Film News

വിലക്കപ്പെട്ട ഇറാനിയന്‍ സംവിധായകന്‍ റാസൊളഫിന് ബെര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ ; പുരസ്‌കാരം വധശിക്ഷ പ്രമേയമായ ‘ദെര്‍ ഈസ് നോ ഈവിളി’ന് 

THE CUE

ഭരണകൂടം വിലക്കേര്‍പ്പെടുത്തിയ ഇറാനിയന്‍ സംവിധായകന്‍ മൊഹമ്മദ് റാസൊളഫിന് ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം. ഇറാനിലെ വധശിക്ഷ പ്രമേയമാക്കിയ ദെര്‍ ഈസ് നോ ഈവിള്‍ എന്ന ചിത്രത്തിനാണ് അംഗീകാരം. ഇറാനില്‍ നിന്ന് പുറത്തുപോകുന്നതിന് നിരോധനമുള്ളതിനാല്‍ അദ്ദേഹത്തിന് പുരസ്‌കാരം നേടിട്ടുവാങ്ങാനായില്ല. നിര്‍മ്മാതാവ് ഫര്‍സാദ് പാക് ആണ് അവാര്‍ഡ് ഏറ്റുവങ്ങിയത്. ജീവിതം തന്നെ അപകടത്തിലാകുമെന്നറിഞ്ഞിട്ടും ചിത്രത്തിന്റെ ഭാഗമായവരോട് നിര്‍മ്മാതാവ് പുരസ്‌കാര വേദിയില്‍ നന്ദി രേഖപ്പെടുത്തി. വധശിക്ഷ നടപ്പാക്കുന്നയാളുടെയും വിധേയരാകുന്നവരുടെയും ജീവിതമാണ് ദെര്‍ ഈസ് നോ ഈവിളില്‍ റാസൊളഫ് പ്രമേയവല്‍ക്കരിച്ചിരിക്കുന്നത്.

എ മാന്‍ ഓഫ് ഇന്റഗ്രിറ്റി എന്ന ചിത്രമൊരുക്കിയതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം റാസൊളഫിനെ ഇറാന്‍ റവല്യൂഷണറി കോടതി ഒരുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.രാജ്യസുരക്ഷ അപകടത്തിലാക്കി, ഇസ്ലാമിക ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടത്. സിനിമകള്‍ എടുക്കുന്നതിനും ഇറാന്‍ വിട്ടുപോകുന്നതിനും സാമൂഹ്യരാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കുന്നതിനും രണ്ടുവര്‍ഷത്തെ നിരോധനമേര്‍പ്പെടുത്തി. എ മാന്‍ ഓഫ് ഇന്റഗ്രിറ്റി എന്ന ചിത്രത്തിന് 2017 ലെ കാന്‍ ചലച്ചിത്രമേളയില്‍ അണ്‍സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ റാസൊളഫിന് പുരസ്‌കാരം ലഭിച്ചിരുന്നു. 2010 നിപ്പുറം പലകുറി ഭരണകൂട ഭീകരത നേരിട്ട ചലച്ചിത്രകാരനാണ് റാസൊളഫ്.

അനുവാദമില്ലാതെ സിനിമയെടുത്തെന്ന് ആരോപിച്ച് 2010 ല്‍ ആറുവര്‍ഷത്തെ തടവുശിക്ഷയ്ക്കും റവല്യൂഷണറി കോടതി വിധിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചു. 2017 ലാണ് ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുന്നത്. ശേഷം തിരികെ നല്‍കിയിട്ടില്ല. ഫ്രൈഡേ, സെവന്‍ ഡ്രീംസ്, ദ ഗ്ലാസ് ഹസ്, ദ ടൈ്വലൈറ്റ്, എ മാന്‍ ഓഫ് ഇന്റഗ്രിറ്റി, ദെയര്‍ ഈസ് നോ ഈവിള്‍ എന്നിവയടക്കം 14 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഭരണകൂടത്തിന്റെ വിലക്കുണ്ടായപ്പോള്‍ അസ്ഗര്‍ ഫര്‍ഹാദി, ജാഫര്‍ പനാഹി, ഹസന്‍ പൗര്‍ഷിറാസി തുങ്ങിയ വിഖ്യാത ഇറാനിയന്‍ സംവിധായകര്‍ റാസൊളഫിന് പിന്‍തുണയുമായെത്തിയിരുന്നു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT