Film News

മൂന്ന് കോടി രൂപയ്ക്ക് ഒന്നും പടം പിടിക്കാൻ പറ്റില്ല; ഓൺലെനിൽ 'പ്രേമലു'വിന്റെ ബ‍ഡ്ജറ്റ് കണ്ട് ഞെട്ടിപ്പോയെന്ന് ദിലീഷ് പോത്തൻ

നസ്ലെൻ, മമിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമാണ് പ്രേമലു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. വെറും മൂന്ന് കോടി രൂപ ബഡ്ജറ്റിലെത്തിയ ചിത്രം തിയറ്ററുകളിൽ നിന്നും മുടക്കുമുതലിന്റെ 45 മടങ്ങാണ് തിരിച്ചു പിടിച്ചതെന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ ആ റിപ്പോർട്ടുകൾ കൃത്യമാണോ എന്ന് തനിക്ക് അറിയില്ലെന്നും അതിൽ പറയുന്ന പോലെ 3 കോടി രൂപയല്ല പ്രേമലുവിന്റെ ബഡ്ജറ്റ് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞു.

ദിലീഷ് പോത്തൻ പറഞ്ഞത്:

ആ സ്റ്റേറ്റ്മെന്റ് കൃത്യമാണോ എന്ന് എനിക്ക് അറിയില്ല. ഓൺലെനിൽ പ്രേമലുവിന്റെ ബ‍ഡ്ജറ്റ് കണ്ട് ഞാനും ഞെട്ടിപ്പോയിട്ടുണ്ട്. അതൊന്നുമല്ല ബഡ്ജറ്റ്. അതിൽ കൂടുതൽ കാശ് മുടക്കിയിട്ടുണ്ട്. ഞാൻ എവിടെയോ വായിച്ചു ഏറ്റവും കൂടുതൽ ലാഭം കിട്ടിയ പടമാണ് പ്രേമലു എന്ന്. മൂന്ന് കോടി രൂപയ്ക്ക് പടം തീർത്തുവെന്ന്. മൂന്ന് കോടി രൂപയ്ക്കൊന്നും പടം ചെയ്യാൻ പറ്റൂല്ല. നല്ല കളക്ഷൻ കിട്ടിയ പടമാണ് പ്രേമലു. പക്ഷേ ആ സ്റ്റേറ്റ്മെന്റ് കൃത്യമാണോ എന്ന് എനിക്ക് അറിയില്ല.

പ്രേമലുവിനെക്കാൾ വലിയ വിജയം എന്ന നിലയിൽ ആണ് പ്രേമലു 2 വിന് വേണ്ടി ഭാവന പ്രൊഡക്ഷൻസ് ശ്രമിക്കുന്നത്. പ്രേമലുവിനെക്കാൾ എന്റർടെയ്ൻമെന്റ് നൽകുന്ന പടം പ്രേക്ഷകർക്ക് നൽകുക എന്ന ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് സാധ്യമായാൽ നന്നായിരിക്കും. കുറച്ചു കൂടി വലിയ ക്യാൻവാസിൽ എത്തുന്ന ചിത്രമായിരിക്കും പ്രേമലു 2. പക്ഷേ ആദ്യ ഭാ​ഗത്തിന്റെ അതേ മീറ്ററിൽ തന്നെയുള്ള, പ്രേമലുവിന്റെ ആ​ദ്യ ഭാ​ഗം ഇഷ്ടപ്പെട്ട അതേ പ്രേക്ഷകന് വേണ്ടിയുള്ള സിനിമ തന്നെയായിരിക്കും പ്രേമലു 2 എന്നാണ് എനിക്ക് തോന്നുന്നത്. അതിനെക്കുറിച്ച് ആധികാരികമായി പറയേണ്ടത് ​ഗിരീഷ് തന്നെയാണ്. ചിത്രത്തെക്കുറിച്ച് ദിലീഷ് പോത്തൻ കൂട്ടിച്ചേർത്തു.

ഹൈദരബാദ് സിറ്റിയുടെ പശ്ചാത്തലത്തിൽ‌ ഒരു റൊമാന്റിക് കോമഡി ഴോണറിലെത്തിയ പ്രേമലു പാൻ ഇന്ത്യൻ തലത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സിനിമയുടെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ ഏഴാമത്തെ പ്രൊഡക്ഷൻ ചിത്രമായാണ് പ്രേമലു 2 ഒരുങ്ങുന്നത്. സിനിമയുടെ ആ​ദ്യ ഭാ​ഗത്തിലെ അതേ താരനിരയും അണിയറ പ്രവർത്തകരും തന്നെയായിരിക്കും രണ്ടാം ഭാഗത്തിലുമെത്തുക. മലയാളത്തിനു പുറമെ തമിഴ്–തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്യുന്ന ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനാണ് സാധ്യത.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT