വിണ്ണൈ താണ്ടി വരുവായാ' എന്ന ഹിറ്റ് ചിത്രം നിരസിച്ചത് തെലുങ്കിലെ രണ്ട് പ്രധാന നടന്മാരാണെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. തെലുങ്ക് നടന്‍ മഹേഷ് ബാബുവിന് വേണ്ടി എഴുതിയ കഥയാണ് വിണ്ണൈ താണ്ടി വരുവായാ എന്ന സിനിമയുടേത്. എന്നാല്‍ കഥയില്‍ ആക്ഷനില്ല എന്ന് പറഞ്ഞ് മഹേഷ് ബാബു നിരസിക്കുകയായിരുന്നു. അല്ലു അര്‍ജുനോടും കഥ പറഞ്ഞിരുന്നു. ആക്ഷന്‍ ഇല്ലാത്തതുകൊണ്ട് സിനിമ വര്‍ക്കാകില്ല എന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്. പിന്നീട് രണ്ട് പുതുമുഖങ്ങളെ വെച്ച് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായിരുന്നു. അപ്പോഴാണ് ചിമ്പുവിലെക്കും തൃഷയിലേക്കും കാസ്റ്റിംഗ് മാറ്റിയത് എന്ന് മദന്‍ ഗൗരിക്ക് നല്‍കിയ പോഡ്കാസ്റ്റില്‍ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
മമ്മൂട്ടി നായകനായി എത്തുന്ന 'ഡൊമിനിക്ക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്' ആണ് ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞത്:
ആദ്യം ഒരു പുതുമുഖ നടനെയും നടിയെയും വെച്ച് ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ് 'വിണ്ണൈ താണ്ടി വരുവായാ'. സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റുകള്‍ എല്ലാം ചെയ്തിരുന്നു. തെലുങ്ക് നടന്‍ മഹേഷ് ബാബുവിന് വേണ്ടി എഴുതിയ കഥയാണ് വിണ്ണൈ താണ്ടി വരുവായാ. മഹേഷ് ബാബുവിന്റെ സഹോദരി മഞ്ജുള ഒരു നിര്‍മ്മാതാവാണ്. ഹൈദരാബാദിലിരുന്ന് 7 ദിവസം കൊണ്ടാണ് സിനിമയുടെ കഥ പൂര്‍ത്തിയാക്കിയത്. കഥ നല്ലതാണ്, പക്ഷെ ആക്ഷന്‍ ഇല്ല എന്ന് പറഞ്ഞാണ് മഹേഷ് സിനിമ വേണ്ടെന്നു വച്ചത്. നമ്മള്‍ രണ്ടുപേരും ചേര്‍ന്ന് സിനിമ ചെയ്യുന്നു എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ വേറെ എന്തെങ്കിലും ഒന്നാകും പ്രതീക്ഷിച്ചു വരിക, അതുകൊണ്ട് മറ്റൊരു കഥ ചെയ്യാം എന്നും മഹേഷ് പറഞ്ഞു. ഞാനും അതിന് ഓക്കേ പറഞ്ഞു.
പക്ഷെ എനിക്കൊരു പ്രശ്‌നം ഉള്ളത് എന്താണെന്ന് വെച്ചാല്‍ എഴുതിയാല്‍ അത് അടുത്ത ദിവസം തന്നെ ഷൂട്ട് ചെയ്യണം. ഹീറോയ്ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും അടുത്ത ദിവസം തന്നെ ഷൂട്ടിംഗ് സ്റ്റാര്‍ട്ടിങ് ചെയ്യണം. അല്ലു അര്‍ജുനോടും ഈ കഥ പറഞ്ഞിരുന്നു. ആക്ഷന്‍ ഇല്ലാത്തതുകൊണ്ട് വര്‍ക്ക് ഔട്ട് ആവില്ല എന്നാണ് അല്ലു അര്‍ജുനും എന്നോട് പറഞ്ഞത്. അതുകൊണ്ട് ഇവിടെ തിരിച്ചുവന്ന് രണ്ടു പുതിയ അഭിനേതാക്കളെ കൊണ്ട് ഞാന്‍ ഷൂട്ടിംഗ് തുടങ്ങി. പിന്നീടാണ് ചിമ്പുവില്‍ എത്തുന്നത്.