cyber attack and hate campaign against prithviraj and vilayath budha 
Film News

പൃഥ്വിരാജിനെതിരെ വർ​ഗീയ പരാമർശവും വിദ്വേഷപ്രചരണവും, 'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെ സൈബർ ആക്രമണമെന്ന് പരാതി; കേസുമായി സന്ദീപ് സേനൻ

വിലായത്ത് ബുദ്ധ റിലീസിന് പിന്നാലെ ഹിന്ദുക്കളെ ദ്രോഹിച്ച രാജപ്പന് കഷ്ടകാലം എന്ന തലക്കെട്ടിലും തമ്പ് നെയിലിലും പൃഥ്വിരാജ് സുകുമാരനെതിരെ വിദ്വേഷ പ്രചരണവും വർ​ഗീയ പരാമര്ശവും നടത്തി സൈബർ ആക്രമണം നടത്തിയെന്ന പരാതിയുമായി

നിർമ്മാതാവ് സന്ദീപ് സേനൻ. സിനിമയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനെതിരെയാണ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. സിനിമയുടെ റിവ്യൂ എന്ന വ്യാജേനയാണ് 'ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ' എന്ന യൂട്യൂബ് ചാനൽ സിനിമയ്ക്ക് എതിരെ സൈബർ ആക്രമണം നടത്തിയിരിക്കുന്നതെന്നും സന്ദീപ് സേനൻ പരാതിയിൽ പറയുന്നു.

ശ്രദ്ധേയ എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപൻറെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി അതേപേരിൽ തന്നെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. സിനിമയുടെ ഉള്ളടക്കത്തെ വളച്ചൊടിച്ച് മതങ്ങളെയും രാഷ്ട്രീയ ചിന്താഗതികളെയും അവഹേളിക്കുന്ന തരത്തിലാണ് ചാനൽ വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്. ഇത് സൈബർ ടെററിസമാണെന്നും ഇതിലൂടെ സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും സിനിമയുടെ പേരിനെ തന്നെ കളങ്കപ്പെടുത്താനും യൂട്യൂബ് ചാനൽ ശ്രമിച്ചു എന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. സിനിമയെയും അണിയറപ്രവർത്തകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മത-രാഷ്ട്രീയ വിദ്വേഷം വളർത്തുന്നതുമായ ഉള്ളടക്കമാണ് വീഡിയോയിലുള്ളത്. നായക നടൻ ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവാണെന്നും അദ്ദേഹത്തിൻറെ സമീപകാല രാഷ്ട്രീയ നിലപാടുകൾ മൂലം ചിത്രത്തെ ആളുകൾ തഴഞ്ഞുവെന്നുമൊക്കെ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ചിത്രം റിലീസായി 48 മണിക്കൂ‍ർ പിന്നിടും മുമ്പാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. എങ്ങനെയാണ് ചിത്രം റിലീസായി 48 മണിക്കൂർ കൊണ്ട് ഒരു ചിത്രം പരാജയമാണെന്ന് വിധിക്കുന്നതെന്നും പരാതിയിൽ സന്ദീപ് സേനൻ ചോദ്യമുന്നയിച്ചിരിക്കുകയാണ്.

അഞ്ച് വർഷത്തോളമായി ഈ സിനിമയ്ക്കുവേണ്ടി 40 കോടിയോളം രൂപ മുടക്കിയ ഒരു നിർമ്മാതാവെന്ന നിലയിൽ വലിയ സാമ്പത്തിക നഷ്ടമാണ് ഇത്തരം വ്യാജ റിവ്യൂകളുടെയും സൈബർ ആക്രമണങ്ങളുടെയും പേരിൽ നേരിടേണ്ടി വരുന്നത്. മാത്രമല്ല ഇത് സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന രീതിയുള്ള ആരോപണങ്ങളുമാണ്. സിനിമാ മേഖല നേരിടുന്ന ഇത്തരം വെല്ലുവിളികൾക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നും പരാതിയിൽ അദ്ദേഹം പരാതിയിൽ വ്യക്തമാക്കി. ഇതിനെ തുടർന്ന്, യൂട്യൂബ് ചാനൽ 'ഫസ്റ്റ് റിപ്പോർട്ടർ‍ ഓൺലൈനി'ൻറെ ഉടമകൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, രാജശ്രീ, പ്രിയംവദ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

പ്രേക്ഷകർ ഏറ്റെടുത്തു; മികച്ച ബുക്കിങ്ങുമായി 'എക്കോ'

തിയറ്ററുകളിൽ 'വിലായത്ത് ബുദ്ധ'യുടെ ദൈർഘ്യം കുറച്ചു; ആരാധകന് മറുപടിയുമായി ഷമ്മി തിലകൻ

നിശ്ചയദാർഢ്യക്കാർക്കായുളള അക്കാദമി ഷാർജയില്‍ പ്രവർത്തനം ആരംഭിച്ചു

ലോണ്‍ ആപ്പ് തട്ടിപ്പുകൾ എങ്ങനെ? MONEY MAZE

ദി റൈഡ് തിയറ്ററുകളിലേക്ക് ; ഡിസംബർ 5 മുതൽ യാത്ര തുടങ്ങുന്നു

SCROLL FOR NEXT