Film News

ആ പേരിന് പിന്നില്‍ മാളവിക ; സത്യന്‍ അന്തിക്കാട് ചിത്രത്തിന് പേരിട്ടതിനെക്കുറിച്ച് ജയറാം

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, മീരാ ജാസ്മിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് മകൾ. ഏപ്രിൽ 29നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ കണ്ടുപിടിച്ചതിന് പുറകിൽ തന്റെ മകൾ മാളവികയാണെന്ന് ജയറാം പറഞ്ഞു. പ്രഭാസ് നായകനാകുന്ന ‘രാധേ ശ്യാം’ എന്ന സിനിമയുടെ പ്രമോഷനിടെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

ജയറാമിന്റെ വാക്കുകൾ

സാധാരണ സത്യൻ അന്തിക്കാട് സിനിമകൾക്ക് വളരെ വൈകിയാണ് ടൈറ്റിൽ ഇടുന്നത്. അത് മനഃപൂർവമല്ല. അദ്ദേഹം കുറച്ച് ആലോചിച്ചാണ് പേരിടുന്നത്. ഈ സിനിമയുടെ അവസാന ദിവസം ഞാൻ ചോദിച്ചു, ‘പേര് ഒന്നും ആയില്ലേ?’. ‘ആയിട്ടില്ല, ഒന്നും കിട്ടാതിരിക്കില്ല’ എന്ന് സത്യൻ പറഞ്ഞു.

അന്ന് എന്റെ മകൾ ഷൂട്ടിങ് കാണാൻ അവിടെ വന്നിരുന്നു. കാക്കനാട് ആയിരുന്നു ലൊക്കേഷൻ. മോള് വന്നതു കാരണം ഷൂട്ട് കാണാൻ കുറേ കുടുംബങ്ങളും അവിടെ എത്തിയിരുന്നു. ആരാ കൂടെ എന്ന് അവർ ചോദിച്ചപ്പോൾ, ‘മകളാണ്, എന്റെ മകള്‍’ എന്ന് ഞാൻ വിളിച്ചു പറഞ്ഞു. സത്യൻ അന്തിക്കാട് അത് കേട്ടു. എന്നിട്ട് എന്റെ അടുത്തുവന്നു പറഞ്ഞു, ‘ഇതാണ് നമ്മുടെ ടൈറ്റിൽ മകൾ’.

ഒരച്ഛൻ തന്റെ മകളെ ആളുകളുടെ മുന്നിൽ അഭിമാനത്തോടെ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് അദ്ദേഹം ചിത്രത്തിനും ഈ പേരിട്ടത്. അങ്ങനെയാണ് ‘മകൾ’ ഉണ്ടായത്.

11 വർഷങ്ങൾക്ക് ശേഷം ജയറാമും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 'മകളിൽ' മീര ജാസ്മിനാണ് നായിക. മീര ജാസ്മിന്റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം. 2016ൽ ഡോൺ മാക്സ് സംവിധാനം ചെയ്ത പത്ത് കല്പനകളായിരുന്നു മീര ജാസ്മിൻ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച അവസാന മലയാള ചിത്രം. ജയറാമും സത്യൻ അന്തിക്കാടും അവസാനമായി ഒന്നിച്ചത് 2010ൽ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലാണ്.

ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ചിത്രത്തിന് എസ് കുമാറാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. നെസ്‌ലിൻ, ദേവിക സഞ്ജയ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT