Film News

ഹിന്ദുസംഘടനകളുടെ പ്രതിഷേധം; ബോളിവുഡ് ചിത്രം 'രാവണ്‍ ലീല'യുടെ പേര് മാറ്റി, പ്രേക്ഷകരുടെ വികാരം മാനിക്കുന്നുവെന്ന് സംവിധായകന്‍

ഹിന്ദുസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബോളിവുഡ് ചിത്രം 'രാവണ്‍ ലീല'യുടെ പേര് മാറ്റി അണിയറ പ്രവര്‍ത്തകര്‍. 'ഭാവയ്' എന്നാണ് മ്യൂസിക്കല്‍ ഡ്രാമ ചിത്രത്തിന്റെ പുതിയ പേര്.

ഗുജറാത്തിലെ ഒരു ജനപ്രിയ നാടോടി നാടക രൂപമായ ഭാവയിയുടെ പഞ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ രാമനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. സിനിമയുടെ പേര് മാറ്റണമെന്നും ആവശ്യമുണ്ടായി. ഇത് കാണിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സിനിമയുടെ പേര് ഭാവയ് എന്ന് മാറ്റുന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. പ്രേക്ഷകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹാര്‍ദിക് ഗജ്ജര്‍ പറഞ്ഞു. 'ഭാവയ്' പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ വിശ്വാസമുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം പ്രതികരിച്ചു.

'സ്‌കാം 1992' എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയനായ പ്രതീക് ഗാന്ധിയാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. രാവണനെ മഹത്വവല്‍ക്കരിക്കുന്ന ചിത്രമല്ല ഇതെന്നും, കലാകാരന്മാരായ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നതെന്നും പ്രതീക് ഗാന്ധി പ്രതികരിച്ചു.

രാമനെ കുറിച്ചോ രാവണനെ കുറിച്ചോ ചിത്രത്തില്‍ പറയുന്നില്ല. ചിത്രം അതേകുറിച്ച് ഒന്നും പറയുന്നില്ല. അതുകൊണ്ടാണ് സമൂഹത്തിലെ ഒരു വിഭാഗത്തിന് ചിത്രത്തിന്റേ പേര് അതൃപ്തിയുണ്ടാക്കിയെങ്കില്‍ അത് മാറ്റാം എന്ന് തീരുമാനിച്ചത്. പക്ഷെ ഏറ്റവും വലിയ ചോദ്യത്തിനുള്ള ഉത്തരം അതല്ലെന്ന് എനിക്കുറപ്പുണ്ട്. സിനിമയുടെ പേര് മാറ്റി, പക്ഷേ അത് എന്തെങ്കിലും പരിഹരിക്കുമോ?', പ്രതീക് ഗാന്ധി ചോദിച്ചു. സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐന്ത്രിത റേ, രാജേന്ദ്ര ഗുപ്ത, രാജേഷ് ശര്‍മ്മ, അഭിമന്യു സിങ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഒക്ടോബറിലാണ് ചിത്രത്തിന്റെ റിലീസ്.

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

SCROLL FOR NEXT