Film News

'മലയന്‍കുഞ്ഞ്' തിയേറ്റര്‍ റിലീസ്, ഫഹദ് നാട്ടിന്‍പുറത്തെ ഇലക്ട്രോണിക് മെക്കാനിക്ക്: സംവിധായകന്‍ സജിമോന്‍

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമാകുന്ന സര്‍വൈവല്‍ ത്രില്ലറാണ് മലയന്‍കുഞ്ഞ്. ചിത്രം കൊവിഡ് സാഹചര്യം അനുകൂലമാവുകയാണെങ്കില്‍ രണ്ട് വര്‍ഷത്തിന് ശേഷം തിയേറ്ററില്‍ എത്തുന്ന ഫഹദിന്റെ മലയാളം സിനിമയാകും മലയന്‍കുഞ്ഞ്. ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. റിലീസ് തിയതി ഒന്നും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും എല്ലാം തീരുമാനിച്ചത് അനുസരിച്ച് സംഭവിച്ചാല്‍ മലയന്‍കുഞ്ഞ് തിയേറ്റര്‍ റിലീസ് ആയിരിക്കുമെന്ന് സംവിധായകന്‍ സജിമോന്‍ ഒടിടി പ്ലേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മലയന്‍കുഞ്ഞ് സജിമോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫഹദുമായി 'നെത്തോലി ചെറിയ മീനല്ല' എന്ന സിനിമയിലാണ് സജിമോന്‍ ആദ്യമായി പ്രവര്‍ത്തിക്കുന്നത്. അതിന് ശേഷം ഫഹദ് കേന്ദ്ര കഥാപാത്രമായ ടേക്ക് ഓഫിലും കാര്‍ബണിലും സജിമോന്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. സീയൂ സൂണ്‍ എന്ന സിനിമയ്ക്ക് ശേഷമാണ് മലയന്‍കുഞ്ഞ് എന്ന സിനിമ രൂപപ്പെട്ടതെന്ന് സജി മോന്‍ പറയുന്നു.

2020 ജനുവരിയിലാണ് മലയന്‍കുഞ്ഞിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചെങ്കിലും ഫഹദിന് പരിക്ക് പറ്റിയതിനാല്‍ നീണ്ട് പോവുകയായിരുന്നു എന്നും സജി മോന്‍ വ്യക്തമാക്കി. ചിത്രത്തില്‍ നാട്ടിന്‍ പുറത്തുകാരനായ ഒരു ഇലക്ട്രോണിക്ക് മെക്കാനിക്കായാണ് ഫഹദ് എത്തുന്നതെന്നും സജി മോന്‍.

സജിമോന്‍ പറഞ്ഞത്:

മലയന്‍കുഞ്ഞ് എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന സര്‍വൈവല്‍ ത്രില്ലറാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഭൂമിക്കടിയില്‍ അകപ്പെട്ട് പോകുന്ന ഒരു വ്യക്തിയുടെ കഥ. അതുകൊണ്ട് തന്നെ സിനിമ ചിത്രീകരണത്തിന് ഒരുപാട് ബുദ്ധമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. ജനുവരി 2020ലാണ് ഞങ്ങള്‍ മലയന്‍കുഞ്ഞിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. മാര്‍ച്ച് അവസാനത്തോട് കൂടി പൂര്‍ത്തിയാക്കാമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂളിന്റെ ആദ്യ ദിവസം തന്നെ ഫഹദിന് കാര്യമായി പരിക്കേറ്റു. പിന്നെ ഫഹദ് തിരിച്ചെത്തിയപ്പോഴേക്കും രണ്ടാമത്തെ ലോക്ക്ഡൗണ്‍ ആരംഭിച്ചിരുന്നു. അതിന് ശേഷം ഫഹദ് പുഷ്പ, വിക്രം എന്നീ സിനിമകളുടെ ചിത്രീകരണത്തിലായി.

ഇലക്ട്രോണിക്ക് മെക്കാനിക്കായ ഒരു നാട്ടിന്‍പുറത്തെ യുവാവിന്റെ വേഷമാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് പരിചയമുള്ള ആളുകളില്‍ നിന്ന് തന്നെയാണ് ഫഹദന്റെ കഥാപാത്രം ഉണ്ടാവുന്നത്. ചര്‍ച്ചകളുടെ സമയത്ത് ഞാനും മഹേഷും ഫഹദും ഒരുമിച്ച് ഇരുന്നാണ് ഈ കഥാപാത്രത്തിന്റെ സ്വഭാവങ്ങള്‍ എല്ലാം ഉണ്ടാക്കി കൊണ്ടുവന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT