Film News

'ശ്രുതിയുടെ വേദന, ചിന്തിക്കാവുന്നതിനും അപ്പുറം': ജെൻസന്റെ വിയോ​ഗത്തിൽ‌ കുറിപ്പുമായി മമ്മൂട്ടിയും ഫഹദ് ഫാസിലും

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ വിയോ​ഗത്തിൽ അനുശോചിച്ച് നടന്മാരായ മമ്മൂട്ടിയും ഫഹദ് ഫാസിലും. ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും സഹനത്തിന് അപാരമായൊരു ശക്തിശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും ലഭിക്കട്ടെ എന്നും മമ്മൂട്ടി ഫേസ് ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെ അറിയിച്ചു. അതേസമയം കലാവസാനം വരെ നീ ഓർമ്മിക്കപ്പെടും സഹോ​ദരാ എന്നാണ് ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന... ചിന്തിക്കാവുന്നതിനും അപ്പുറമാണ്....സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും. മമ്മൂട്ടി കുറിച്ചു.

എന്തുപകരം നല്‍കിയാലും മതിയാകാത്ത നഷ്ടമാണ് ശ്രുതിക്കുണ്ടായതെന്നും നാട് ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു. ശ്രുതിയുടെയും ജെൻസന്‍റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെയെന്നും അദ്ദേഹം സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി.

പിണറായി വിജയന്റെ പോസ്റ്റ്:

വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരൽമല സ്വദേശി ശ്രുതിക്ക് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായിരിക്കുന്നുവെന്ന വാർത്ത ഏറെ വേദനാജനകമാണ്. ഇന്നലെ കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ശ്രുതിയും ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്‌ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുക. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെ.

ഇന്നലെയാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ യാത്രയായത്. ഇന്നലെ രാത്രിയോടെ ജെന്‍സനെ അവസാനമായി കാണാന്‍ ശ്രുതി എത്തിയിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലാണ് ശ്രുതി. ഇരുവരും കുടുംബാംഗങ്ങൾക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് ജെൻസണ് ​ഗുരുതരമായ പരിക്കേറ്റത്. പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഈ സെപ്റ്റംബറില്‍ ഇരുവരുടെയും വിവാഹം നടക്കാനിരിക്കെയാണ് ഈ അപകടം. അമ്പലവയല്‍ സ്വദേശിയായ ജെന്‍സനെ ഇന്ന് വൈകുന്നേരത്തോടെയാകും സംസ്കരിക്കുക. രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ആണ്ടൂരിലെ വീട്ടിലും ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. വെള്ളാരംകുന്നിലുണ്ടായ റോഡ് അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതും ആന്തരിക രക്തസ്രാവവുമാണ് ജെന്‍സന്‍റെ മരണത്തിന് കാരണമായത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT