കുടുംബ പ്രേക്ഷകരുടെ പ്രിയ ചിത്രമായി എന്ന് സ്വന്തം പുണ്യാളൻ രണ്ടാം വാരത്തിലേക്ക്. ത്രില്ലറായെത്തി തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ് 'എന്ന് സ്വന്തം പുണ്യാളൻ'. നവാഗതനായ മഹേഷ് മധുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രം പ്രദർശിപ്പിച്ച കൊച്ചി വനിത വിനീത തിയറ്ററിൽ നടന്മാരായ അർജുൻ അശോകനും ബാലു വർഗീസും സർപ്രൈസ് വിസിറ്റ് നടത്തിയിരുന്നു. ആദ്യ പകുതിക്കിടെ തിയറ്ററിനകത്തേക്ക് എത്തിയ ഇരുവരെയും കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
മലയാളത്തിലും തമിഴിലും ആയി പ്രദർശനത്തിനെത്തിയ ചിത്രമാണ് എന്നു സ്വന്തം പുണ്യാളൻ. സിനിമയുടെ മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് വേർഷനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് ലിഗോ ജോണ് കഴിഞ്ഞ ദിവസം പ്രസ്സ്മീറ്റിൽ പറഞ്ഞിരുന്നു. താൻ അവതരിപ്പിക്കുന്ന തോമസ് എന്ന കഥാപാത്രത്തിന്റെ പാവത്താൻ സ്വഭാവം കാരണം അയാൾ അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളാണ് ചിത്രത്തിൽ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നതെന്നാണ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മുമ്പ് ബാലു വർഗീസ് പറഞ്ഞത്.
അർജുൻ അശോകനും ബാലു വർഗ്ഗീസും അനശ്വര രാജനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ. പ്രായഭേദമെന്യേ എല്ലാ പ്രേക്ഷർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ തൃപ്തിപെടുത്താൻ ചിത്രത്തിന് കഴിയുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചന നൽകുന്നത്.
സാംജി എം ആന്‍റണിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫാ. തോമസ് ചാക്കോ എന്ന പള്ളീലച്ചൻ വേഷത്തിൽ ബാലു മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഒപ്പം അർജുൻ അശോകൻ, അനശ്വര രാജൻ ഇവരുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റാണ്. ബൈജു, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. റെണദീവ് ഒരുക്കിയിരിക്കുന്ന മനോഹരമായ ദൃശ്യങ്ങളും സാം സിഎസിന്‍റെ സംഗീതവും സോബിൻ സോമന്‍റെ ചിത്ര സംയോജനവും അനീസ് നാടോടിയുടെ കലാസംവിധാനവുമൊക്കെ സിനിമയുടെ പ്രധാന ആകർഷണങ്ങളാണ്.