സിനിമ മേഖലയിൽ സൗഹൃദങ്ങൾ സംഭവിക്കുക വളരെ വിരളായിട്ടാണെന്നും അത് കാലങ്ങളോളം മുന്നോട്ട് പോകുന്നുണ്ടെങ്കിൽ അതൊരു നിയോഗമാണെന്നും നടന്മാരായ ജഗദീഷും അശോകനും. വർഷങ്ങളായി ഒരുമിച്ച് സ്ക്രീൻ സ്പേസ് പങ്കിടുകയും ഓഫ് ക്യാമറയിൽ സൗഹൃദം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നത് പരസ്പര ബഹുമാനം ഉള്ളതുകൊണ്ടാണ്. എപ്പോഴും തമ്മിൽ തമ്മിൽ കളിയാക്കലുകൾ സംഭവിക്കാറുണ്ടെങ്കിലും ഒരാളുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ വച്ച് കളിയാക്കലുകൾ ഉണ്ടാക്കാറില്ലെന്നും അങ്ങനെ ചെയ്യുന്നത് സാഡിസമാണെന്നും ജഗദീഷും അശോകനും ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ജഗദീഷ്, അശോകൻ എന്നിവരുടെ വാക്കുകളുടെ സംഗ്രഹം
വർഷങ്ങളായി മുന്നോട്ട് പോകുന്ന സൗഹൃദങ്ങൾ ഒരു നിയോഗമാണ്. നമ്മുടെ ഒരേ വേവ്‍ലെങ്തിലുള്ള ആളുകളുമായി കാലങ്ങളായി സിനിമ ചെയ്യുക എന്നത് ഭാഗ്യമാണ്. കാരണം, സാധാരണ ഗതിയിൽ സിനിമയിൽ വലിയ രീതിയിലുള്ള സൗഹൃദങ്ങൾ ഉണ്ടാകാറില്ല. പലർക്കും പല സ്വഭാവങ്ങളാണ്. മാത്രമല്ല, ഒന്നിച്ച് കാണുക എന്നുപറയുന്നത് സിനിമയിൽ എപ്പോഴും സാധ്യമായ കാര്യമല്ല. മറ്റൊരു കാര്യം, ജീവിതത്തിൽ ഉള്ളതുപോലെത്തന്നെ, സിനിമയിൽ എല്ലാകാലത്തും ആളുകളുമായി ഒത്തുപോകാൻ സാധിക്കില്ല. പക്ഷെ, സിനിമ ഒരു കച്ചവട മേഖലയായതുകൊണ്ട് പലതും കണ്ടില്ല എന്ന് വെക്കും. അത്തരമൊരു സ്പേസിൽ, ഇങ്ങനെ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു കോമ്പിനേഷൻ കിട്ടുക എന്നുപറഞ്ഞാൽ, അത് എപ്പോഴും സംഭവിക്കുന്ന കാര്യമല്ല.
ധീരൻ എടുത്ത് നോക്കിയാൽ, 45 ദിവസത്തോളം ഞങ്ങൾ ഇത്രയും പേർ ഒരുമിച്ച് ഉണ്ടായിരുന്നു. പക്ഷെ, യാതൊരു പ്രശ്നവും പരസ്പരം ഉണ്ടായിട്ടില്ല. പലപ്പോഴും ഇത് ഷൂട്ടിങ്ങാണ് എന്ന കാര്യം പോലും ഞങ്ങൾ മറന്നുപോയിട്ടുണ്ട്. അതെല്ലാം ഈ ടീമിന്റെ ഗുണമാണ്. സൗഹൃദങ്ങൾ പരിമിതമായി സംഭവിക്കാറുള്ള സിനിമ മേഖലയിൽ നിന്നുള്ള ഞങ്ങളുടെ എല്ലാവരുടെയും വീടും പശ്ചാത്തലവും എല്ലാവർക്കും അറിയാം എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. എന്നാൽ അതിൽ കയറി ഇടപെട്ട് കാര്യങ്ങൾ കുളമാക്കുകയില്ല. എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടാകും, അത് തിരിച്ചറിയുമ്പോഴും തമാശ കളിച്ച് നിൽക്കാറില്ല, അതിനനുസരിച്ച് സീരിയസായി സംസാരിച്ച് ഒരു പോംവഴിയുണ്ടാക്കാനേ നോക്കാറുള്ളൂ. അത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്ന സമയത്ത് അതുവച്ച് ഞങ്ങൾ പരസ്പരം കളിയാക്കാറുമില്ല. ഒരാളുടെ പേഴ്സണൽ ട്രാജഡി കോമഡിയാക്കാൻ ഞങ്ങൾ ശ്രമിക്കാറുമില്ല, അത് സാഡിസമാണ്.