വിഖ്യാത സംവിധായകൻ ഇനാരിറ്റു അനുരാഗ് കശ്യപിനെ ഹോളിവുഡ് ചിത്രത്തിലേക്ക് വിളിച്ചുവെന്ന വാർത്ത പങ്കുവെച്ച് സംവിധായകൻ നിതിലൻ സ്വാമിനാഥൻ. മഹാരാജ കണ്ടിട്ടാണ് ഇനാരിറ്റു അനുരാഗ് കശ്യപിനെ വിളിച്ചതെന്നും സംവിധായകൻ പറഞ്ഞു. അനുരാഗ് കശ്യപ് സാറിന്റെ കടുത്ത ഫാനാണ് താൻ. ഈ അടുത്ത് അനുരാഗ് കശ്യപിന്റെ മകളുടെ കല്യാണത്തിന് ബോംബെയിൽ പോയപ്പോഴാണ് അദ്ദേഹം ക്ഷണം കിട്ടിയ വിവരം തന്നോട് പറഞ്ഞത്. അത് കേട്ടപ്പോൾ ഒരുപാട് സന്തോഷമായെന്ന് ഗലാട്ട നക്ഷത്ര അവാർഡ് വേദിയിൽ നിതിലൻ സ്വാമിനാഥൻ പറഞ്ഞു.
നിതിലൻ സ്വാമിനാഥൻ പറഞ്ഞത്:
അനുരാഗ് കശ്യപ് സാറിന്റെ കടുത്ത ഫാനാണ് ഞാൻ. അദ്ദേഹത്തിന്റെ ഒപ്പം ജോലി ചെയ്ത ഓരോ നിമിഷവും ഗൗരവവും സന്തോഷമുള്ളതുമായിരുന്നു. ഈ അടുത്ത് അദ്ദേഹത്തിന്റെ മകളുടെ കല്യാണ ചടങ്ങിന് ബോംബെയിൽ പോയിരുന്നു. ഇനാരിറ്റു തന്നെ അഭിനയിക്കായി വിളിച്ചു എന്ന് അനുരാഗ് സാർ എന്നോട് പറഞ്ഞു. അദ്ദേഹം മഹാരാജ കണ്ടതുകൊണ്ടാണ് വിളിച്ചതെന്നും പറഞ്ഞു. അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്.
കഴിഞ്ഞ വർഷം റിലീസായ ഏറ്റവും മികച്ച തമിഴ് ചിത്രങ്ങളിൽ ഒന്നായിരുന്നു മഹാരാജ. വിജയ് സേതുപതി നായകനായി എത്തിയ ചിത്രം തിയറ്ററിലെ ഒടിടി റിലീസിലും മികച്ച അഭിപ്രായമാണ് നേടിയത്. ചിത്രത്തിൽ അനുരാഗ് കശ്യപാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. സെൽവം എന്ന കഥാപാത്രമായാണ് അനുരാഗ് കശ്യപ് എത്തിയത്. വിജയ് സേതുപതി നായകനായി 100 കോടി ക്ലബ്ബിൽ എത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു മഹാരാജ. സേതുപതിയുടെ അമ്പതാമത് ചിത്രമായിരുന്നു മഹാരാജ. കേരളത്തിൽ നിന്ന് മാത്രം 8 കോടി രൂപയാണ് ചിത്രം നേടിയത്.
അതേ സമയം കഴിഞ്ഞ ഡിസംബറിൽ ചിത്രം ചൈനയിൽ റിലീസ് ചെയ്തിരുന്നു. ചൈനീസ് റിലീസിലും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. 2024 നവംബർ 29-ന് ചൈനയിൽ റിലീസ് ചെയ്ത ചിത്രം 40,000 സ്‌ക്രീനുകളിലാണ് പ്രദർശിപ്പിച്ചത്. റിലീസിനെത്തി വെറും മൂന്ന് ദിവസം കൊണ്ട് 25 കോടി രൂപയാണ് ചിത്രം ചൈനയിൽ നിന്ന് മാത്രമായി നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഒരു തമിഴ് ചിത്രം ചൈനീസ് ബോക്സ് ഓഫീസിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡും മഹാരാജ സ്വന്തമാക്കിയിരുന്നു.