Film News

'തേന്‍ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ്', ജോജിയെ പ്രകീര്‍ത്തിച്ച് ഭദ്രന്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്ന സിനിമയെ പ്രകീര്‍ത്തിച്ച് സംവിധായകന്‍ ഭദ്രന്‍. പറമ്പിലെ കുത്തുകല്ലുങ്കല്‍ പ്ലാവിലെ തേന്‍ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നിയെന്നും ഭദ്രന്‍. വളരെ സത്യസന്ധമായ കഥയെന്നും ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു ജോജിയിലൂടെ ഫഹദ്. നടപ്പിലും, ചേഷ്ടകളിലും, അനായാസം കഥയിലൂടെ സഞ്ചരിച്ചുവെന്നും ഭദ്രന്‍ എഴുതുന്നു. തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനെയും സംവിധായകന്‍ ദിലീഷ് പോത്തനെയും ഭദ്രന്‍ പ്രശംസിക്കുന്നു.

ഭദ്രന്‍ ജോജിയെക്കുറിച്ച്

ഇന്ന് ജോജി കാണാൻ ഇടയായി, കാണണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. പിന്നെ തോന്നി അഭിപ്രായങ്ങൾ കേൾക്കട്ടെ എന്ന്. മുക്കിലും മൂലയിലും ഒക്കെ ഉള്ള ചില നല്ല ആസ്വാദകരിൽ പലരും "ഓഹ്" "One time watch" "ഒരു തട്ടിക്കൂട്ട് കഥ" "പക്കാ സൂഡോ"...

സത്യം പറയട്ടെ, എൻ്റെ പറമ്പിലെ കുത്തുകല്ലുങ്കൽ പ്ലാവിലെ തേൻ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നി. വളരെ സത്യസന്ധമായ കഥ. വേണമെങ്കിൽ ഞങ്ങൾ കിഴക്ക് ദേശക്കാരുടെ കഥ എന്ന് പറയാം. അതിലെ അപ്പനും, അദ്ദേഹത്തോടൊപ്പം ശ്വാസം മുട്ടി ഭയന്നും വിറച്ചും ചില്ലറ സ്നേഹ പ്രദർശനങ്ങളൊക്കെ കാണിച്ചു കഴിയുന്ന മക്കളെയും, മരുമക്കളെയും, അത്തരം കുടുംബങ്ങളെയും, ഒരുപാട് അറിയാം.

ശ്യാം പുഷ്കർ കാടും മേടും ഒക്കെ സഞ്ചരിച്ച് കിട്ടിയ നുറുങ്ങുകൾ മഷിയിൽ ചാലിച്ച് അനുഭവ സാക്ഷ്യമാക്കിയ "ഒരു നല്ല സിനിമ". അതി മനോഹരമായി അതിന്റെ ആത്മാവിനെ പ്രാപിച്ച് അന്തസ്സുള്ള ശൈലി നിലനിർത്തി പോത്തൻ. ഒപ്പം ഹൃദ്യമായ നിറക്കൂട്ടുകളും.

ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു ജോജിയിലൂടെ ഫഹദ്. നടപ്പിലും, ചേഷ്ടകളിലും, അനായാസം കഥയിലൂടെ സഞ്ചരിച്ചു. കൂട്ടിനു ഒപ്പം ഉണ്ടായിരുന്ന ആ "ബെർമൂഡ" രസമായി തോന്നി. ബാബുരാജും ഷമ്മി തിലകനും കലക്കി.

ഒരു കണ്ടി തടിയുടെ തൂക്കം തോന്നിപ്പിക്കുന്ന "തൊരപ്പൻ ബാസ്റ്റിൻ" നിർജീവമായ ശരീരത്തിലെ കണ്ണുകൾ കൊണ്ട് ഭാവോജ്വലമാക്കി. ചിത്രത്തിലെ അങ്ങിങ്ങായി നിന്ന ഓരോ മുഖങ്ങളും മിഴിവുറ്റതായിരുന്നു. ചില മുഹൂർത്തങ്ങളിൽ അലയടിച്ച വയലിന്റെ ചില സിംഫണികൾക്ക് കേൾക്കാത്ത ശബ്ദ മാധുരിമ തോന്നി.

ഉമ്മറത്തു കുത്തി പൂത്തു നിൽക്കുന്ന പാരിജാതത്തിൻ്റെ ഒരു പൂച്ചെണ്ട്..

ഫഹദ് ഫാസില്‍ ജോജിയായെത്തുന്ന സിനിമയില്‍ ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ്, അലിസ്റ്റര്‍ അലക്‌സ് എന്നിവരാണ് അഭിനേതാക്കള്‍. ഷൈജു ഖാലിദ് ക്യാമറയും കിരണ്‍ ദാസ് എഡിറ്റിംഗും. ഭാവന സ്റ്റുഡിയോസാണ് നിര്‍മ്മാണം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT