വേഫററിന്റെ ആദ്യ സിനിമ മുതലേ തനിക്ക് നസ്ലനെ അറിയാമെന്നും അന്നുമുതലേ അദ്ദേഹത്തെ വലിയ ഇഷ്ടമാണെന്നും ദുൽഖർ സൽമാൻ. തന്നിലേക്ക് ലോക എത്തുന്നത് ഛായാഗ്രാഹകൻ നിമിഷ് രവിയിലൂടെയാണ്. ചന്തുവിനെയും അരുൺ കുര്യനെയും നേരത്തെ അറിയാമായിരുന്നുവെങ്കിലും അവരൊന്നും ലോക്കയിലെത്തിയത് തന്റെ റെക്കമന്റേഷൻ മൂലമല്ലെന്നും ദുൽഖർ സൽമാൻ പറഞ്ഞു.
ദുൽഖർ സൽമാന്റെ വാക്കുകൾ
ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഞാൻ ലോകയുടെ സെറ്റിലേക്ക് വന്നത്. എഡിറ്റ് കണ്ടുനോക്കിയതും ഒന്നോ രണ്ടോ തവണ മാത്രം. അത്രമാത്രം വിശ്വാസമുള്ള ഒരു ടീമായിരുന്നു ലോകയുടേത്. നസ്ലെൻ വേഫെററിന്റെ ആദ്യ പ്രൊഡക്ഷനായ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലും ഉണ്ടായിരുന്നു. അവനുമായി സമയം ചെലവഴിച്ചാൽ, പിടിച്ച് ബാഗിലിട്ട് കൊണ്ടുപോയാൽ കൊള്ളാമായിരുന്നു എന്ന് തോന്നിപ്പോകും. ഭയങ്കര ക്യൂട്ട് ആണ്. ചന്തുവിനെയും അരുൺ കുര്യനെയും എനിക്ക് നേരത്തെ അറിയാമായിരുന്നുവെങ്കിലും അവരൊന്നും ലോക്കയിലെത്തിയത് എന്റെ റെക്കമന്റേഷൻ മൂലമല്ല.
എന്നിലേക്ക് ലോകയെ എത്തിച്ചതിൽ നിമിഷ് രവിയോട് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. കിംഗ് ഓഫ് കൊത്ത ഷൂട്ട് ചെയ്യുന്ന സമയത്താണ് ഇത്തരത്തിൽ ഒരു പ്ലോട്ട് ഉണ്ട്, ആർക്കും അത് മനസിലാകുന്നില്ല എന്നെല്ലാം നിമിഷ് എന്നോട് പരാതി പറയുന്നത്. അപ്പോൾ ഞാനാണ് അങ്ങോട്ട് ചോദിച്ചത് ഞാനൊരു പ്രൊഡ്യൂസർ കൂടിയാണ്, ആക്ടർ മാത്രമല്ല, ഞാൻ കേട്ടാൽ കുഴപ്പമുണ്ടോ എന്ന്. അങ്ങനെയാണ് ഞാൻ ലോകയിലേക്ക് എത്തുന്നത്. നന്ദി നിമിഷ്. അങ്ങനെ ഈ സിനിമയിൽ വർക്ക് ചെയ്ത ഓരോരുത്തരുടെയും ഉള്ളിൽ ഒരൊറ്റ എയിം മാത്രമായിരുന്നു ഉണ്ടായിരുന്നത്. നല്ലൊരു സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് മാത്രം. അതിൽ ഞങ്ങൾ വിജയിച്ചു എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.