വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ധ്രുവനച്ചത്തിരം ഏറെ കാലമായി റിലീസ് തടസങ്ങൾ നേരിടുന്ന ചിത്രമാണ്. 2017 ൽ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം പല കാരണങ്ങളാൽ റിലീസ് തീയതികൾ മാറ്റിവെച്ച് ഇനിയും പുറത്തിറക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. ചിത്രത്തിന് നേരിട്ട പ്രശ്നങ്ങളിൽ ഇൻഡസ്ട്രിയിലെ ആരും സഹായിച്ചില്ല എന്ന പരാമർശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. ചിത്രത്തിന് നേരിട്ട പ്രതിസന്ധികളെ കുറിച്ച് വളരെ ചുരുക്കം പേർ ഒഴിച്ച് ആരും അന്വേഷിച്ചിട്ടില്ല. മറ്റൊരു സിനിമയ്ക്കും നേരിടാത്ത പ്രശ്‌നമല്ല ധ്രുവനച്ചത്തിരവും നേരിട്ടത്. ഇപ്പോഴും സിനിമയ്ക്ക് ലഭിക്കുന്ന ഹൈപ്പാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മദൻ ഗൗരിക്ക് നൽകിയ അഭിമുഖത്തിൽ ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.
ഗൗതം മേനോൻ പറഞ്ഞത്:
ധ്രുവനച്ചത്തിരം സിനിമയുടെ റിലീസ് നടക്കാതായപ്പോൾ ആരും വിളിച്ച് അന്വേഷിച്ചിട്ടില്ല. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ പോലും ആരും ശ്രമിച്ചിട്ടില്ല. ആർക്കും പ്രശ്നം എന്താണെന്ന് അറിയില്ല. ആ സിനിമയുടെ കാര്യമല്ലാതെ പൊതുവെ പറഞ്ഞാലും ഇൻഡസ്ട്രി അങ്ങനെ തന്നെയാണ്. ഒരു സിനിമ നന്നായി വന്നാൽ, അങ്ങനെ സംഭവിച്ചോ എന്ന് ചോദിക്കുന്നതല്ലാതെ ആർക്കും അതിൽ സന്തോഷമില്ല. ഈ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ സിനിക്കലാണോ എന്ന് മാത്രമേ ആളുകൾ ചിന്തിക്കൂ. പക്ഷെ ഇൻഡസ്ട്രിയിൽ സംഭവിക്കുന്നത് അതാണെന്നുള്ളതാണ് സത്യം. ആരും കെയർ ചെയ്യില്ല. വളരെ കുറച്ചു പേർ മാത്രമേ അങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുള്ളു.
താനു സാർ മാത്രമാണ് ഈ വിഷയത്തിന് ശേഷം എന്നെ നിരന്തരം വിളിച്ച് കാര്യങ്ങൾ ചോദിച്ചത്. എന്താണ് സംഭവിച്ചത്? ഞാൻ ആരോടെങ്കിലും സംസാരിക്കണോ എന്നെല്ലാം അദ്ദേഹം ചോദിച്ചിട്ടുണ്ട്. അതുകൂടാതെ ലിംഗുസാമിയും സിനിമയുടെ പ്രശ്നത്തെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്. അവരും സിനിമ കണ്ട് ആളുകളോട് സമ്സരിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ അവർക്കും അവരുടേതായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമല്ലോ. ഇതൊരു റോക്കെറ്റ് സയൻസ് ഒന്നുമല്ല. മറ്റു സിനിമകൾക്ക് നേരിട്ട പ്രശ്നങ്ങൾക്ക് അപ്പുറമായി ഒന്നും സിനിമയ്ക്ക് നേരിട്ടിട്ടില്ല. നിങ്ങൾ ഈ സിനിമ നിർമ്മിച്ചതാണ് കുഴപ്പം എന്ന് പലരും പറഞ്ഞു. ഞാനല്ല ആ സിനിമയുടെ നിർമ്മാതാവ്.
കുറെയധികം സ്റ്റുഡിയോകൾക്ക് ഞാൻ ഈ സിനിമ കാണിച്ചു കൊടുത്തു. അവർ പുറമെ അഭിപ്രായം ചോദിക്കുമ്പോൾ ഈ സിനിമയ്ക്ക് മറ്റ് പല കുഴപ്പങ്ങൾ ഉണ്ടെന്നാണ് പുറത്തു നിന്നുള്ള ആളുകൾ അവരോട് പറയുന്നത്. ഇത്രയും കാലം സിനിമയ്ക്ക് ലഭിച്ച ഹൈപ്പാണ് ഇപ്പോഴും മുന്നോട്ട് പോകാൻ എന്നെ സഹായിക്കുന്നത്. അല്ലെങ്കിൽ ഇപ്പോൾ കിട്ടിയിട്ടുള്ള തിരിച്ചടികൾ എനിക്ക് താങ്ങാനാകില്ല. സിനിമയുടെ റിലീസ് എന്ന് പറയുമ്പോൾ തന്നെ ഒരു ആകാംക്ഷ പ്രേക്ഷകരിൽ നിലനിൽക്കുന്നുണ്ട്. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.