പ്രിയദർശൻ, സിദ്ദിഖ് ലാൽ സിനിമകൾ കണ്ട് ആരാധന തോന്നി ചെയ്ത സിനിമയാണ് സാഹസമെന്ന് സംവിധായകൻ ബിബിൻ കൃഷ്ണ. മൈന്റ് ട്വിസ്റ്റിങ് പരിപാടികൾ ഭയങ്കര ഇഷ്ടമാണ്. സാധാരണയുള്ള ക്രൈം ത്രില്ലർ സിനിമകളിൽ നിന്നും വ്യത്യസ്തമായി എന്തുചെയ്യാം എന്നതിന് തനിക്ക് ലഭിച്ച ഉത്തരമാണ് 21 ഗ്രാംസ്. എന്നാൽ സാഹസം പ്രിയദർശൻ സിനിമകളോടുള്ള ആരാധനയിൽ നിന്നും ജനിച്ചതാണെന്നും ബിബിൻ കൃഷ്ണ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ബിബിൻ കൃഷ്ണയുടെ വാക്കുകൾ
21 ഗ്രാംസ് ചെയ്യുമ്പോൾ തന്നെ അടുത്തത് എന്താണ് പരിപാടി എന്ന് എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു. അപ്പൊ കയ്യിലുള്ള ഒന്ന് രണ്ട് വൺ ലൈനുകൾ ഷെയർ ചെയ്യുമായിരുന്നു. അപ്പോൾ ആളുകൾ ചോദിച്ചിരുന്നു, ഇതല്ലേ രസം എന്ന്. എനിക്ക് മൈന്റ് ട്വിസ്റ്റിങ് പരിപാടികൾ ഭയങ്കര ഇഷ്ടമാണ്. കിളി പറത്തി കളയുക എന്ന് പറയില്ലേ, അതുപോലത്തെ കാര്യങ്ങൾ. സാധാരണയുള്ള ത്രില്ലർ സിനിമകളിൽ ഒരാളെ റിവീൽ ചെയ്ത് കഴിഞ്ഞാൽ, എന്ത് എന്തിന് തുടങ്ങിയ ഒരുപാട് ചോദ്യങ്ങൾ ബാക്കിയായിരിക്കും. അതിനുവേണ്ടി ഒരു എപ്പിസോഡ് ഇനിയുമുണ്ടാകും. എന്നാൽ, അതിൽ നിന്നും വ്യത്യസ്തമായി റിവീൽ ചെയ്ത് കഴിഞ്ഞയുടൻ സിനിമ അവസാനിപ്പിച്ചാൽ, കാണുന്ന പ്രേക്ഷകർക്ക് ഒരുപാട് ചിന്തിക്കാൻ ഉണ്ടാകും. അത്തരത്തിലുള്ള ഒരു ഡിഫറന്റ് അപ്രോച്ച് മാത്രമായിരുന്നു ആദ്യം എന്റെ മനസിൽ ഉണ്ടായിരുന്നത്. എന്നാൽ, സാഹസം സിനിമ ചെയ്യുമ്പോൾ അങ്ങനെയല്ല. ക്രൈം ത്രില്ലർ എത്രത്തോളം ഇഷ്ടമാണോ, അത്രതന്നെ കോമഡി കേയോസ് സിനിമകളും ഇഷ്ടമാണ്. പണ്ടത്തെ പ്രിയദർശൻ സിനിമകൾ കണ്ട്, ആരാധന മൂത്ത്, അതുപോലെ ആവില്ലെങ്കിലും, അത്തരത്തിലുള്ള ഒരു സിനിമ ചെയ്യാനുള്ള എളിയ ശ്രമമാണ് നടത്തിയത്. ബിബിൻ കൃഷ്ണ പറഞ്ഞു.