ആദ്യ ദിനം ആഭ്യന്തര ബോക്സ് ഓഫീസിൽ 3.25 കോടി നേടി മമ്മൂട്ടി ചിത്രം ബസൂക്ക. സ്റ്റൈലിഷ് ലൂക്കിൽ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ബസൂക്ക. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തിയ ചിത്രമാണ്. ഇത്തവണത്തെ മലയാളം വിഷു റിലീസ് ചിത്രങ്ങളിൽ പ്രി റിലീസ് ബുക്കിംഗിൽ ബസൂക്കയായിരുന്നു മുന്നിൽ. 805 ഷോകൾ ആദ്യ ദിനം ചാർട്ട് ചെയ്തിരുന്ന സിനിമയുടെ അഡ്വാൻസ് സെയിൽസ് വഴി 1.50 കോടി കളക്ട് ചെയ്തിരുന്നു. ഇപ്പോൾ ആഭ്യന്ത ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ആദ്യ ദിനം തന്നെ 3.25 കോടി കടന്നു എന്നാണ് ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്.
മമ്മൂട്ടിയെക്കൂടാതെ ഗൗതം വാസുദേവ മേനോനും ബസൂക്കയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ബെഞ്ചമിൻ ജോഷ്വ എന്ന പോലീസ് ഉദ്ധ്യോഗസ്ഥൻ ആയാണ് ഗൗതം വാസുദേവ് മേനോൻ എത്തിയിരിക്കുന്നത്. ഗെയിമിംഗ് പശ്ചാത്തലമാക്കി പോലീസ് അന്വേഷണവും കൊള്ളയും ട്വിസ്റ്റും എല്ലാമുള്ള ചിത്രമാണ് ബസൂക്ക എന്നും ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗൗതം വാസുദേവ് മേനോൻ പറഞ്ഞിരുന്നു.
ഗൗതം വാസുദേവ് മേനോൻ പറഞ്ഞത്:
ഒരു ഗെയിമിംഗ് ബാക്ക് ഡ്രോപ്പിൽ ഒരു പൊലീസ് ഇൻവസ്റ്റിഗേഷൻ ആണ് ഒപ്പം ഇതൊരു Heist ഫിലിം ആണ്. വില്ലൻ ഉണ്ട് ഹീറോ ഉണ്ട്. അതിലൊരു ട്വിസ്റ്റ് ഉണ്ട്. അങ്ങനെ കുറേ കാര്യങ്ങൾ പുതിയ ഫിലിംമേക്കറായ ഡീനോ ചെയ്തിട്ടുണ്ട്. എനിക്ക് അത് ഇഷ്ടപ്പെട്ടു. മാത്രമല്ല മമ്മൂക്ക എന്നോട് പറഞ്ഞു ഡീനോ കഥ പറയാൻ വന്നപ്പോൾ അദ്ദേഹം ഒരു എഴുത്തുകാരൻ എന്ന നിലയിലാണ് എനിക്ക് അടുത്തേക്ക് വന്നത്. ആ സമയത്ത് സംവിധായകൻ ആരാണെന്ന് ഒന്നും തീരുമാനിച്ചിരുന്നില്ല. ഈ കഥ കേട്ടിട്ട മമ്മൂക്കയാണ് അവനോട് നിനക്ക് എന്താ സംവിധാനം ചെയ്താൽ എന്ന് ചോദിച്ചത്. ചെന്നൈയിൽ വന്ന് എന്നോട് കഥ പറഞ്ഞപ്പോഴേ എനിക്ക് ഇത് ഇഷ്ടപ്പെട്ടിരുന്നു. GVM ന്റെ പേര് മമ്മൂക്കയാണ് പറഞ്ഞത് എന്നും അവൻ എന്നോട് പറഞ്ഞു.
ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്‍ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം - മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ - ശബരി, അഡ്വർട്ടൈസിങ് - ബ്രിങ് ഫോർത്ത്.