സഹോദരനായ അനൂപ് സത്യന്‍ സഹസംവിധായകനായി എത്തിയത്.

2020 മാര്‍ച്ച് റിലീസായി മമ്മൂട്ടി നായകനായ ചിത്രമാണ് സത്യന്‍ അന്തിക്കാട് ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ രചനയില്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. കൊവിഡ് ഒന്നാം തരംഗവും ലോക്ക് ഡൗണും മൂലം ഈ സിനിമ മാറ്റിവെക്കേണ്ടി വന്നു. തുടര്‍ന്നാണ് ജയറാം ചിത്രത്തിലേക്ക് കടന്നത്.

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

SCROLL FOR NEXT