ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ടെലിവിഷനിൽ പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍(സിബിഎഫ്സി). കേരളത്തിലെ യുവതലമുറയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് സെൻസർ ബോർഡിന്റെ ഈ തീരുമാനം. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത തരത്തിൽ വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. അതേസമയം സിനിമയുടെ ഒ ടി ടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയ്ക്കുകയും ചെയ്തിട്ടുണ്ട്. ‘മാര്‍ക്കോ’യ്ക്ക് തിയറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മറ്റിയുടെ തീരുമാനമെന്നും വിശദീകരണമുണ്ട്. സമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സിനിമകളിലെ വയലന്‍സ് നിയന്ത്രിക്കാന്‍ നടപടികൾ ഫിലീം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ തീരുമാനങ്ങളുണ്ടാകുമെന്നും ഫിലീം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് റീജിയണല്‍ മേധാവി നദീം തുഫേല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം ഇനിയുള്ള തന്റെ സിനിമയിൽ വയലൻസിന്റെ തീവ്രത കുറയ്ക്കുമെന്ന് മാർക്കോയുടെ നിർമാതാവ് ഷെരീഫ് മുഹമ്മദ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ എടുത്ത സിനിമയല്ല മാർക്കോ എന്നും ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സിനിമയിൽ കുറച്ചു കൂടി കരുതലോടെ പ്രവർത്തിക്കണമെന്ന് തനിക്ക് മനസ്സിലാക്കി തന്നുവെന്നും ഷെരീഫ് മുഹമ്മദ് പ്രതികരിച്ചു. ഒപ്പം തന്റെ പുതിയ ചിത്രം കാട്ടാളന്റെ അണിയറ പ്രവർത്തകർക്ക് ചിത്രത്തിലെ വയലൻസ് രംഗങ്ങളുടെ തീവ്രത കുറയ്ക്കണമെന്ന തരത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്നും ഷെരീഫ് കൂട്ടിച്ചേർത്തു.
ഹദീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് മാർക്കോ. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രം എന്ന ഖ്യാതിയോടെ തിയറ്ററുകളിലെത്തിയ ചിത്രം പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയായിരുന്നു ഇത്. നോർത്ത് ഇന്ത്യയിലും ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഒരു കുടുംബത്തിലെ ദത്തുപുത്രനായ ‘മാർക്കോ’ തന്റെ സഹോദരന്റെ ക്രൂരമായ കൊലപാതക വാർത്തയറിഞ്ഞതിന് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തുകയും, തന്റെ പിതാവായ ടോണിയും റസ്സൽ ഐസക്കും നയിച്ച ഗൂഢാലോചന മനസ്സിലാക്കുകയും ചെയ്യുന്നു. തുടർന്ന് വിശ്വാസഘാതത്തിനും പ്രതികാരത്തിനുമിടയിൽ മാർക്കോയുടെ അതിജീവനത്തിന്റെ യാത്രയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾക്കൊപ്പം ഭീകരമായ വയലൻസും ഉള്ളതിനാൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു ‘മാർക്കോ’.