മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കളങ്കാവൽ'. ചിത്രത്തിന്റെ പേരും മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്കും പുറത്തു വന്നതിന് പിന്നാലെ സോഷ്യൽ മീഡിയിലുണ്ടായ അനക്കം അത്ര ചില്ലറയല്ല. എന്താണ് 'കളങ്കാവൽ' എന്നും ആ പേരിന് പിന്നിലെ ഐതീഹ്യവുമെല്ലാം സെക്കന്റ് നേരം കൊണ്ടാണ് സോഷ്യൽ മീഡിയ കണ്ടെത്തി മുന്നിലിട്ടത്. സിഗരറ്റ് കടിച്ചു പിടിച്ച ആ മമ്മൂട്ടി ഭാവം സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു. ഇതുവരെ കാണാത്തൊരു മമ്മൂട്ടിയെ കളങ്കാവലിൽ കാണാൻ പറ്റുമോയെന്ന ചോദ്യത്തിന് അടുത്ത കാലത്തായുള്ള മമ്മൂട്ടി ഭാവങ്ങളുടെയും പ്രകടനങ്ങളുടെയും തുടർച്ച ഈ ചിത്രത്തിലും ഉണ്ടാകുമെന്ന മറുപടിയാണ് സംവിധായകൻ ജിതിൻ കെ ജോസ് തരുന്നത്. ആദ്യ സംവിധാന ചിത്രം തന്നെ മമ്മൂട്ടിയെ നായകനാക്കി മമ്മൂട്ടി കമ്പനിയുടെ ബാനറിൽ. സ്വപ്നതുല്യമെന്ന് വിശേഷിപ്പിക്കുന്ന തന്റെ ആദ്യ സിനിമയായ കളങ്കാവലിന്റെ വിശേഷത്തെക്കുറിച്ച് ജിതിൻ കെ ജോസ് ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
പേര് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ എന്താണ് ഈ പേരിന് അർത്ഥം എന്ന തരത്തിൽ വലിയ ചർച്ച തന്നെ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു? കണ്ടിരുന്നോ?
കണ്ടിരുന്നു. ഒരുപാട് പേരുടെ പോസ്റ്റുകൾ കണ്ടിരുന്നു. പക്ഷേ ആ പേരിനെക്കുറിച്ച് കൂടുതൽ ഒന്നും ഇപ്പോൾ പറയാൻ സാധിക്കില്ല. ദാരികനും ഭദ്രാകാളി ദേവിയും തമ്മിലുള്ള ഒരു കോൺഫ്ലിക്ട് ആണ് ഈ പേരിന് പിന്നിൽ വരുന്നത്. പ്രത്യക്ഷമല്ലെങ്കിലും പരോക്ഷമായി ഈ പേരുമായി സിനിമയ്ക്ക് ബന്ധമുണ്ട്. ഈ സിനിമയുടെ പേരിനെ സംബന്ധിച്ച് വളരെയധികം ചർച്ചകൾ ഞങ്ങൾ നടത്തിയിരുന്നു. വേറെ ഒന്ന് രണ്ട് പേരും ഞങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരുന്നു. തിരുവനന്തപുരം കന്യാകുമാരി ഭാഗങ്ങളിൽ കണ്ടു വരുന്ന ഒരു ചടങ്ങാണ് കളങ്കാവൽ എന്ന് പറയുന്നത്. ആ ഭാഗത്ത് ഉള്ള ആളുകൾക്ക് ഈ പേരിനെക്കുറിച്ച് കുറച്ചൂ കൂടി മനസ്സിലാക്കാൻ സാധിക്കും. ഞാനും ഈ സിനിമയുടെ കോ-റൈറ്റർ ആയ ജിഷ്ണുവും തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കളങ്കാവലിനെക്കുറിച്ചൊരു സംസാരം ഉണ്ടാവുകയും നമുക്ക് പറ്റിയൊരു പേരാണെല്ലോ ഇതെന്ന് തോന്നുകയും ചെയ്തത്. മമ്മൂക്കയോടും ഈ പേരിനെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹവും താൽപര്യം കാണിച്ചു. പക്ഷേ അതോടൊപ്പം പലർക്കും ഇതൊരു ഏലിയൻ ടൈപ്പ് പേര് ആയിപ്പോകുമോ പ്രേക്ഷകർക്ക് കണക്ട് ആകുമോ എന്ന പേടിയും ഉണ്ടായിരുന്നു. പക്ഷേ ടൈറ്റിൽ അനൗൺസ് ചെയ്തപ്പോൾ തന്നെ ഈ പേരിനെക്കുറിച്ച് ആളുകൾ ചർച്ച ചെയ്യുന്നത് കണ്ടു.
ഇത്രയും ചർച്ചകൾ പ്രതീക്ഷിച്ചിരുന്നോ?
ആ പേരിന് ഇത്രയും റെസ്പോൺസ് വരുമെന്ന് കരുതിയിരുന്നില്ല. ഈ പേര് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നതിൽ കൺഫ്യൂഷൻ ഉണ്ടായിരുന്നു. പക്ഷേ സോഷ്യൽ മീഡിയയിൽ അതൊരു ഡിസ്കഷൻ ആവുകയും കുറേയധികം ആളുകളിലേക്ക് ആ പേര് എത്തുകയും ചെയ്തു. അതിൽ വളരെ സന്തോഷമുണ്ട്.
ത്രില്ലർ ആണോ പടം?
ഒരു ക്രൈം ഡ്രാമയുടെ സ്വഭാവത്തിലുള്ള ചിത്രം തന്നെയാണ് കളങ്കാവൽ. അതിനപ്പുറം കൂടുതൽ കാര്യങ്ങൾ ആ ചിത്രത്തെക്കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ല.
ഭ്രമയുഗത്തിന് ശേഷം ഒരു മമ്മൂട്ടി പടത്തിന്റെ പോസ്റ്റർ പുറത്തു വന്ന് ഏറ്റവും കൂടുതൽ ഡിസ്കഷൻ ഉണ്ടാക്കിയത് കളങ്കാവൽ ആണ്? സിഗരറ്റ് കടിച്ചു പിടിച്ചു നിൽക്കുന്ന മമ്മൂട്ടിയുടെ ആ പോസ്റ്റർ ശരിക്കും ഒരു വില്ലൻ ഭാവം ആണല്ലോ? ആ സ്റ്റിൽ തന്നെ ഫസ്റ്റ് ലുക്ക് ആക്കാനുള്ള തീരുമാനം?
ഈ സിനിമ അനൗൺസ് ചെയ്തതിന് പിന്നാലെ ഈ ചിത്രത്തെക്കുറിച്ചുള്ള ഒരുപാട് സ്പെക്യുലേഷനുകൾ സോഷ്യൽ മീഡിയയിൽ വന്നത് കണ്ടിരുന്നു. നമ്മൾ ആഗ്രഹിച്ചതും അല്ലത്തതുമായ ഒരുപാട് ചർച്ചകൾ ഈ സിനിമയെക്കുറിച്ച് വന്നിട്ടുണ്ട്. അതിൽ നമുക്ക് അഡ്മിറ്റ് ചെയ്യാൻ സാധിക്കുന്നതും അല്ലാത്തതുമായ കാര്യങ്ങളുണ്ട്. അതുമായി ബന്ധപ്പെടുത്തി തന്നെയാണ് മമ്മൂക്കയുടെ ഫസ്റ്റ് ലുക്ക് ഞങ്ങൾ പുറത്തു വിട്ടതും.
എത്രയോ കാലമായി എത്രയോ കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച നടൻ ആണ് മമ്മൂക്ക. പക്ഷേ കുറച്ച് കാലമായി നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത കഥപാത്രങ്ങളും പെർഫോമൻസുകളുമാണ് അദ്ദേഹം നമുക്ക് തുടർച്ചയായി തന്നു കൊണ്ടിരിക്കുന്നത്. അതിന്റെയൊരു തുടർച്ച തീർച്ചയായും കളങ്കാവലിലും ഉണ്ടായിരിക്കും.
മമ്മൂട്ടി - വിനായകൻ കോംമ്പോ?
കാസ്റ്റിംഗിൽ പല ചോയിസുകളിലൂടെയും ചർച്ചകളിലൂടെയും നമ്മൾ കടന്നു പോയിട്ടുണ്ട്. മമ്മൂക്ക ആദ്യം മുതൽക്കേ ഈ പ്രൊജക്ടിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് പ്രൊജക്ട് ഓൺ ആയത് തന്നെ. മമ്മൂക്ക തന്നെയാണ് വിനായകൻ എന്ന പേര് നിർദേശിക്കുന്നതും. അത് ഞങ്ങൾക്കും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞങ്ങൾ അദ്ദേഹത്തെ ഈ കഥയുമായി സമീപിച്ചത്. കഥ കേട്ടിട്ട് താൽപര്യം തോന്നിയാണ് അദ്ദേഹം ഈ പ്രൊജക്ടിലേക്ക് വരുന്നതും.
ആദ്യ സംവിധാനം തന്നെ മമ്മൂട്ടി ചിത്രം, എങ്ങനെ അതിലേക്ക് എത്തി?
കുറച്ചൊരു നീണ്ട പ്രോസസ്സ് ആയിരുന്നു അത്. ഈ പ്രൊജക്ട് വർക്ക് ചെയ്ത് വന്നപ്പോൾ തന്നെ ഇത് മമ്മൂക്ക ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നിയിരുന്നു. നമ്മുടെയൊക്കെ ആഗ്രഹമാണ് മമ്മൂക്കയെവെച്ച് ഒരുപടം ചെയ്യണമെന്നത്. അത് നടക്കാൻ പോകുന്നു എന്നൊരു സന്തോഷം ഉറപ്പായും ഉണ്ടായിരുന്നു. പൃഥ്വിരാജ് സുകുമാരൻ, വിവേക് രാമദേവൻ തുടങ്ങിയവരുമായി നടത്തിയ ആദ്യഘട്ട ചർച്ചകൾക്കൊടുവിലാണ് ഞങ്ങൾ മമ്മൂക്കയിലേക്ക് എത്തുന്നത്. ആന്റോ ചേട്ടനും (ആന്റോ ജോസഫ്) അതിന് വേണ്ടി സഹായിച്ചിരുന്നു. കഥ കേട്ടപ്പോൾ മമ്മൂക്ക താൽപര്യം കാണിച്ചു. ആദ്യമായി സിനിമ ചെയ്യാൻ വരുന്നവർക്കെല്ലാം അവരുടെ കഥയിലൊരു ആത്മവിശ്വാസം ഉണ്ടാകുമല്ലോ, അതെപ്പോഴും ശരിയാവണമെന്നില്ല. പക്ഷേ മമ്മൂക്കയ്ക്ക് ഈ കഥയിൽ ഒരു വിശ്വാസം തോന്നി. അങ്ങനെയാണ് അദ്ദേഹം കളങ്കാവൽ ചെയ്യാൻ തയ്യാറായത്. പ്രൊജക്ട് ചെയ്യാനുള്ള പ്ലാനിംഗ് നടക്കുന്നതിനിടെയിലുണ്ടായ ചർച്ചകൾക്ക് ഇടയിലാണ് മമ്മൂട്ടി കമ്പനി തന്നെ ഈ ചിത്രം നിർമിക്കാം എന്ന് അറിയിക്കുന്നത്. അത് കൂടി ആയപ്പോഴേക്കും ഞങ്ങൾ കൂടുതൽ ഹാപ്പി ആയി.
ആദ്യമായി മമ്മൂട്ടിക്ക് ആക്ഷൻ പറഞ്ഞ നിമിഷം?
തീർത്തും സ്വപ്നതുല്ല്യമായ ഒരു നിമിഷമായിരുന്നു അത്. മമ്മൂക്കയ്ക്ക് ആക്ഷൻ പറയുക എന്നത് സ്വപ്നമായിരുന്നു. ആ നിമിഷത്തെ എങ്ങനെയാണ് മറ്റൊരാൾക്ക് മനസ്സിലാകുന്ന തരത്തിൽ പ്രകടിപ്പിക്കുക എന്ന് എനിക്ക് ഇന്നും അറിയില്ല. ആദ്യ ഷോട്ടിന് മുമ്പ് ഒരുപാട് ടെൻഷനുണ്ടായിരുന്നു, അതിനെക്കാൾ ഉപരി എക്സൈറ്റ്മെന്റും. പക്ഷേ അതികം താമസിക്കാതെ തന്നെ ടെൻഷൻ വിട്ടു പോയി, പകരം പിന്നീട് മുഴുവൻ ഒരുതരം എക്സൈറ്റ്മെന്റ് ആയിരുന്നു. അത്തരത്തിൽ ആയിരുന്നു മമ്മൂക്ക ഞങ്ങളോട് സഹകരിച്ചത്. അതുപോലെ തന്നെയാണ് അദ്ദേഹം അത് പെർഫോം ചെയ്തതും. നമ്മൾ ആ കഥാപാത്രത്തിന് വേണ്ടി പ്രതീക്ഷിച്ചതിലും മികച്ച പെർഫോമൻസ് ആണ് മമ്മൂക്ക തന്നത്. ഒരു കഥാപാത്രം മമ്മൂക്ക ചെയ്യുന്നു എന്നു പറയുമ്പോൾ തന്നെ ആ കഥാപാത്രത്തിലേക്കും ആ സിനിമയിലേക്കും ഒരു എക്സ് ഫാക്ടർ ആഡ് ആവുകയാണല്ലോ. അത് നമുക്ക് അനുഭവിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം.
മമ്മൂട്ടി - വിനായകൻ, എങ്ങനെയാണ് അവരുടെ പെർഫോമൻസുകളെ ജിതിൻ ജഡ്ജ് ചെയ്യുന്നത്?
കഥാപാത്രത്തെക്കുറിച്ചുള്ളൊരു കോൺസെപ്റ്റുമായിട്ടായിരിക്കും നമ്മൾ സെറ്റിലേക്ക് ചെല്ലുക. കഥാപാത്രങ്ങൾക്ക് വേണ്ടി വളരെയധികം ഇൻപുട്സ് തരുന്ന ആളുകളാണ് മമ്മൂക്കയും വിനായകൻ ചേട്ടനും. നമ്മൾ ഒരു സീൻ എടുക്കുന്നതിന് മുമ്പേ തന്നെ അതെന്താണെന്ന് മനസ്സിലാക്കി അതിലേക്ക് അതിന്റേതായ തരത്തിൽ അവർ കോൺട്രിബ്യൂട്ട് ചെയ്യാറുണ്ട്. രണ്ട് പേരും രണ്ട് തരത്തിലാണ് കഥാപാത്രങ്ങളെ ഓപ്പറേറ്റ് ചെയ്യുന്നത്. അത് വളരെ ഇന്ററസ്റ്റിംഗ് ആണ്. വളരെ ഡീറ്റെയ്ൽഡ് ആയിട്ടുള്ള തിരക്കഥയായിരുന്നു നമ്മുടേത്. അതിനോട് ചേരുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് അവർ തന്നുകൊണ്ടിരുന്നത്. എത്രയോ എക്സ്പീരിയൻസുള്ള ആർട്ടിസ്റ്റുകളാണ് അവർ. അത്രത്തോളം ചെറിയ കാര്യങ്ങളിൽ പോലും വളരെ ഡീറ്റെയ്ലിംഗോടെയാണ് അവർ ഇടപെട്ടത്.
എന്ന് വരും കളങ്കാവൽ?
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ എല്ലാം അവസാനഘട്ടത്തിലാണ്. അവസാന മിനുക്ക് പണികളിലാണ് ഞങ്ങൾ ഇപ്പോൾ. റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. എന്തായാലും അധികം താമസിക്കില്ല.