ജി സുരേഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞ ആ പ്രൊഡ്യൂസർ താൻ അല്ലെന്ന് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ നിർമാതാക്കളിലൊരാളായ അജിത് തലപ്പിള്ളി. മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സിനിമയിലെ സംയുക്ത സംഘടനകൾ ചേർന്ന് വാർത്ത സമ്മേളനം നടത്തിയത് അടുത്തിടെയാണ്. പ്രസ്സ് മീറ്റിൽ വീടും കാറും വിറ്റ് ഒരു സിനിമയെടുത്ത ഒരു നിർമാതാവ് ഇപ്പോൾ വിറകുപുരയിലാണ് താമസിക്കുന്നത് എന്ന ജി സുരേഷ് കുമാറിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർചകൾക്ക് വഴി വച്ചിരുന്നു. പിന്നാലെ അത്രയും വലിയ കടക്കെണിയിലേക്ക് പോയ ആ നിർമാതാവ് ആരെന്ന തിരച്ചിലിന് ഒടുവിൽ സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പേരാണ് സോഷ്യൽ മീഡിയയിൽ ആകെ ഉയർന്നത്. ഇതോടൊപ്പം ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ പങ്കുവച്ച കുറിപ്പും പുറത്തു വന്നിരുന്നു. എന്നാൽ ജി സുരേഷ് കുമാർ പ്രസ്സ് മീറ്റിൽ പറഞ്ഞ നിർമാതാവ് താൻ അല്ലെന്നും നിർമാതാവ് ഗോകുലം ഗോപാലൻ സഹായിച്ചിരുന്നില്ലായിരുന്നെങ്കിൽ അത്തരം ഒരു അവസ്ഥയിലേക്ക് തനിക്ക് പോകേണ്ടി വന്നേനെയെന്നും അജിത് തലപ്പിള്ളി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സുരേഷ് കുമാർ പ്രസ്സ് മീറ്റിൽ പറഞ്ഞയാൾ ഞാൻ അല്ല
ജി സുരേഷ് കുമാർ പറഞ്ഞ ആ പ്രൊഡ്യൂസർ ഞാൻ അല്ല. പക്ഷേ അതിലും മോശം അവസ്ഥയിൽ ഞാൻ ആയേനെ. ഈ പറഞ്ഞയാൾക്ക് തൊഴുത്ത് എങ്കിലും ഉണ്ട് അത് പോലും എനിക്ക് ഇല്ലാണ്ട് ആയേനെ. നാലുകോടി മുതൽ മുടക്കിൽ പടം തീർക്കാം എന്ന് സമ്മതിച്ചു തന്നെയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന പടം തുടങ്ങിയത്. പക്ഷെ അതിൽ ഒന്നും പടം നിൽക്കാതെ വന്നപ്പോൾ ഈ പറഞ്ഞത് പോലെ തൊഴുതു പോലും ഇല്ലാത്ത അവസ്ഥയിലേക്ക് ഞാൻ പോകുമായിരുന്നു. അങ്ങനെ ആകാതിരുന്നതിന് കാരണം ഗോകുലം മൂവീസ് ആണ്. പടം ചെയ്തു തീർക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ഞങ്ങൾ അവരുമായി സംസാരിക്കുകയും ഡിസ്ട്രിബൂഷൻ അവർ ഏറ്റെടുക്കുകയും നമുക്ക് പോരാത്ത തുക തന്നു സഹായിക്കുകയും ചെയ്തു അങ്ങനെയാണ് ആ പടം ചെയ്തു തീർക്കാൻ പറ്റിയത്.
രതീഷ് ബാലകൃഷ്ണ പൊതുവാളിന് സിൽവർ ബ്രോമൈഡ് എന്ന പേരിൽ ഒരു കമ്പനി ഉണ്ടായിരുന്നു. വിവേക് ഹർഷൻ, രതീഷ്, ജയകൃഷ്ണൻ എന്നിവർ ചേർന്ന് നടത്തുന്ന കമ്പനിയാണ്. അവരാണ് ഈ പ്രൊജക്ടുമായി എന്നെ സമീപിച്ചത്. ലാഭം കിട്ടുകയാണെങ്കിൽ ഒരു ഷെയർ അവർക്ക് കൊടുക്കാം എന്ന വ്യവസ്ഥയിൽ ആണ് പടം തുടങ്ങിയത്. രതീഷിനു പ്രതിഫലവും ലാഭത്തിന്റെ 30 ശതമാനവും കൊടുക്കണം, അതായിരുന്നു കരാർ. അതുകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ പ്രൊഡ്യൂസറുടെ പേരിൽ അവരുടെ പേര് വന്നിരിക്കുന്നത്. ശരിക്കും കോ പ്രൊഡക്ഷനിൽ അവസാനം വന്നത് ഗോകുലം ആണ്.
4 കോടിയിൽ നിന്ന് ബഡ്ജറ്റ് എങ്ങനെ 20 കോടി ആയി
4 കോടി ബഡ്ജറ്റിൽ തുടങ്ങിയ പടം ആണ് ഇത്. പക്ഷേ ഇതിന് ബഡ്ജറ്റ് ഇട്ടിട്ടുണ്ടായിരുന്നില്ല. 4 കോടിക്ക് സിനിമ തീർക്കും എന്ന് പറഞ്ഞു പയ്യന്നൂർ പോയിട്ടാണ് അവർ ഈ സിനിമയുടെ കഥയൊക്കെ എഴുതുന്നത്. കഥയെഴുതിക്കൊണ്ടിരിക്കുമ്പോൾ തന്നെ അഡ്വാൻസ് കൊടുക്കലും മറ്റും കഴിഞ്ഞിരുന്നു. 45 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു ചിത്രത്തിന് വേണ്ടി പറഞ്ഞിരുന്നത്. ആ സമയത്ത് നമ്മൾ എല്ലാ അറേഞ്ച്മെന്റ്സും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പടം ചെയ്തു തുടങ്ങി പത്തിരുപതു ദിവസം കഴിഞ്ഞപ്പോൾ നമ്മൾ പറഞ്ഞ ബഡ്ജറ്റിന് അപ്പുറം പോയി. കലാസംവിധാനത്തിനൊക്കെ ഒരുപാട് പണം ചെലവായി. ആദ്യം 45 ദിവസം ഷൂട്ട് എന്ന് പറഞ്ഞത് ഷൂട്ട് തുടങ്ങാറായപ്പോൾ 75 ദിവസം എന്നായി. അത് കഴിഞ്ഞ് അത് 110 ദിവസത്തിലേക്ക് പോയി. അങ്ങനെ ചെലവ് ഒട്ടും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വന്നു. ചെലവ് നിയന്ത്രിക്കാൻ സംവിധായകൻ ഒരു നടപടിയും സ്വീകരിച്ചില്ല. പടം തുടങ്ങുന്നതുവരെയേ സംവിധായകൻ നമ്മളോട് ആശയവിനിമയം നടത്തൂ, പടം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ നമുക്ക് പ്രൊഡക്ഷൻ കൺട്രോളറോടെ സംസാരിക്കാൻ പറ്റൂ. പടം പകുതി ആയിട്ട് പിന്നെ നിർത്താൻ കഴിയില്ലല്ലോ അതുകൊണ്ട് എങ്ങനെയെങ്കിലും പടം പൂർത്തിയാക്കിയേ മതിയാകൂ. മൂന്നു പടം സൂപ്പർ ഹിറ്റ് ആക്കിയ സംവിധായകൻ ആണല്ലോ ആ ഒരു വിശ്വാസത്തിൽ ആണ് പടം ചെയ്യാൻ തീരുമാനിച്ചത്. വലിയ സ്റ്റാർ കാസ്റ്റ് ഇല്ലെങ്കിൽ പോലും പടം വിജയിക്കുമല്ലോ എന്ന് കരുതി. കോസ്റ്റ് സംവിധായകൻ വിചാരിച്ചാൽ പിടിച്ചു നിർത്താൻ കഴിയുമായിരുന്നു. കലാസംവിധാനത്തിലും ഡേറ്റിന്റെ കാര്യത്തിലും ശ്രദ്ധിച്ചിരുന്നെങ്കിൽ അഞ്ചാറ് കോടി രൂപ കുറയ്ക്കാമായിരുന്നു.
വീണപ്പോൾ കൈ പിടിച്ച് കൂടെ നിന്നവർ
ശരിക്കും പടം നിന്നുപോകുന്ന അവസ്ഥയിൽ എത്തിയപ്പോൾ എന്നെ രക്ഷിക്കാൻ വന്ന ദൈവം ആണ് ഗോകുലം മൂവീസ് എന്നേ എനിക്ക് പറയാൻ കഴിയൂ. അവർ പണം തന്നു സഹായിച്ചിട്ടാണ് പടം തീർക്കാൻ കഴിഞ്ഞത്. എടുത്തു പറയേണ്ടത് കൃഷ്ണമൂർത്തി, സുജിത്ത് എന്നിവരുടെ പേരുകളാണ്. അവർ വന്ന് എന്നെ വളരെയധികം സഹായിച്ചു. അവരുടെ സഹായം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഓസ്‌ട്രേലിയയിൽ ഉള്ള ഷിബു എന്നൊരു വ്യക്തി ഉണ്ട് അദ്ദേഹവും പണം തന്നു സഹായിച്ചിരുന്നു. അങ്ങനെ എല്ലാവരും കൂടി സഹായിച്ചിട്ടാണ് പടം തീർത്തത്. അങ്ങനെയാണ് പടം തീയറ്ററിൽ എത്തിക്കാൻ കഴിഞ്ഞത്. പക്ഷേ പടം തീയറ്ററിൽ ഒരു ദുരന്തമായി മാറി. മുടക്കിയ പണം ഒന്നും തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക നഷ്ടം നന്നായിട്ടുണ്ടല്ലോ, അവർ സഹായിച്ചതുകൊണ്ട് തൊഴുത്തിൽ കിടക്കേണ്ട അവസ്ഥ വന്നില്ല. ആ ഇരുപത് കോടിയും കടം വാങ്ങിയാണ് ഞാൻ ആ സിനിമ ചെയ്തിരുന്നത് എങ്കിൽ ഞാൻ ചിലപ്പോൾ പെട്ടുപോയേനെ. തൃശ്ശൂർ രാഗത്തിലെ സുനിലേട്ടന്റെ കയ്യിൽ നിന്ന് നമ്മൾ പണം വാങ്ങിയിരുന്നു. ഇതുവരെ അദ്ദേഹം അത് നമ്മളോട് തിരിച്ചു ചോദിച്ചിട്ടില്ല. ഇനി അടുത്തൊരു സിനിമ ചെയ്യുമ്പോഴേക്കും ഇതെല്ലാം മാറും എന്ന് വിചാരിക്കുന്നു.
ഈ സിനിമ പരാജയം ആയപ്പോൾ ഞാൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പരാതി കൊടുത്തിരുന്നു. മീറ്റിംഗ് വിളിച്ചപ്പോൾ ഞാൻ എന്റെ നഷ്ടത്തിന്റെ കാര്യം പറഞ്ഞു അപ്പോൾ രതീഷ് പറഞ്ഞത് ഇവരുടെ നഷ്ടം നികത്താൻ എന്റെ കയ്യിൽ പണം ഇല്ല എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നത് ചെയ്യാം എന്നാണ്.
സംവിധായകൻ ടിനു പാപ്പച്ചൻ ഇന്നലെ വിളിച്ചിരുന്നു. ടിനു എന്റെ വളരെ അടുത്ത സുഹൃത്താണ്. ഞാൻ ടിനുവുമായി ചെയ്ത അജഗജാന്തരം വളരെ നന്നായി വന്ന ഒരു പടമാണ്. ടിനു പാപ്പച്ചനുമായി അജഗജാന്തരം 2 ചെയ്യാനിരിക്കുകയാണ്. ടിനു വിളിച്ച് നമുക്ക് പെട്ടെന്ന് തന്നെ പടം ചെയ്യാം എന്ന് പറഞ്ഞു. അജഗജാന്തരത്തിന്റെ രണ്ടാം ഭാഗം ചെയ്യുന്നതിൽ സന്തോഷമേ ഉള്ളൂ. ഇന്നലെ ഒരുപാട്പേര് വിളിച്ചിരുന്നു. ഗോകുലം മൂവീസും എന്നെ ഇന്നലെ വിളിച്ച് വേണ്ട സഹായങ്ങൾ ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്. സിനിമയോടുള്ള പാഷൻ കൊണ്ട് നിൽക്കുന്ന ആളാണ് ഞാൻ അത് അവർക്കെല്ലാം അറിയാം. ഒരു പടം ചെയ്യാൻ മുന്നോട്ട് വരുന്ന നിർമ്മാതാവിനെ കടക്കെണിയിൽ ആക്കുന്ന പ്രവണത സിനിമയ്ക്ക് ഗുണം ചെയ്യുമോ എന്ന് ചെയ്യുന്നവർ ചിന്തിക്കേണ്ട കാര്യമാണ്. പണം മുടക്കുന്നവർ പറയുന്നത് കേൾക്കാനുള്ള ഒരു മാനസികാവസ്ഥ എങ്കിലും ഇവരൊക്കെ കാണിക്കണം എന്ന് മാത്രമേ പറയാനുള്ളൂ.
ഒടിടി
ഈ സിനിമയുടെ ഒടിടി അവകാശം നമ്മൾ ഗോകുലത്തിനാണ് കൊടുത്തിട്ടുള്ളത്.. ഒടിടിയും സാറ്റ്ലൈറ്റും അവർക്കാണ് അവകാശം. അതിന്റെ ഒടിടി റിലീസിന്റെ കാര്യം അതുകൊണ്ട് തന്നെ അവരാണ് തീരുമാനിക്കേണ്ടത്.