'ഡീയസ് ഈറേ എല്ലാവരും കണ്ടില്ലേ, പൊളിച്ചിട്ടില്ലേ ഇയാൾ?', 'കളങ്കാവൽ' എന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ ജിബിൻ ഗോപിനാഥിനെ ചേർത്തുപിടിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണിത്. അതേ, കണ്ണൂർ സ്‌ക്വാഡ്, കിഷ്കിന്ധാ കാണ്ഡം, ഡീയസ് ഈറേ, കളങ്കാവൽ... ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ തനിക്ക് കിട്ടുന്ന ഓരോ കഥാപാത്രത്തെയും മികവുറ്റ രീതിയിൽ അവതരിപ്പിച്ചുകൊണ്ടുള്ള ജിബിൻ ഗോപിനാഥിന്റെ യാത്ര തുടരുകയാണ്. ഇപ്പോഴിതാ വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അരസനി'യിലൂടെ തമിഴിലും ജിബിൻ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുന്നു ജിബിൻ ഗോപിനാഥ്.
അരസനിലേക്ക്
അരസനിൽ നല്ലൊരു കഥാപാത്രം ലഭിച്ചിരിക്കുകയാണ്. അതിൽ വലിയ സന്തോഷം. വെട്രിമാരൻ സാറിന്റെ ടീമിൽ നിന്ന് നേരിട്ട് വിളിക്കുകയായിരുന്നു. കോൾ വന്നയുടൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് നേരെ പോയി സെറ്റിൽ ജോയിൻ ചെയ്യുകയായിരുന്നു. അവിടെ ചെന്നപ്പോൾ വലിയൊരു സ്വീകരണം തന്നെ ലഭിക്കുകയും ചെയ്തു. ഇപ്പോൾ ഒരാഴ്ചത്തോളം ഷൂട്ട് ചെയ്ത ശേഷം ഞാൻ ഇന്ന് തിരികെ എത്തിയതേയുള്ളൂ.
'വെട്രിമാരൻ സിനിമ'യുടെ ഭാഗമാകുമ്പോൾ
ഒരു വെട്രിമാരൻ ചിത്രം, ആദ്യ തമിഴ് സിനിമയായി ചെയ്യാൻ കഴിയുക എന്നത് ഒരു ഭാഗ്യമല്ലേ. അദ്ദേഹത്തെ അടുത്ത് കാണുക എന്നത് പലരുടെയും സ്വപ്നമാണ്. എനിക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചു എന്ന് അറിഞ്ഞ പലരും 'ഒരു ദിവസം സെറ്റിലേക്ക് വരട്ടെ' എന്ന് ചോദിച്ചു. അങ്ങനെയുള്ളിടത്താണ് എനിക്ക് ഇങ്ങനെ ഒരു ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഞാൻ ഇപ്പോഴും അതിന്റെ ഒരു എക്സൈറ്റ്മെന്റിലാണ്. ആ കിക്കിൽ നിന്ന് ഞാൻ ഇതുവരെ മാറിയിട്ടില്ല.
കഥാപാത്രത്തെക്കുറിച്ച്...
ആ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കില്ല. എന്നാൽ സിമ്പു സാർ ഉൾപ്പെടെയുള്ള പ്രധാന കഥാപാത്രങ്ങൾക്കൊപ്പം കോംബിനേഷൻ സീനുകൾ ഉള്ള കഥാപാത്രമാണ് എന്റേത്. എന്റെ ആദ്യ ഷോട്ട് തന്നെ സിമ്പു സാറിനൊപ്പമായിരുന്നു.
ആദ്യമായി തമിഴിൽ അഭിനയിക്കുമ്പോൾ
തമിഴിൽ അഭിനയിക്കാൻ പോകുക എന്ന് പറയുമ്പോൾ തന്നെ ഒരു ടെൻഷൻ ഉണ്ടായിരുന്നു. ഒന്നാമത് വെട്രിമാരൻ സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്ന് പറയുന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ കാര്യമാണ്. അങ്ങനെ ഒരു അവസരം ലഭിക്കുമ്പോൾ ഒരു ടെൻഷൻ തോന്നുമല്ലോ. അതുപോലെ വെട്രിമാരൻ സാറിന്റെ സിനിമകൾ ഇപ്പോഴും റോ ആണല്ലോ. സിനിമകളിലെ ഡയലോഗുകളും അങ്ങനെയാണ്. അതിന്റെ ടെൻഷൻ ഉണ്ടായിരുന്നു.
തമിഴ് ചിത്രത്തിനായുള്ള മുന്നൊരുക്കങ്ങൾ
സത്യം പറഞ്ഞാൽ തയ്യാറെടുപ്പുകൾക്ക് സമയം ലഭിച്ചില്ല. കോൾ വന്നയുടൻ പോയി അഭിനയിക്കുകയായിരുന്നു. തമിഴ് ശരിയാക്കാൻ ഒരാഴ്ച മുന്നൊരുക്കങ്ങൾ വേണമെന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ പറഞ്ഞതിൽ നിന്ന് അഞ്ച് ദിവസം മുമ്പേ ഷൂട്ട് തുടങ്ങി. അങ്ങനെ ആ പ്ലാൻ എല്ലാം പാളി. പക്ഷേ വെട്രിമാരൻ സാർ ഭയങ്കര കൂൾ ആയിട്ടാണ് നമ്മളെ ഡീൽ ചെയ്യുന്നത്. സാർ മാത്രമല്ല, മുഴുവൻ ടീമും കൂൾ ആയിട്ടാണ് ഡീൽ ചെയ്തത്. അതിനാൽ ആ ടെൻഷൻ മാറി.
വെട്രിമാരനിലേക്ക്
കിഷ്കിന്ധാ കാണ്ഡം, ഡീയസ് ഈറേ, കളങ്കാവൽ എന്നീ സിനിമകളിലെ എന്റെ പ്രകടനങ്ങൾ കണ്ടിഷ്ടപ്പെട്ടത് കൊണ്ടാണ് വെട്രിമാരൻ സാർ ഈ സിനിമയിലേക്ക് എന്നെ ക്ഷണിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. അതിൽ ഏറെ അഭിമാനമുണ്ട്. വെട്രിമാരൻ സാർ എന്നെ പിക്ക് ചെയ്തു എന്നത് ഒരു അംഗീകാരമായാണ് കാണുന്നത്.
നന്ദി, ഒപ്പം ചേർത്തുപിടിച്ചവർക്ക്
വെട്രിമാരൻ സാറിന്റെ കണ്ണിൽ ഞാൻ പെടാൻ കാരണം മലയാളത്തിൽ ചെയ്ത വർക്കുകളാണ്. അത് എനിക്ക് നൽകിയ എന്റെ പ്രിയപ്പെട്ട സംവിധായകർ തന്നെയാണ് ഈ നേട്ടത്തിന് കാരണം. രാഹുൽ സദാശിവൻ, ജിതിൻ കെ. ജോസ്, ദിൻജിത്ത് അയ്യത്താൻ, മമ്മൂട്ടി കമ്പനി, സുനിൽ ഇബ്രാഹിം... ഇവരോടൊക്കെയാണ് നന്ദി പറയാനുള്ളത്. ഒരു ഫോൺ കോളിനപ്പുറം ഇവരെല്ലാം എനിക്കൊപ്പമുണ്ട്.
അടുത്ത സിനിമകൾ
ജൂഡ് ആന്തണി ജോസഫിന്റെ 'തുടക്കം' ആണ് എന്റെ അടുത്ത വലിയ റിലീസ്. വിസ്മയ മോഹൻലാലിനൊപ്പം ജൂഡ് ആന്തണി ജോസഫ് ഒരു സിനിമ ചെയ്യുമ്പോൾ അതൊരു മോശം സിനിമയാകില്ലല്ലോ. 'തുടക്കം' ഒരു നല്ല സിനിമയായിരിക്കും. ആ ചിത്രത്തിലും ഒരു ശ്രദ്ധേയമായ വേഷമാണ് ചെയ്തിരിക്കുന്നത്.