Film News

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

നിഖില വിമൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘പെണ്ണ് കേസ്’ റിലീസിന് ഒരുങ്ങുകയാണ്. ഈ സിനിമ ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ ഫെബിൻ സിദ്ധാർഥ് പറയുന്നു. 2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പാണ് ഈ സിനിമയ്ക്ക് പ്രചോദനമായതെന്നും ഫെബിൻ വ്യക്തമാക്കി. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ നാട്ടിൽ സ്ഥിരമായി കേൾക്കുന്ന പെണ്ണ് കേസല്ല ഇത്. ഒരു പെണ്ണ് ഒരു കേസിൽ പ്രതിയാകുമ്പോൾ നൽകാൻ കഴിയുന്ന പേരാണ് ഇത്. അങ്ങനെയാണ് ഈ പേര് സിനിമയ്ക്ക് നൽകിയത്. ഒരു യഥാർത്ഥ സംഭവത്തെ പശ്ചാത്തലമാക്കിയാണ് ഈ സിനിമയുടെ ആലോചനകൾ ആരംഭിക്കുന്നത്. 2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പാണ് സിനിമയ്ക്ക് പ്രചോദനം. ഇത് ഒരു കോമഡി ചിത്രമാണോ എന്ന് ചോദിച്ചാൽ സിറ്റുവേഷണൽ കോമഡിയാണ്. ഒപ്പം ഇതൊരു ഇമോഷണൽ ഡ്രാമയുമാണ്,’ ഫെബിൻ സിദ്ധാർഥ് പറഞ്ഞു.

അതേസമയം, ‘പെണ്ണ് കേസ്’ ജനുവരി 10ന് റിലീസ് ചെയ്യുകയാണ്. ഫെബിൻ സിദ്ധാർഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നിഖിലയ്‌ക്കൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, ലാല മലപ്പുറം, ശ്രീരേഖ, അനാർക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഇ4 എക്‌സ്പെരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘പെണ്ണ് കേസ്’ന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷിനോസാണ്. ജ്യോതിഷ് എം., സുനു എ.വി., ഗണേഷ് മലയത്ത് എന്നിവർ സംഭാഷണം എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം അക്ഷയ് കെജ്‌രിവാളും അശ്വതി നടുത്തൊടിയും ചേർന്നാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോദ് രാഘവൻ, സംഗീതം അങ്കിത് മേനോൻ, എഡിറ്റർ ഷമീർ മുഹമ്മദ് എന്നിവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

പ്രകമ്പനത്തിന് ശേഷം സാഗർ സൂര്യയും അമീനും; വരുന്നു കളർഫുൾ എന്റർടെയ്നർ, 'ഡർബി' മാർച്ച് 27ന്

'സീരിയലുകൾക്ക് നിലവാരമില്ല, സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്ന പ്രവണത തുടരുന്നു'; വിമർശിച്ച് ജൂറി

ഇറാന്‍ യുദ്ധം നീളുമോ? ഭരണം അട്ടിമറിക്കാന്‍ അമേരിക്കക്ക് ആകുമോ? നിര്‍മല്‍ ഏബ്രഹാം അഭിമുഖം

ഗംഭീര ട്രാക്കുമായി ഗോപി സുന്ദർ, ഒപ്പം ബി.കെ. ഹരിനാരായണന്റെ വരികളും; ഫെയ്സസിലെ 'ചായങ്ങൾ' എത്തി

പശ്ചിമേഷ്യ സംഘർഷം; ‘ടോക്സിക്’ റിലീസ് നീട്ടി

SCROLL FOR NEXT