സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം കണ്ടവരൊന്നും വാപ്പയെ മറക്കില്ല. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും സാമൂഹ മാധ്യമങ്ങളിൽ ഇന്നും വാപ്പായെക്കുറിച്ചുള്ള ചർച്ചകൾ വരാറുണ്ട്. അഭിനേതാവെന്ന നിലയിൽ കെടിസി അബ്ദുള്ളയ്ക്ക് ബ്രേക്ക് നൽകിയ സിനിമയാണ് സുഡാനി എന്ന ചിത്രവും അതിലെ വാപ്പ എന്ന കഥാപാത്രവും. ഇന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തിനെക്കുറിച്ച് പറഞ്ഞു കൊണ്ട് തനിക്ക് മെസേജ് വരാറുണ്ടെന്നും അതെല്ലാം കാണുമ്പോൾ അദ്ദേഹത്തെ തനിക്ക് മിസ്സ് ചെയ്യാറുണ്ടെന്നും സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കരിയ ക്യു വിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സക്കരിയ പറഞ്ഞത്:
കെടിസി അബ്ദുള്ളാക്കയുടെ കഥാപാത്രത്തിന് തുടക്കം മുതലേ മറ്റു ഓപ്ഷൻസ് വെച്ചിട്ടില്ലായിരുന്നു. സിനിമ തീരുമാനിച്ച് ഒരു വർഷം മുമ്പു തന്നെ അബ്ദുള്ളാക്കയെ പോയി കണ്ടു കഥ പറഞ്ഞു ഉറപ്പിച്ചിരുന്നു. അവിടം മുതൽ തുടങ്ങിയ ബന്ധമാണ് അദ്ദേഹവുമായി. ഷൂട്ടിംഗിനു വരുമ്പോ സൗബിൻ അബ്ദുള്ളാക്കയെ കളിയാക്കി പറയും. നിങ്ങൾ എന്ത് കോഴിക്കോട്ടുകാരനാണ് ഷൂട്ടിംഗിനു വരുമ്പോ എന്തെങ്കിലുമൊക്കെ കോഴിക്കോടൻ പലഹാരങ്ങളൊക്കെ കൊണ്ട് വരേണ്ടേ എന്ന്. അടുത്ത തവണ വന്നപ്പോൾ എല്ലാവർക്കും ഒരു വലിയ പാത്രം നിറയെ ഉന്നക്കായ് കൊണ്ടാണ് അദ്ദേഹം വന്നത്. അന്നാണെങ്കിൽ സൗബിന് ഷൂട്ട് ഇല്ലാത്ത ദിവസമായിരുന്നു. അബ്ദുള്ളാക്കയ്ക്ക് വിഷമമായി. അബ്ദുള്ളാക്കക്കു ഷൂട്ട് ഇല്ലാത്ത ദിവസമായിട്ട് പോലും സൗബിനും കൂടെയുള്ള ഒരു ദിവസം നോക്കി വീണ്ടും ഉന്നക്കായ് കൊടുത്തയച്ചു. അബ്ദുള്ളക്ക അഭിനയിക്കാൻ വന്നാൽ ശരിക്കും ബാപ്പ കുറേ ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതു പോലെയാണ്. പുത്യാപ്ല വന്നു എന്നാണ് സമീർക്ക കളിയാക്കി പറയുക. 40 വർഷത്തിലധികമായി ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ മാനേജരായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ അടുത്ത് പ്രേം നസീറിന്റെ കാലം മുതലുള്ള കഥകൾ ഉണ്ടാവും. അത് പറയിപ്പിക്കലാണ് ഇടവേളകളിൽ നമ്മുടെ ഹരം. സിനിമ കഴിഞ്ഞും ഞങ്ങൾ ബന്ധം തുടർന്നു. വർഷങ്ങളായി IFFI ഗോവ ഫെസ്റ്റിവലിൽ സാന്നിധ്യമായിരുന്ന അബ്ദുള്ളാക്കയ്ക്ക് ലോക സിനിമകളെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു. എന്നെ ഇടക്കിടെയ്ക്ക് വിളിച്ചു, സിനിമ അയക്കേണ്ട ഫെസ്റ്റിവലുകൾ, രാജ്യങ്ങൾ ഒക്കെ പറഞ്ഞു തരും. മറന്നു പോകരുതെന്ന് ഓർമിപ്പിക്കും. കുറെ നേരം സംസാരിക്കും, നമ്മളെ കുറിച്ചും സുഡാനിയിലെ അനുഭവത്തെ കുറിച്ചും പോകുന്നിടത്തൊക്കെ സംസാരിക്കും. ഒരിക്കൽ പിവി ഗംഗാധരൻ സർ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞത്, നിങ്ങൾ ഞങ്ങളുടെ അബ്ദുള്ളാക്കയെ ‘സ്റ്റാർ ‘ ആക്കി. ആ സന്തോഷം അറിയിക്കാനാണ് വിളിച്ചത് എന്നാണ്.
അബ്ദുള്ളാക്ക ഇന്നു നമ്മുടെ കൂടെയില്ല. ദിവസവും എന്ന കണക്കിൽ അബ്ദുള്ളാക്കയുടെ കഥാപാത്രത്തെ കുറിച്ച് ഒരു മെസ്സേജ് എങ്കിലും വരാതിരിക്കില്ല. അപ്പോഴൊക്കെ അബ്ദുള്ളാക്കയെ എനിക്ക് മിസ്സ് ചെയ്യും. അബ്ദുള്ളക്കയുടെ മകൻ ഗഫൂർക്കയുടെ മാനാഞ്ചിറ CSI കോംപ്ലക്സ് ലെ ‘ഹോളി ഷൂസ്’ ഫൂഡ് വെയറിൽ ഇടയ്ക്കൊക്കെ പോകും. പുതിയ സിനിമകൾ വരുമ്പോൾ അറിയിക്കും. എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടെങ്കിൽ വാട്സ് ആപ്പിൽ അറിയിക്കും. എന്റെ മോളെ ഒന്നാം ക്ലാസ്സിൽ ചേർത്തപ്പോ ഷൂ വാങ്ങാൻ ഞങ്ങൾ അവിടെയാണ് പോയത്. അതെന്റെ ഒരാഗ്രഹമായിരുന്നു. അവിടുന്നു തന്നെ ഷൂ വാങ്ങാനുള്ള കാരണവും എന്റെ ‘സുഹൃത്ത് ‘അബ്ദുള്ളാക്കയെ കുറിച്ചും ഞങ്ങൾ മോളോടു പറഞ്ഞു കൊടുത്തു. വാപ്പച്ചിക്കു ഇത്രേം വയസായ ഫ്രെണ്ടോ എന്ന കൗതുകത്തിൽ ആയിരുന്നു മോള്. അബ്ദുള്ളാക്കയുമായുള്ള സൗഹൃദം അദ്ദേഹമില്ല എന്നു കരുതി അവസാനിപ്പിക്കാനാവുന്നതല്ല.