Film News

'ചുരുളി മനസിലാകാത്തവര്‍ക്കാണ് തെറി പ്രശ്‌നം'; ഗീതി സംഗീത

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയിലെ തെറി സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു. സിനിമയുടെ പ്രമേയവും മറ്റും ചര്‍ച്ചയാവുന്നതിന് പകരം ചുരുളിയൊരു തെറി പടമാണെന്ന രീതിയിലാണ് ചര്‍ച്ചകള്‍ കൂടുതലും നടന്നത്. എന്നാല്‍ ചുരുളി എന്ന സിനിമ മനസിലാവാത്തവര്‍ക്കാണ് തെറിയൊരു പ്രശ്‌നമാവുന്നതെന്ന് നടി ഗീതി സംഗീത ദ ക്യുവിനോട് പറഞ്ഞു.

സിനിമ കണ്ടവര്‍ക്ക് ചുരുളിയെന്താണെന്ന് മനസിലായി കഴിഞ്ഞു. ബാക്കിയുള്ളവര്‍ തര്‍ക്കിക്കുന്നത് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ക്ലിപ്പുകള്‍ കണ്ടിട്ടാണ്. എന്തുകൊണ്ടാണ് ചുരുളിയില്‍ അത്തരമൊരു ഭാഷ വന്നുവെന്ന് അറിയാന്‍ സിനിമ മുഴുവനായും കാണമെന്നും ഗീതി അഭിപ്രായപ്പെട്ടു.

ഗീതി സംഗീത പറഞ്ഞത്:

'സിനിമ ശരിക്കും മനസിലാക്കിയിട്ടില്ലെന്നാണ് അതില്‍ നിന്ന് വ്യക്തമാകുന്നത്. ആദ്യം തര്‍ക്കിച്ച ആളുകള്‍ ഇപ്പോള്‍ അത് മാറ്റി പറഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നത് വലിയ കാര്യമാണ്. കാരണം അവര്‍ സിനിമയെന്താണെന്ന് മനസിലാക്കി കഴിഞ്ഞു. മറ്റുള്ളവര്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ക്ലിപ്പുകള്‍ കണ്ടാണ് വിമര്‍ശിക്കുന്നത്. അല്ലാതെ സിനിമ കണ്ടിട്ടല്ല. ആ ഭാഗം മാത്രം കണ്ടിട്ട് അതാണ് സിനിമ എന്ന ധാരണയിലാണ് അവര്‍ സംസാരിക്കുന്നത്. എന്തുകൊണ്ട് ചുരുളിയില്‍ അത്തരമൊരു ഭാഷ വന്നു. ആ കഥാപാത്രങ്ങള്‍ എന്താണ്. അവര്‍ ജീവിക്കുന്ന സാഹചര്യമെന്താണ്. അവര്‍ കുറ്റവാളികളാണോ അതോ മാന്യന്‍മാരായ മനുഷ്യരാണോ. ഇതെല്ലാം ഉള്‍ക്കൊണ്ടാണ് ഈ സംസാരം വരുന്നത്. ആ പാലത്തിന് മുന്നേ ഇതേ ആളുകള്‍ തന്നെ വളരെ മാന്യമായാണ് പെരുമാറുന്നത്. പക്ഷെ പാലം കടക്കുമ്പോള്‍ അവര്‍ സംസാരിക്കുന്നത് വേറൊരു രീതിയിലാണ്. നാട്ടില്‍ കൊടും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ള ആളുകള്‍ പോയി താമസിക്കുന്ന സ്ഥലമാണത്. അവടെ അവരെ ചോദ്യം ചെയ്യാന്‍ ആരുമില്ല. അവടെ അവര്‍ക്ക് എങ്ങനെ വേണമെങ്കിലും ജീവിക്കാം. അങ്ങനെ ഒരു സാഹചര്യത്തിലാണ് ആ കഥാപാത്രങ്ങള്‍ അത്തരത്തില്‍ സംസാരിക്കുന്നത്. ഈ ഭാഷയെ കുറിച്ച് മാത്രം സംസാരിക്കാതെ സിനിമയിലെ മറ്റ് കാര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാണ് സിനിമയിലെ അഭിനേത്രി എന്ന നിലയില്‍ എനിക്ക് പറയാനുള്ളത്.'

ചുരുളിയില്‍ പെങ്ങള്‍ തങ്ക എന്ന കഥാപാത്രത്തെയാണ് ഗീതി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രം കൂടിയാണ് പെങ്ങള്‍ തങ്ക. നിയമങ്ങളില്ലാത്ത ഒരു പ്രദേശത്ത് നിയമപാലകരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പിടികിട്ടാപ്പുള്ളിയെ തേടിയെത്തുമ്പോള്‍ അവരുടെ ആ നാടിന്റെ രീതികള്‍ക്കൊത്ത് മാറുന്നതാണ് ചുരുളിയുടെ പ്രമേയം. രാജ്യാന്തര മേളകളില്‍ കയ്യടി നേടിയ ചുരുളി സോണി ലിവ് വഴിയാണ് സ്ട്രീം ചെയ്യുന്നത്.

വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന കഥയെ ആധാരമാക്കിയാണ് ചുരുളി ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷാണ് തിരക്കഥ. മധു നീലകണ്ഠനാണ് ക്യാമറ. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

SCROLL FOR NEXT