Film News

ഫഹദിന്റെ മലയന്‍കുഞ്ഞ് തുടങ്ങി, സജിമോന്‍ സംവിധാനം; തിരക്കഥയും ക്യാമറയും എഡിറ്റിംഗും മഹേഷ് നാരായണന്‍

ഫഹദ് ഫാസില്‍ നായകനാകുന്ന സര്‍വൈവല്‍ ത്രില്ലര്‍ 'മലയന്‍കുഞ്ഞ്' ചിത്രീകരണം കോട്ടയത്ത് തുടങ്ങി. മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന റോളിലുണ്ട്. സംവിധായകന്‍ ഫാസില്‍ ആണ് നിര്‍മ്മാണം

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജിക്ക് ശേഷം കോട്ടയത്ത് ചിത്രീകരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രവുമാണ് മലയന്‍കുഞ്ഞ്. തിരക്കഥക്ക് പുറമേ ക്യാമറ ചലിപ്പിക്കുന്നതും എഡിറ്റിംഗും മഹേഷ് നാരായണനാണ്. മഹേഷ് ആദ്യമായി ഛായാഗ്രാഹകനാകുന്ന സിനിമ കൂടിയാണിത്.

ഈരാറ്റുപേട്ടക്ക് പുറമേ എറണാകുളവും സിനിമയുടെ ലൊക്കേഷനാണ്. ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും, സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഇരുള്‍, ജോജി എന്നീ സിനിമകളാണ് ഫഹദ് ഫാസില്‍ നിലവില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

സാധാരണക്കാരായ കുറച്ചു മനുഷ്യരുടെ ഒരു ചെറിയ കഥ എന്നു പറയാം മലയന്‍ കുഞ്ഞിനെ. ഒരു സര്‍വൈവല്‍ മൂവിയാണിത്.
സജിമോന്‍ പ്രഭാകരന്‍

സജിമോന്‍ ദ ക്യു അഭിമുഖത്തില്‍ മുമ്പ് പറഞ്ഞത്

മഹേഷ് നാരായണനും ഞാനും വളരെക്കാലമായി സുഹൃത്തുക്കളാണ്. കുറച്ചുനാളുകളായി ഫഹദിനെ വച്ച് ഒരു ചിത്രം ചെയ്യണം എന്ന് കരുതി ഇരിക്കുകയായിരുന്നു. ഒന്നു രണ്ട് കഥകള്‍ നോക്കിയെങ്കിലും ഒന്നും വര്‍ക്കൗട്ട് ആയില്ല.അങ്ങനെയിരിക്കെ സീ യു സൂണിന്റെ സമയത്ത് മഹേഷിനോട് നല്ല കഥയുണ്ടെങ്കില്‍ അടുത്ത സിനിമ നിര്‍മ്മിക്കാമെന്ന് ഫഹദ് പറഞ്ഞിരുന്നു. ഫഹദിനെ വച്ച് ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹം എന്റെ മനസ്സിലും ഉണ്ടായിരുന്നു. അങ്ങനെ മഹേഷ് നാരായണന്‍ പറഞ്ഞ കഥ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമാവുകയും അത് ചെയ്യാമെന്ന് തീരുമാനിക്കുകയും ആയിരുന്നു എന്ന് എന്ന് സജിമോന്‍ പറഞ്ഞു.

ഞങ്ങള്‍ മൂന്നുപേരും കൂടിയാണ് ഫാസില്‍ സാറിനെ കാണാന്‍ പോയത്. അദ്ദേഹത്തിന് കഥ ഇഷ്ടമാകുകയും ചിത്രം നിര്‍മ്മിക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തു.അങ്ങനെയാണ് മലയന്‍ കുഞ്ഞ് പിറവിയെടുക്കുന്നത്. ആദ്യ ചിത്രം തന്നെ ഫഹദ് ഫാസിലിനെ നായകനാക്കി, മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ഫാസിലിന്റ നിര്‍മ്മാണത്തില്‍ ആവുക എന്നത് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ്. ഞാന്‍ ഇപ്പോഴും ആദ്യ എക്‌സൈറ്റ്‌മെന്റില്‍ നിന്നും മുക്തനായിട്ടില്ല. എന്നെ സംബന്ധിച്ച് ഇത് വലിയ ഒരു അംഗീകാരമാണ്. ഫഹദ് ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ് ഈ ചിത്രം ചെയ്യാമെന്ന കാര്യം. ആദ്യം ഫഹദ് തന്നെ നിര്‍മ്മിക്കാം എന്നായിരുന്നു. പിന്നീട് കുറേക്കാലമായി ഫഹദിന്റെ മനസ്സിലുള്ള ആഗ്രഹം തുറന്നുപറഞ്ഞു. ഫാസില്‍ സാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കണം. അങ്ങനെയാണ് ഞങ്ങള്‍ കഥയുമായി സാറിന്റെ അടുത്ത പോകുന്നത്

ദ ക്യു/ THE CUE പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദ ക്യു അഭിമുഖത്തില്‍ ഫാസില്‍

കുറച്ചുകാലമായി സിനിമയിലേയ്ക്ക് തിരികെ വരണമെന്ന് കരുതുന്നു. എന്നെ സംബന്ധിച്ച് ഇടവേള വന്നുവെന്ന് പറയുന്നത് അത്ര വലിയ കാര്യമല്ല. കാരണം എന്റെ എല്ലാ ചിത്രങ്ങളും തമ്മില്‍ നല്ല ഗ്യാപ്പുണ്ട്. അതുകൊണ്ട് കുറച്ചുകാലം വിട്ടുനിന്നത് ഒരു പ്രശ്നമായി തോന്നുന്നില്ല. നല്ല തിരക്കുള്ള സമയത്തുപോലും ഞാന്‍ ഇടവേളകള്‍ ഇട്ടാണ് ചിത്രങ്ങള്‍ ചെയ്തിരുന്നത്. പിന്നെ ഇപ്പോള്‍ മലയന്‍കുഞ്ഞ് ചെയ്യുന്നത് നല്ല കഥയായതിനാല്‍ അത് നിര്‍മ്മിക്കാം എന്നുതോന്നി. മഹേഷ് നാരായണനും സജിമോനും ഈ കഥ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ അത് നിര്‍മ്മിക്കാം എന്നു സമ്മതിക്കുകയായിരുന്നു. കുറച്ചുനാളായി നല്ലൊരു കഥ ഞാന്‍ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.അങ്ങനെയാണ് മലയന്‍ കുഞ്ഞിലേയ്ക്ക് എത്തുന്നത്.ഞാന്‍ പണ്ടേ, അതായത് സിനിമയില്‍ വന്ന് ഒരു പത്ത് വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ പ്രൊഡക്ഷനിലേയ്ക്ക് തിരിഞ്ഞിരുന്നു. റാംജിറാവു സ്പീക്കിംഗ് ഞാനും കൂടി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഇറങ്ങി ഒമ്പതാമത്തെ വര്‍ഷമാണ് ആ ചിത്രമിറങ്ങിയത്. പിന്നീട് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടി, ചന്ദ്രലേഖ,ക്രോണിക് ബാച്ച്ലര്‍ തുടങ്ങി നിരവധി പടങ്ങള്‍ പിന്നീട് ഞാന്‍ നിര്‍മ്മിച്ചിട്ടുണ്ട്. സിനിമയെ സംബന്ധിച്ച് ഓരോ വര്‍ഷവും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. സാങ്കേതികമായതടക്കം നിരവധി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെയുള്ളപ്പോള്‍ ഒരു ചിത്രം ചെയ്യാന്‍ ചിലപ്പോള്‍ കുറച്ചധികം സമയം എടുത്തുവെന്നുവരും.

ഇതില്‍ പൂര്‍ണ്ണമായും ഒരു നിര്‍മ്മാതാവിന്റെ വേഷമായിരിക്കും എനിക്ക്. ദൂരെ നിന്ന് വാച്ച് ചെയ്യുന്നൊരാള്‍ മാത്രമായിരിക്കും ഞാന്‍. കാസ്റ്റിംഗടക്കം മറ്റെല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതും ചെയ്യുന്നതും മഹേഷും സജിമോനും ചേര്‍ന്നാണ്. എനിക്ക് അഭിനയിക്കുന്നതിനോട് വിരോധമൊന്നുമില്ല. പക്ഷേ പൂര്‍ണ്ണമായും ഒരു നിര്‍മ്മാതാവെന്ന നിലയില്‍ ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. ഒരു ത്രില്ലര്‍ മൂവിയാണ് മലയന്‍കുഞ്ഞ്. പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ടുള്ളൊരു കഥയാണ് ഇതിന്റേത്. ത്രില്ലര്‍ സിനിമകള്‍ക്ക് എക്കാലത്തും പ്രേക്ഷകര്‍ക്ക് താല്‍പര്യമുള്ളൊരു സംഗതിയാണ്.

Fahadh Faasil's Malayankunju movie shooting

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT