രജനികാന്ത്-ടിജെ ജ്ഞാനവേല്‍ ചിത്രം വേട്ടയ്യനിൽ മറ്റൊരു കഥാപാത്രം ചെയ്യുവാനാണ് തന്നെ ക്ഷണിച്ചതെന്ന് നടൻ ഫഹദ് ഫാസിൽ. തിരക്കഥ കേട്ട ശേഷം പാട്രിക്ക് എന്ന കഥാപാത്രം ചെയ്യാമെന്ന് താൻ പറയുകയായിരുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക്‌നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.
വേട്ടയ്യൻ എന്ന സിനിമയിൽ മറ്റൊരു വേഷത്തിലേക്കായിരുന്നു എന്നെ ആദ്യം വിളിച്ചത്. സ്ക്രിപ്റ്റ് കേട്ട ശേഷം ഈ കഥാപാത്രം ഞാൻ ചെയ്യാമെന്ന് പറയുകയായിരുന്നു. ഞാൻ ആയ ചിത്രത്തിലേക്ക് അവസാനനിമിഷമാണ് കടന്നു വന്നത്. അതിനാൽ തന്നെ തിരക്കഥയിൽ മാറ്റങ്ങൾ വരുത്താനും കഥാപാത്രത്തിന് കൂടുതല്‍ സ്‌ക്രീന്‍ടൈം കൊടുക്കാനും അവർക്ക് സമയം കിട്ടിയില്ല. തിരക്കഥ ഡാമേജ് ചെയ്യുവാൻ ഞാനും ആഗ്രഹിച്ചില്ല- ഫഹദ് ഫാസിൽ പറഞ്ഞു.
2024 ഒക്ടോബറിലായിരുന്നു വേട്ടയ്യൻ റിലീസ് ചെയ്തത്. രജനികാന്ത് നായകനായ സിനിമയിൽ ഹ്യൂമർ സ്വഭാവമുള്ള പാട്രിക്ക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഇരുവരെയും കൂടാതെ മഞ്ജു വാര്യർ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.