Film News

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നുവെന്ന ആരോപണം; കമല്‍ഹാസന്‍റെ 'പത്തലെ പത്തലെ' വിവാദത്തില്‍

ജൂണ്‍ മൂന്നിന് റിലീസിനെത്തുന്ന കമല്‍ഹാസന്‍ ചിത്രത്തിലെ ഗാനം വിവാദത്തില്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയിലെ ആദ്യ ലിറിക്കല്‍ വീഡിയോ രണ്ട് ദിവസം മുമ്പ് പുറത്ത് വന്നിരുന്നു. കമല്‍ തന്നെ വരികളെഴുതുകയും ആലപിക്കുകയും ചെയ്ത ഗാനത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിവാദം.

ഗാനത്തിനായി കമല്‍ എഴുതിയ വരികളിൽ ചിലത് കേന്ദ്രസർക്കാരിനെ ലക്ഷ്യം വെയ്ക്കുന്നതാണെന്നാണ് വിവാദത്തിന് അടിസ്ഥാനം. താരത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണ് പാട്ടിലുള്ളതെന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം.

ഖജനാവിൽ പണമില്ല, നിറയെ രോഗങ്ങൾ വരുന്നു, കേന്ദ്ര സർക്കാർ ഉണ്ടെങ്കിലും തമിഴർക്ക് ഒന്നും കിട്ടുന്നില്ല, താക്കോൽ കള്ളന്റെ കയ്യിലാണെന്നും പാട്ടിൽ കമൽ എഴുതിയിരിക്കുന്നു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന് ജോലി ചെയ്താൽ നാട് നന്നാവുമെന്നും പാട്ടിലുണ്ട്. ഈ വരികൾ കേന്ദ്ര സർക്കാരിനെതിരെയുള്ള തമിഴന്റെ പ്രതിഷേധമാണെന്നാണ് ആരോപണം ഉയരുന്നത്.

അതേസമയം അനിരുദ്ധ് സംഗീതം നല്‍കിയ ഈ ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഗാനത്തോടൊപ്പം കമല്‍ ഹാസന്‍റെ ഡാന്‍സും നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. യൂട്യൂബിൽ മാത്രം ഒരുകോടിയിലേറേ പ്രേക്ഷകരാണ് ഗാനം കണ്ടത്.

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തില്‍ കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുന്നു. തമിഴ് സൂപ്പര്‍ താരം സൂര്യയും ചിത്രത്തില്‍ ഒരു ക്യാമിയോ അവതരിപ്പിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും പുറത്ത് വന്നിരുന്നു.

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

SCROLL FOR NEXT