മാർക്കോ ഹിറ്റാകുമെന്ന് ഉറപ്പായിരുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് മാർക്കോ. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ 100 കോടി കടന്ന ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. മലയാളത്തിലെ നടന്മാർ ഇതുവരെ ചെയ്യാത്ത അത്രയും ആക്ഷൻ മാർക്കോ എന്ന ചിത്രത്തിന് വേണ്ടി ചെയ്യാൻ താൻ തയ്യാറായിരുന്നുവെന്നും ചിത്രം ഹിറ്റാകുമെന്ന ഉറപ്പ് തനിക്കുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ ഗോള്‍ഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഉണ്ണി മുകുന്ദൻ പറഞ്ഞത്:
മാർക്കോ ഹിറ്റ് അടിക്കുമെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. മലയാളത്തിലെ നടൻമാർ ഇതുവരെ ചെയ്യാത്ത അത്രയും ആക്ഷൻ ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. മാർക്കോയ്ക്ക് മുന്നേ വന്ന ആക്ഷൻ സിനിമകൾക്ക് മുകളിൽ തന്നെ ചെയ്യണം എന്നായിരുന്നു ആഗ്രഹവും. അതിൽ എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. മിനിമം ഗ്യാരന്റി കഥയും ഉണ്ടായിരുന്നതുകൊണ്ട് മാർക്കോ ഹിറ്റ് അടിക്കും എന്നതിൽ സംശയമില്ലായിരുന്നു.
അതേ സമയം മാർക്കോയുടെ ഹിന്ദി പതിപ്പിന് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരുൺ ധവാൻ ചിത്രം ബേബി ജോണിന്റെ സ്ക്രീൻ കൗണ്ടുകൾ പോലും സ്വന്തമാക്കിയാണ് മാർക്കോ ഹിന്ദിയിൽ മുന്നേറുന്നത്. മാർക്കോയുടെ ഹിന്ദി പതിപ്പ് മാത്രം 10 കോടിയിലധികം നേടിയെന്നാണ് പല ട്രേഡ് അനലിസ്റ്റുകളും വ്യക്തമാക്കുന്നത്. കേരള ബോക്സ് ഓഫീസിൽ മാത്രം 40 കോടിയിലധികം രൂപയാണ് മാർക്കോ നേടിയത്. തമിഴ്, തെലുങ്ക് തുടങ്ങിയ പതിപ്പുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും മാർക്കോയിൽ അണിനിരന്നിട്ടുണ്ട്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.