ഫഹദ് ഫാസിൽ താൻ ഏറെ ആരാധിക്കുന്ന നടൻ ആണ് എന്ന് നടി ആലിയ ഭട്ട്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ബ്രൂട്ടിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആലിയ. ഫഹദ് ഫാസിലിന്റെ സിനിമകൾ തനിക്ക് വളരെയധികം ഇഷ്ടമാണ് എന്നും ആവേശം ഏറെ പ്രിയപ്പെട്ട ചിത്രമാണ് എന്നും ആലിയ ഭട്ട് പറഞ്ഞു. ഒപ്പം ഫഹദ് ഫാസിലിനൊപ്പം സിനിമയിൽ സഹകരിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും അഭിമുഖത്തിൽ ആലിയ വെളിപ്പെടുത്തിയിട്ടുണ്ട്.
ആലിയ ഭട്ട് പറഞ്ഞത്:
ഞാൻ വളരെയധികം ആരാധിക്കുന്ന നടൻ ആണ് ഫഹദ് ഫാസിൽ. അദ്ദേഹത്തിന്റെ വർക്കുകൾ എനിക്ക് ഇഷ്ടമാണ്. ഗംഭീര നടൻ ആണ് അദ്ദേഹം. എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ആവേശം. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്.
മുമ്പ് നടൻ രൺബീർ കപൂർ രാജ്കുമാർ റാവൂ അടക്കമുള്ള ബോളിവുഡ് താരങ്ങൾ ഫഹദിന്റെ അഭിനയത്തെ പ്രശംസിക്കുകയും ഒപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. അതേസമയം ബോളിവുഡിലേക്ക് ഫഹദ് ഫാസിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഇംതിയാസ് അലിയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രം ഒരു ലവ് സ്റ്റോറി ആണെന്നാണ് റിപ്പോർട്ടുകൾ. ഇംതിയാസ് അലിയുടെ നിർമാണ കമ്പനിയായ വിൻഡോ സീറ്റ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത് നടി തൃപ്തി ദിമ്രി ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യ്ക്ക് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’ ആണ് ഫഹദിന്റേതായി ഇനി. തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. രു റൊമാന്റിക് കോമഡി ജോണറിലെത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ , കല്ല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൽത്താഫ് സലിം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്. ഫഹദ് ഫാസിലും കല്ല്യാണി പ്രിയദർശനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ഓടും കുതിര ചാടും കുതിര’. ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്