പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവശൻ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' എന്ന ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഏറ്റവും മികച്ച ഹൊറർ സിനിമകളിൽ ഒന്നാണ് 'ഡീയസ് ഈറേ' എന്നാണ് പ്രേക്ഷകർ പറയുന്നത്.
പ്രണവ് മോഹൻലാലിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത് നടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. രാഹുല്‍ സദാശിവന്‍ പതിവുപോലെ ചിത്രത്തിന്‍റെ മേക്കിങ് ഗംഭീരമാക്കി എന്നും പ്രേക്ഷകർ പറയുന്നു. ജിബിൻ ഗോപിനാഥ്, അരുൺ അജികുമാർ തുടങ്ങിയവരുടെ പെർഫോമൻസുകൾക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. തിരക്കഥ, മ്യൂസിക്, എന്നിങ്ങനെ സകല മേഖലയിലും മികച്ചുനില്‍ക്കുന്നു എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്. ‘ക്രോധത്തിന്റെ ദിനം’ എന്ന അർഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ക്രിസ്റ്റോ സേവ്യർ ഈണമിട്ട ചിത്രത്തിലെ ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ഐഎസ്‌സി, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി.