Film News

നസ്രിയയുടെ കഥാപാത്രത്തിന് പ്രചോദനമായത് എന്റെ അമ്മ, പ്രിയദർശിനി എന്ന പേരിൽ നിന്നാണ് 'സൂഷ്മദർശിനി' എന്ന പേര് വന്നത്: എം സി ജിതിൻ

'സൂഷ്മദർശിനി'യിൽ നസ്രിയ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തിന് പ്രചോദനമായത് തന്റെ അമ്മയാണെന്ന് സംവിധായകൻ എം സി ജിതിൻ. ബേസിൽ ജോസഫ് നസ്രിയ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്ത് ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രമാണ് 'സൂഷ്മദർശിനി'. ചിത്രത്തിലെ പ്രിയദർശിനി എന്ന കഥാപാത്രത്തിൽ നിന്നാണ് 'സൂഷ്മദർശിനി' എന്ന പേര് വന്നതെന്നും ചിത്രം ആ​ദ്യം ചെയ്യാനിരുന്നത് ഹിന്ദിയിലായിരുന്നുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിതിൻ പറഞ്ഞു.

എം സി ജിതിൻ പറഞ്ഞത്:

ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, തലയണ മന്ത്രം പോലെയുള്ള സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള സത്യൻ അന്തിക്കാട് മിഡിൽ ക്ലാസ് സെറ്റിങ്ങിലേക്ക് ഒരു മിസ്റ്ററി ത്രില്ലർ പറയാം എന്ന് ആലോചിച്ചു. ഒരു ഹിച്ച്കോക്കിയൻ പസിൽ ആ സെറ്റിങ്ങിൽ പറഞ്ഞാൽ ഫ്രഷ് ആയിരിക്കും എന്ന് തോന്നി. ഈ ആശയത്തോട് മറ്റൊരു ഐഡിയ ചേർത്തപ്പോഴാണ് സൂക്ഷ്മദർശിനി ഉണ്ടാകുന്നത്. ഒരു ഫീമെയ്ൽ ഡിറ്റക്ടീവിനെ വെച്ച് സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. മലയാളത്തിൽ പൊതുവെ കാണാത്ത ഒന്നാണ് ഫീമെയ്ൽ ഡിറ്റക്ടീവ് എന്നത്. പുരുഷന്മാർ ഡിറ്റക്ടീവായി ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. നേരത്തെ പറഞ്ഞ ഒരു സെറ്റിങ്ങിലേക്ക് ഒരു ഫീമെയ്ൽ ഡിറ്റക്ടീവിനെ കൊണ്ടുവന്നാൽ എങ്ങനെയുണ്ടാകും എന്ന ആലോചനയായിരുന്നു പിന്നീട്. എപ്പോൾ ഈ രണ്ട് ഐഡിയകളും ഒരുമിപ്പിക്കാൻ കഴിഞ്ഞോ അപ്പോൾ തന്നെ സിനിമ ഓൺ ആയി. പ്രിയദർശിനി എന്ന കഥാപാത്രത്തിന് ഇൻസ്പിരേഷൻ എന്റെ അമ്മയാണ്. പ്രിയദർശിനി എന്ന കഥാപാത്രത്തിൽ നിന്നാണ് സിനിമയ്ക്ക് സൂക്ഷ്മദർശിനി എന്ന പേരുണ്ടാകുന്നതും. സൂക്ഷ്മദർശിനി എന്ന പേരിൽ തന്നെ എല്ലാം ഉണ്ട്. ഒരു മൈക്രോസ്കോപ്പിക്ക് അന്വേഷണം ആയിരിക്കാം ഇതെന്ന് പേര് തന്നെ സൂചന തരുന്നുണ്ട്. സിനിമ കണ്ട് കഴിയുമ്പോൾ ഈ പേരും ഡീകോഡ് ചെയ്യപ്പെടേണ്ടതാണ്. എന്റെ സിനിമയായതുകൊണ്ട് മാത്രമല്ല, നല്ലൊരു പ്രേക്ഷകൻ കൂടിയാണെന്ന് വിശ്വസിക്കുന്നതുകൊണ്ട് തന്നെ സിനിമയുടെ പേര് എനിക്ക് വർക്കായിരുന്നു. ഐഡിയയ്ക്ക് ശേഷം എനിക്ക് കിക്ക് തന്നത് സിനിമയുടെ പേരാണ്. ഹിന്ദിയിൽ ചെയ്യാനിരുന്ന സിനിമയാണ് സൂക്ഷ്മദർശിനി. നോൺസെൻസിന് ശേഷം എന്നെ ഒരു സിനിമ ചെയ്യാൻ വിളിക്കുന്നത് ഹിന്ദിയിലാണ്. പിന്നീട് അത് ഡ്രോപ്പായപ്പോഴാണ് മലയാളത്തിൽ ഹാപ്പി അവേഴ്‌സിൽ വന്ന് ഞാൻ ഈ കഥ പറയുന്നത്. ഹിന്ദിയിൽ ചെയ്യാൻ ആലോചിച്ചപ്പോഴും സൂക്ഷ്മദർശിനി എന്ന് തന്നെയായിരുന്നു ടൈറ്റിൽ.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT