സുമതി വളവ് എന്ന സിനിമ ഒരിക്കലും ഒറ്റയ്ക്ക് പോയി കാണരുത് എന്ന് സംവിധായകൻ വിഷ്ണു ശശി ശങ്കർ. ഒറ്റയ്ക്കല്ല, ഫാമിലിയായി പോയി കണ്ടാലേ ആ ഫീൽ ലഭിക്കുകയുള്ളൂ. ഇത് എല്ലാതരം പ്രേക്ഷകർക്കും വേണ്ടിയുള്ള സിനിമയാണ്. വീട്ടമ്മമാരെ സന്തോഷിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിഷ്ണു ശശി ശങ്കർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
വിഷ്ണു ശശി ശങ്കറിന്റെ വാക്കുകൾ
മാളികപ്പുറം കഴിഞ്ഞതിന് ശേഷം നമുക്ക് ഒരുപാട് വീട്ടമ്മമാർ ആരാധകരായും ഫോളോവേഴ്സായും കിട്ടിയിട്ടുണ്ട്. സുമതി വളവിലൂടെയും ആ വീട്ടമ്മമാരെ തൃപ്തിപ്പെടുത്തണം, അവർക്കും കൂടി സിനിമ ഇഷ്ടപ്പെടണം എന്ന ചിന്തയിൽ ചിത്രത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് സുമതി വളവ് ഇന്ന് കാണുന്ന ഫോർമാറ്റിലേക്ക് എത്തിയത്. ഇത് അവർക്കും കൂടി വേണ്ടിയുള്ള സിനിമയാണ്. അവരെ ഏറ്റവും കൂടുതൽ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കാര്യം എന്താണെന്നുവച്ചാൽ, മലയാള സിനിമയുടെ ഗോൾഡൻ പിരീഡാണ്. തൊണ്ണൂറുകളുടെയും എൺപതുകളുടെയും തുടക്കത്തിൽ ഇറങ്ങിയിട്ടുള്ള മലയാള സിനിമയുടെ ഫോർമുലകൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. സുമതി വളവ് ബേസ്ഡ് ഓൺ ട്രൂ സ്റ്റോറിയല്ല, ബേസ്ഡ് ഓൺ ട്രൂ ഇവന്റ്സാണ്.
അതുമാത്രമല്ല, സിനിഫൈലായ ഒരാളെ നിരാശപ്പെടുത്തിക്കൊണ്ടും സിനിമയെടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഒരാളോടും ഒറ്റയ്ക്ക് പോയി സുമതി വളവ് കാണാൻ ഞാൻ റെക്കമെന്റ് ചെയ്യില്ല. കാരണം, നിങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ ഫാമിലി ഉൾപ്പടെയുള്ളവർ പോയി കണ്ടാലേ നിങ്ങൾക്ക് ആ ഡ്രൈവ് കിട്ടുകയുള്ളൂ. സിനിമ സെറ്റ് ചെയ്തതും മണിച്ചിത്രത്താഴെല്ലാം ഇറങ്ങിയ സമയത്താണ്.