നിലവിലെ പ്രതിഛായയെ പൂർണ്ണമായി തകർത്ത് വ്യത്യസ്തമായ വേഷങ്ങൾ പരീക്ഷിക്കുന്നതിൽ കുഞ്ചാക്കോ ബോബനെ താൻ മാതൃകയായി സ്വീകരിച്ചിരുന്നു എന്ന് നടൻ ജഗദീഷ്. നിരന്തരം ചോക്ലേറ്റ് ബോയ് വേഷങ്ങളിൽ നിന്നുമുള്ള മാറ്റത്തിന് വേണ്ടി സിനിമയിൽ നിന്ന് ഇടവേള എടുത്ത ചാക്കോച്ചൻ തിരിച്ചു വന്നത് വ്യത്യസ്ത വേഷങ്ങളുമായിട്ടാണ് എന്നും അത് കണ്ടിട്ട് തനിക്കും ഇങ്ങനെയുള്ള വേഷങ്ങൾ കിട്ടുമോ എന്ന് ചിന്തിച്ചിട്ടുണ്ടെന്നും ജഗദീഷ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജഗദീഷ് പറഞ്ഞത്:
ചാക്കോച്ചന്റെ ശ്രമങ്ങളും എന്റെ ശ്രമങ്ങളും യഥാർത്ഥത്തിൽ പാരലലായിട്ട് പോവുകയാണ്. ചാക്കോച്ചന് ഈ ചോക്ലേറ്റ് ബോയ് എന്നതിൽ നിന്നും മോചനം നേടണം എന്നുള്ള ആഗ്രഹവും അതിന് വേണ്ടിയുള്ള ശ്രമങ്ങളും നിരന്തരം നടത്തിയിരുന്നു. അതുകൊണ്ട് കുറച്ച് നാൾ ചാക്കോച്ചൻ സിനിമയിൽ നിന്ന് ഗ്യാപ് എടുത്തിരുന്നു. എനിക്കും ഇതേ പോലെ വരുന്നത് എല്ലാം കോമഡി. അപ്പോൾ അതിൽ ക്രിട്ടിസിസവും നേരിടണം. എല്ലാ സിനിമയിലും ഇയാൾക്ക് ഇത് മാത്രമേ വരുള്ളോ? എന്നുള്ള വിമർശനവും കേൾക്കണം. ചാക്കോച്ചൻ സീരീയസ്സായിട്ടുള്ള വേഷങ്ങൾ ഒക്കെ കിട്ടി തുടങ്ങിയപ്പോൾ ഞാനും ആലോചിച്ചു എനിക്കും ഇങ്ങനെയൊക്കെ കിട്ടുമോ എന്ന്. അങ്ങനെ ചാക്കോച്ചനെ ഞാൻ മാതൃകയായിട്ട് സ്വീകരിച്ചു.
ആളുകൾ ചോക്ലേറ്റ് ബോയ് എന്ന് കളിയാക്കുകയും, സുന്ദരൻ എന്നൊക്കെ വിളിക്കുകയും ചെയ്ത ചാക്കോച്ചൻ പല്ല് ഒക്കെ വച്ചിട്ട് വന്ന് സിനിമ അഭിനയിക്കുന്നു. ചാക്കോച്ചൻ ഇമേജിനെ തകർക്കാൻ തുടങ്ങി. അതൊരു നല്ല കാര്യമായിരുന്നു. കഥ കേൾക്കുമ്പോൾ തന്നെ സാധാരണ കഥയുമായി പോയവരെ ചാക്കോച്ചൻ പറഞ്ഞു വിട്ടു. പിന്നീട് എനിക്കും വേറെ വേഷങ്ങൾ വന്നു. ലീല വന്നു, റോഷാക്ക് വന്നു. അതിന് ശേഷം എനിക്ക് ചാക്കോച്ചനുമായി അടുപ്പം തുടങ്ങുന്നത് ഫാലിമി കണ്ടിട്ട് ചാക്കോച്ചൻ എന്നെ നേരിട്ട് വിളിച്ചപ്പോഴാണ്. ചാക്കോച്ചൻ അന്ന് ഒരുപാട് സംസാരിച്ചു. നല്ലത് കണ്ടാൽ അഭിനന്ദിക്കാനുള്ള ചാക്കോച്ചന്റെ മനസ്സാണ് അത്. അതുവരെ എന്താണ് ചാക്കോച്ചന്റെ പടങ്ങളിൽ ഞാൻ വരാത്തത് എന്ന് ചോദിച്ചാൽ ചാക്കോച്ചൻ തന്നെ വ്യത്യസ്തയ്ക്ക് വേണ്ടി ശ്രമിച്ചിട്ട് കിട്ടി തുടങ്ങിയിട്ടേയുള്ളൂ, അതിനിടെയ്ക്ക് എന്നെക്കൂടി അതിലേക്ക് കൊണ്ടു വരിക എന്ന് പറഞ്ഞാൽ എങ്ങനെയാണ്. ചാക്കോച്ചന്റെ അടുത്ത് ഞാൻ തമാശയ്ക്ക് പറയും ചാക്കോച്ചാ എനിക്ക് ചാക്കോച്ചന്റെ അച്ഛനായി അഭിനയിക്കണം എന്ന്. അപ്പോൾ ചാക്കോച്ചൻ പറയും വരട്ടെ.. വരട്ടെ എന്ന്. ഇപ്പോൾ ചാക്കോച്ചന്റെ അച്ഛനായി അഭിനയിക്കാൻ സാധ്യതയുള്ള ഒരു അവസരം വരുന്നുണ്ട്. ഡീറ്റെയ്ൽസ് പിന്നീട് പറയാം.