Film News

‘ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും’, പരിഹസിക്കുന്നവരോട് സിതാര കൃഷ്ണകുമാര്‍ കലാകാരന്മാര്‍ മാസശമ്പളക്കാരല്ല ,ദിവസക്കൂലിക്കാരാണ്

THE CUE

ലോകമൊന്നാകെ കൊറോണ വൈറസ് വ്യാപനത്തില്‍ നിന്നുള്ള അതിജീവനത്തിനായി പൊരുതുകയാണ്. ലോക്ക് ഡൗണിലേക്ക് രാജ്യങ്ങള്‍ നീങ്ങുമ്പോള്‍, സര്‍വ്വ മേഖലയും നിശ്ചലമാകുമ്പോള്‍ സാമൂഹിക വ്യാപനം തടയാന്‍ വീടിനകത്ത് ചിലവഴിക്കുകയാണ് വലിയൊരു വിഭാഗം. ലോകത്തെ സ്തംഭനാവസ്ഥയിലെത്തിച്ച കാലത്തെ സര്‍ഗാത്മകമായി നേരിടാനും നിരാശയിലാണ്ട മനുഷ്യര്‍ക്ക് ആശ്വാസമേകാനും കലാകാരന്‍മാരും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. സാമൂഹിക മാധ്യമങ്ങള്‍ കൊറോണ കാലത്ത് പാട്ടുകള്‍ പാടി പോസ്റ്റ് ചെയ്തതിന് തുടര്‍ച്ചയായി പരിഹാസവും അധിക്ഷേപവും കമന്റുകളിലെത്തുമ്പോള്‍ ഗായിക സിതാരാ കൃഷ്ണകുമാറിന് പറയാനുള്ളത് ഇതാണ്.

പ്രാര്‍ത്ഥിക്കാന്‍ പറയുന്നവരോട് , ഇതുതന്നെയാണ് ഞങ്ങളുടെ പ്രാണനും പ്രാര്‍ത്ഥനയും

ഒന്നു രണ്ടു ദിവസങ്ങളായി പാട്ടു പാടി പോസ്റ്റ് ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും ലഭിച്ച കമന്റുകളില്‍ ചിലത് ഇങ്ങനെയാണ് , 'ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും ', 'പാട്ടുപാടാതെ പോയിരുന്നു പ്രാര്‍ത്ഥിക്കൂ ', 'ലോകം മുഴുവന്‍ പ്രശ്‌നം നടക്കുമ്പോളാണ് അവന്റെ ഒരു പാട്ട് ' ഒന്നു പറയട്ടെ സുഹൃത്തേ , നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ കയറാമെങ്കില്‍ , കമന്റ് ഇടാമെങ്കില്‍ , ട്രോളുകള്‍ കണ്ടു ചിരിക്കാമെങ്കില്‍ , സിനിമ കാണാമെങ്കില്‍ ,പുസ്തകം വായിക്കാമെങ്കില്‍ ഞങ്ങള്‍ പാടുക തന്നെ ചെയ്യും ഈ പറയുന്ന വിഷയം എത്രകണ്ട് മനസ്സിലാകും എന്നറിയില്ല ,കലാകാരന്മാര്‍ മിക്കവരും മാസശമ്പളക്കാരല്ല ,ദിവസക്കൂലിക്കാരാണ് ! പലരുടെയും വരുമാനവും നീക്കിയിരിപ്പും ഏറിക്കുറഞ്ഞിരിക്കും എന്നത് വാസ്തവം തന്നെ , പക്ഷെ സ്വരുക്കൂട്ടിയ ഇത്തിരിയും കഴിഞ്ഞാല്‍ പിന്നെ ഒരു തരി വെളിച്ചം ഇല്ല ,ഒരു തിരിച്ചു കയറ്റത്തിന് ഏറ്റവും കൂടുതല്‍ കാത്തിരിക്കേണ്ട കൂട്ടര്‍ കലാകാരന്മാര്‍ തന്നെയാവും ! എല്ലാവരും സൗഖ്യമായി , എല്ലാവരും ജോലികള്‍ തുടങ്ങി എന്നുറപ്പായ ,ഉറപ്പാക്കിയ ശേഷമേ കലാകാരന് തന്റെ കഴിവ് തൊഴിലാക്കാനുള്ള സാഹചര്യം ഇനിയുള്ളൂ !ഈ സത്യവും ,ഈ അനിശ്ചിതാവസ്ഥയും എല്ലാം തിരിച്ചറിയുമ്പോളും, പണത്തേക്കാള്‍ , വരുമാനത്തേക്കാള്‍ പ്രധാനപ്പെട്ടതായി കലാകാരന്മാര്‍ കരുതുന്ന ചിലതുണ്ട് -- നില്ക്കാന്‍ ഒരു വേദി , മുന്നില്‍ ഇരിക്കുന്ന ആസ്വാദകര്‍ , ഒരു നല്ല വാക്ക് , ഒരു കയ്യടി , നന്നായി -ഇനിയും നന്നാക്കാം എന്ന വേദിക്കു പുറകുവശത്തെ പ്രോത്സാഹനം !

ഈ ദുരിത സമയത്ത് ലോകാരോഗ്യസംഘടനയും , ഡോക്ടര്‍മാരും , ഇതാ ഇന്ന് സര്‍ക്കാരുകളും എല്ലാം ഓര്‍മിപ്പിക്കുന്നു വരാനിരിക്കുന്ന മാനസീക പിരിമുറുക്കങ്ങളെ കുറിച്ച് , അവ അതിജീവിക്കേണ്ട മാര്‍ഗങ്ങളില്‍ പ്രധാനം നിങ്ങളീ പറയുന്ന പാട്ടും കൂത്തും തന്നെയാണ് ! അതിനാല്‍ ഞങ്ങള്‍ പാട്ടും കൂത്തും നടത്തും , ഞങ്ങളുടെയും നിങ്ങളുടെയും മനസ്സുകള്‍ക്ക് വേണ്ടി , പാട്ടും കൂത്തുമല്ലാതെ മറ്റൊന്നും വശമില്ലതാനും പ്രാര്‍ത്ഥിക്കാന്‍ പറയുന്നവരോട് , ഇതുതന്നെയാണ് ഞങ്ങളുടെ പ്രാണനും പ്രാര്‍ത്ഥനയും അതിനാല്‍ ഉടലില്‍ ഉയിരുള്ളത്രയും നാള്‍ പാടും ,ആടും ,പറയും

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT