ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോമാൻസ് ഫെബ്രുവരി 14 ന് തിയറ്ററുകളിലെത്തും. ഒരു സുഹൃത്തിന്റെ തിരോധാനവും അതിനെത്തുടർന്നുള്ള കൂട്ടുകാരുടെ രസകരമായ അന്വേഷവുമാണ് ചിത്രത്തിന്റെ പ്രമേയം. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
കൂടുതലും ക്യാമ്പസുകൾ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമോഷൻ പരിപാടികൾ നടക്കുന്നത്. ബ്രോമാൻസിലെ 'ലോക്കൽ ജെൻ സി ആന്തം' കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനത്തിന് വരികളെഴുതിയിരിക്കുന്ന സുഹൈൽ കോയയാണ്. ബ്രോമാൻസിലെ എല്ലാ കഥാപാത്രങ്ങളും യഥാർത്ഥ ജീവിതത്തിൽ നിന്നും പ്രചോദനം കൊണ്ടവയാണ് മുമ്പ് ചിത്രത്തിന്റെ സംവിധായകൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അരുൺ ഡി ജോസ് പറഞ്ഞത്:
ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും എനിക്ക് റെഫറൻസ് ഉണ്ട്. ഞാൻ യഥാർത്ഥ ജീവിതത്തിൽ കണ്ടിട്ടുള്ള വ്യക്തികളുടെ പ്രതിരൂപമാണ് ബ്രോമാൻസിലെ ഒരോ കഥാപാത്രവും. അതുകൊണ്ട് ആ കഥാപാത്രം എങ്ങനെയാണ് ഏത് എക്സ്ട്രീം വരെ അവർ പോകും എന്നെനിക്ക് നന്നായി അറിയാം. ഞാൻ നേരിട്ട് കണ്ടിട്ടുള്ള പരിചയമുള്ള എന്റെ അയൽവാസികളും കൂട്ടുകാരും ഒക്കെയായിട്ടുള്ള പല ആളുകളുടെ സ്വഭാവങ്ങളാണ് ഈ സിനിമയിലുള്ള എല്ലാ കഥാപാത്രങ്ങൾക്കും. എല്ലാവരും വിയേർഡ് ആണ്. ആ വിയേർഡ്നെസ്സ് അങ്ങനെ തന്നെ എടുത്ത് ഓരോ കഥാപാത്രങ്ങൾക്കും പ്ലേസ് ചെയ്തിരിക്കുകയാണ്. അതിൽ തന്നെ രണ്ട് എക്സ്ട്രീമുകൾ ഉണ്ട്. എല്ലാ കഥാപാത്രങ്ങൾക്കും അതുണ്ട്. അവർ വളരെ നോർമലായ ഭാഗങ്ങളും അതേ സമയം ഇവർ വിയേർഡ് ആയാൽ എത്രത്തോളം വിയേർഡ് ആയി പോകും എന്നുള്ള പരിപാടിയും സിനിമയിൽ ഉണ്ട്.
ബ്രോമാൻസിനായി ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. സംഗീത രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് - ചമൻ ചാക്കോ, ക്യാമറ - അഖിൽ ജോർജ്, ആർട്ട് - നിമേഷ് എം താനൂർ, മേക്കപ്പ് - റോണേക്സ് സേവ്യർ, കോസ്‌റ്റ്യും - മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ - യെല്ലോ ടൂത്, വിതരണം - സെൻട്രൽ പിക്ചർസ്, പി.ആർ.ഓ - റിൻസി മുംതാസ്, സീതലക്ഷ്മി,ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്