Film News

ദുരനുഭവങ്ങളില്‍ നോ പറയാത്തവരെ കുറ്റപ്പെടുത്തരുത്, എല്ലാവരും വരുന്നത് പ്രിവിലേജുള്ള ഇടങ്ങളില്‍ നിന്നാകില്ല: ദിവ്യപ്രഭ

ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നോ പറയാത്തവരെ കുറ്റപ്പെടുത്തരുതെന്ന് നടി ദിവ്യപ്രഭ. അക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കുക തന്നെ വേണം. പക്ഷെ എല്ലാവരും പ്രതികരിക്കാന്‍ ശേഷിയുള്ള പ്രിവിലേജില്‍ നിന്ന് വരുന്നവരാകില്ല. നോ പറയാത്തവരെ മുന്‍വിധിയോടെ ആവരുത് കാണേണ്ടത്. ധാരാളം സംഘര്‍ഷങ്ങളിലൂടെ ആയിരിക്കും അവര്‍ കടന്നു പോകുന്നത്. ആദ്യ നിമിഷത്തില്‍ നോ എന്ന വാക്കായിരിക്കില്ല മനസ്സിലുണ്ടാകുക. നോ പറയണം എന്ന് പറയാന്‍ എളുപ്പമാണെന്നും ആദ്യ നിമിഷം ഉണ്ടാകുന്നത് ആശയക്കുഴപ്പമാണെന്നും ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിവ്യപ്രഭ പറഞ്ഞു.

ദിവ്യപ്രഭ പറഞ്ഞത്:

നോ പറയേണ്ട ഇടത്ത് അത് പറയാന്‍ ധൈര്യമുള്ള പശ്ചാത്തലത്തില്‍ നിന്നായിരിക്കില്ല പലപ്പോഴും സ്ത്രീകള്‍ വരുന്നത്. അത്രയും പ്രിവിലേജ് ഉള്ള ഇടങ്ങളില്‍ നിന്നായിരിക്കില്ല അവര്‍ വരുന്നത്. എനിക്കുണ്ടായ ദുരനുഭവം വളരെ കുറച്ചു പേരോട് മാത്രമേ അന്ന് തുറന്നു പറയാന്‍ കഴിഞ്ഞുള്ളു. ദുരനുഭവം ഉണ്ടാകുന്ന ആദ്യ നിമിഷം ഉണ്ടാകുന്നത് ആശയക്കുഴപ്പമാണ്. വലിയൊരു ഷോക്കിലായിരിക്കും അപ്പോള്‍. അതും വളരെ അപ്രതീക്ഷിതമായിട്ടായിരിക്കും സംഭവിക്കുക. ആ സമയത്ത് നോ പറയുന്നു എന്നതിനപ്പുറം ഒരുപാട് കാര്യങ്ങള്‍ തലയില്‍ വരും. ട്രോമയാണല്ലോ ആ സംഭവം ഉണ്ടാക്കുന്നത്. അങ്ങനെ ഒരു ദുരനുഭവം ഉണ്ടായപ്പോള്‍ എനിക്കും നോ പറയാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ ആ ഒരു പ്രശ്‌നത്തിന് ശേഷം വളരെ ശ്രദ്ധയോടെയാണ് നിന്നിട്ടുള്ളത്. പ്രിവിലേജ് കുറഞ്ഞ ഇടങ്ങളില്‍ നിന്ന് വരുന്നവരെക്കുറിച്ച് നമ്മള്‍ ആലോചിക്കണം. നോ പറയണം എന്ന് പറയാന്‍ എളുപ്പമാണ്. ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കുക തന്നെയാണ് വേണ്ടത്. നോ പറയാത്തവരെ മുന്‍വിധിയോടെയല്ല കാണേണ്ടത്. അവരെ കുറ്റപ്പെടുത്തുകയും ചെയ്യരുത്.

കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റാണ് ദിവ്യപ്രഭയുടെ ഏറ്റവും പുതിയ ചിത്രം. സിനിമ സെപ്റ്റംബര്‍ 21 ന് കേരളത്തില്‍ റിലീസ് ചെയ്യും. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃധു ഹാറൂണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയന്‍ ഗ്രാഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.തെലുങ്ക് നടന്‍ റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷന്‍ ബാനറായ സ്പിരിറ്റ് മീഡിയയാണ് ഇന്ത്യയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ വിതരണാവകാശം സ്വന്തമാക്കിയത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT