തനിക്ക് ഇഷ്ടപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് നടൻ ഫഹദ് ഫാസിൽ എന്ന് സംവിധായകൻ ഷങ്കർ. അടുത്തിടെ കണ്ടിഷ്ടപ്പെട്ട നടന്മാരിൽ ആർക്കൊപ്പം സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷങ്കർ. വിജയ് സേതുപതി, ഫഹദ് ഫാസിൽ, മണികണ്ഠൻ, ദിനേശ് തുടങ്ങിയവർക്കൊപ്പം തനിക്ക് സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ ഷങ്കർ അട്ടകത്തി ദിനേശാണ് അടുത്തിടെ തന്നെ ഏറ്റവും അതിശയിപ്പിച്ച നടൻ എന്നും പറഞ്ഞു. അദ്ദേഹം അഭിനയിക്കുകയാണ് എന്ന് കാണുന്നവർക്ക് ഒരിക്കലും തോന്നില്ലെന്ന് എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ ഷങ്കർ പറഞ്ഞു.
ഷങ്കർ പറഞ്ഞത്:
എല്ലാ അഭിനേതാക്കളെയും എനിക്ക് ഇഷ്ടമാണ്. എടുത്തു പറയുകയാണെങ്കിൽ വിജയ് സേതുപതിയെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. ഫഹദ് ഫാസിൽ, മണികണ്ഠൻ തുടങ്ങിയവരെയും എനിക്ക് ഇഷ്ടമാണ്. ലബ്ബർ പന്തിലെ ദിനേശ് മികച്ചൊരു പെർഫോമറാണ്. അടുത്തിടെ ഒരാളുടെ അഭിനയം കണ്ട് എനിക്ക് മതിപ്പ് തോന്നിയത് അദ്ദേഹത്തിനോടാണ്. അദ്ദേഹം അഭിനയിക്കുന്നത് കണ്ടാൽ അഭിനയിക്കുകയാണെന്ന് തന്നെ നമുക്ക് തോന്നില്ല. എങ്ങനെയാണ് അദ്ദേഹം ഇത് ചെയ്യുന്നതെന്ന് ആലോചിച്ച് അദ്ദേഹത്തെ എടുത്തു പൊക്കി ആഘോഷിക്കാൻ തോന്നും നമുക്ക്. അത്തരത്തിലുള്ളൊരു നടനാണ് ദിനേശ്. ഇവർക്കെല്ലാം ഒപ്പം സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
രാം ചരൺ നായകനായി തിയറ്ററുകളിലെത്താനിരിക്കുന്ന ഗെയിം ചേഞ്ചറാണ് ഇനി പുറത്തു വരാനിരിക്കുന്ന ഷങ്കർ ചിത്രം. ജനുവരി 10 ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിൽ രാം ചരൺ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയിലെ ഗാനങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. അഞ്ച് ഗാനങ്ങളാണ് ഗെയിം ചേഞ്ചറിലുള്ളത്. ഈ ഗാനങ്ങൾ ഷൂട്ട് ചെയ്യാനായി ഷങ്കർ ചെലവാക്കിയത് 92 കോടി രൂപയാണെന്നാണ് മുമ്പ് പുറത്തു വന്ന റിപ്പോർട്ടുകൾ. കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.