Film News

'നജീബില്‍ നിന്നെ കണ്ടതേയില്ല, പകരം നിന്നിലെ നടനെയാണ് കണ്ടത് ' ; ആടുജീവിതത്തെയും പൃഥ്വിരാജിനെയും പ്രശംസിച്ച് ഇന്ദ്രജിത് സുകുമാരൻ

ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ ആടുജീവിതത്തെ പ്രശംസിച്ച് നടനും സഹോദരനുമായ ഇന്ദ്രജിത് സുകുമാരൻ. സ്നേഹത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും ക്ഷമയുടെയും ഫലമാണ് ആടുജീവിതമെന്നും നജീബില്‍ പൃഥ്വിരാജിന് പകരം അദ്ദേഹത്തിലെ നടനെയാണ് കണ്ടതെന്നും ഇന്ദ്രജിത് കുറിച്ചു. "ബെന്യാമിൻ ഇല്ലായിരുന്നെങ്കില്‍ നജീബിന്‍റെ ജീവിതം ഒരുപക്ഷേ ലോകം അറിയുമായിരുന്നില്ല. നിങ്ങളുടെ തൂലികയിലൂടെ അത് വെളിച്ചത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി". എഴുതപ്പെട്ട ഒരു ക്ലാസിക് ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്നത് എളുപ്പമുള്ള പണിയല്ല. ബ്ലെസിക്ക് പുസ്തകങ്ങളോടും സിനിമയോടുമുള്ള അവസാനമില്ലാത്ത സ്നേഹമാണ് ഇത് സാധ്യമാക്കിയതെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇന്ദ്രജിത് കുറിച്ചു.

ഇന്ദ്രജിത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം :

ആടുജീവിതം - സ്നേഹത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ക്ഷമയുടെയുമൊക്കെ ഫലം! എഴുതപ്പെട്ട ഒരു ക്ലാസിക് ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്നത് എളുപ്പമുള്ള പണിയല്ല. ബ്ലെസി, പുസ്തകങ്ങളോടും സിനിമയോടുമുള്ള നിങ്ങളുടെ അവസാനമില്ലാത്ത സ്നേഹമാണ് ഇത് സാധ്യമാക്കിയത്. സ്വന്തം കിരീടത്തിലേക്ക് ഏറ്റവും തിളക്കമുള്ള ഒരു തൂവല്‍ കൂടി നിങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ബെന്യാമിന്‍, പുസ്തകം വായിച്ചതിന് ശേഷം അന്ന് നമ്മള്‍ തമ്മില്‍ സംസാരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്‍‌ ഇല്ലായിരുന്നെങ്കില്‍ നജീബിന്‍റെ ജീവിതം ഒരുപക്ഷേ ലോകം അറിയുമായിരുന്നില്ല. നിങ്ങളുടെ തൂലികയിലൂടെ അത് വെളിച്ചത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി.

ഇനി രാജുവിനോട്, നിന്നെക്കുറിച്ച് എന്തെഴുതണമെന്ന് എനിക്കറിയില്ല. ആ താരത്തിളക്കത്തിനപ്പുറത്ത്, സ്വതന്ത്രമായും ഉയരത്തിലും പറക്കാനാഗ്രഹിച്ചിരുന്ന ഒരു നടന്‍ നിന്നില്‍ എപ്പോഴും ഉണ്ടായിരുന്നത് എനിക്കറിയാമായിരുന്നു. അതിനുള്ള അവസരം പക്ഷേ എപ്പോഴും കിട്ടില്ല. അത്തരമൊന്ന് നിനക്ക് കിട്ടി, നീയത് ഇരുകൈയും നീട്ടി സ്വീകരിച്ചു, ആ കഥാപാത്രത്തിലേക്ക് നീ ആഴ്ന്നിറങ്ങി. നജീബില്‍ നിന്നെ കണ്ടതേയില്ല. പകരം നിന്നിലെ നടനെയാണ് കണ്ടത്. നജീബിനെ നീ ഉള്ളിലേക്ക് എടുത്ത രീതി ഇഷ്ടപ്പെട്ടു. ശബ്ദത്തിന്‍റെ ഉപയോഗവും വികാരങ്ങളുടെ സൂക്ഷ്‍മമായ പ്രകടനങ്ങളുമൊക്കെ ഇഷ്ടപ്പെട്ടു. അതിനായി നീ കടന്നുപോയ ദുര്‍ഘടങ്ങളൊന്നും ഇവിടെ പറയുന്നില്ല. സ്ക്രീനില്‍ നജീബായി മാറിയതിന് അഭിനന്ദനങ്ങള്‍. റസൂല്‍ പൂക്കുട്ടി, എ ആര്‍ റഹ്‍മാന്‍, സുനില്‍ കെ എസ്, പ്രശാന്ത് മാധവ്, രഞ്ജിത്ത് അമ്പാടി അങ്ങനെ ഓരോ മേഖലയിലും മികച്ച വര്‍ക്ക് ആണ് ആടുജീവിതം. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.

മാർച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ട്രാൻസ്ഫോമേഷനും അഭിനയത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും വേഗത്തിൽ അൻപത് കോടി നേടുന്ന മലയാള ചിത്രമായി ആടുജീവിതം മാറി. ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം നേടിയത് 5.44 കോടി രൂപയാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം'. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT