Film News

എമ്പുരാൻ വിജയിക്കേണ്ടത് നമ്മുടെ ഇൻഡസ്ട്രിയുടെ ആവശ്യമാണ്: ദിലീഷ് പോത്തൻ

'എമ്പുരാൻ' എന്ന ചിത്രം വിജയിക്കേണ്ടത് മലയാള സിനിമാ വ്യവസായത്തിന്റെ കൂടി ആവശ്യമാണെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. 100 കോടിക്ക് മുകളിൽ ബഡ്ജറ്റിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാൻ. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം മാർച്ച് 27 നാണ് റിലീസിനെത്തുക. ഒരു സിനിമാ സംവിധായകൻ എന്ന നിലയിൽ തനിക്ക് നാളെ വലിയൊരു ബഡ്ജറ്റിൽ സിനിമ പ്ലാൻ ചെയ്യണമെങ്കിൽ അതിനായി നിലവിലുള്ള വലിയ സിനിമകൾ വിജയിക്കേണ്ടത് ആവശ്യമാണെന്നും എമ്പുരാൻ വിജയിക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും ദിലീഷ് പോത്തൻ പറഞ്ഞു. ഔസേപ്പിന്റെ ഒസ്യത്ത് എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തൻ.

ദിലീഷ് പോത്തൻ പറഞ്ഞത്:

ഒരോ സിനിമകളും വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത്ര വലിയ ബജറ്റിൽ വരുന്ന ഒരു സിനിമ ഇത്രയേറെ പ്രതീക്ഷകളോടെ വരുന്ന ഒരു സിനിമ എന്ന നിലിയിൽ എമ്പുരാൻ എന്ന സിനിമ ഇവിടെ വിജയിക്കേണ്ടത് ഇൻഡസ്ട്രിയുടെ ആവശ്യമാണ്, നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ് എന്നാണ് ഞാൻ കരുതുന്നത്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ എനിക്ക് നാളെ വലിയൊരു സിനിമ പ്ലാൻ ചെയ്യണമെങ്കിൽ നിലവിലുള്ള വലിയ സിനിമകൾ വിജയിക്കേണ്ട ആവശ്യകതയുണ്ട്. തീർച്ചയായും ആ സിനിമ വിജയിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു. വിജയിക്കും എന്നാണ് പ്രതീക്ഷ.

ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് ഇത്. ലൈക്ക പ്രൊഡക്ഷൻസിന്റെ മലയാളത്തിലെ ആദ്യ നിർമാണ ചിത്രമാണ് ഇത്. ലൂസിഫറിന്റെ തിരക്കഥയൊരുക്കിയ മുരളി ഗോപി തന്നെയാണ് എമ്പുരാന്റെ രചന നിർവഹിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള സ്റ്റീഫൻ നെടുമ്പള്ളി അബ്രാം ഖുറേഷിയെന്ന ആയുധ വ്യാപാരി കൂടിയായ അധോലോക നായകനാണെന്ന് സൂചന നൽകിയാണ് ലൂസിഫർ അവസാനിച്ചത്. ഇതിന്റെ കഥാതുടർച്ചയാണ് എമ്പുരാൻ. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT