Film News

'മാർക്കോ' വയലന്റ് ചിത്രമാണെന്ന് നിർമാതാക്കൾ തന്നെ വ്യക്തമാക്കിയതാണ്, അതിൽ പരാതി പറയുന്നതിൽ കാര്യമില്ല; ബാബു ആന്റണി

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോയുടെ ടീമിന് അഭിനന്ദനങ്ങളുമായി നടൻ ബാബു ആന്റണി. മലയാളത്തിലെ ഒരു ആക്ഷൻ ചിത്രം അതിരുകൾ കടന്നു മുന്നേറുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും ഒരു ബി​ഗ് ബജറ്റ് ആക്ഷൻ സിനിമയ്ക്ക് സാധ്യതകൾ ഏറെയുണ്ടെന്ന് മാർക്കോ തെളിയിച്ചിരിക്കുന്നവെന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ ബാബു ആന്റണി പറയുന്നു.

ബാബു ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മാർക്കോ ടീമിന് അഭിനന്ദനങ്ങൾ. മാർക്കോ എന്ന മലയാളം ആക്ഷൻ സിനിമ ഭാഷയുടെ അതിരുകൾ ഭേദിച്ച് മുന്നേറുന്നു എന്നു കേൾക്കുന്നതിൽ സന്തോഷമുണ്ട്. ഞാൻ വയലൻസിനെ പിന്തുണയ്ക്കുന്ന ഒരാളല്ല. എന്റെ സിനിമകൾ ഒന്നും തന്നെ രക്തരൂക്ഷിതമായിരുന്നില്ല. പൂർണ്ണമായും ആക്ഷൻ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളായിരുന്നു അത്. സിനിമകളിൽ‌ അനാവശ്യമായ ബലാത്സംഗങ്ങളും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തുടങ്ങിയവയ്ക്കെതിരെ ആദ്യമായി സംസാരിച്ച നടന്മാരിൽ ഒരാളും കൂടിയാണ് ഞാൻ. 'മാർക്കോ' ഒരു വയലൻസ് ചിത്രമാണെന്ന് 'മാർക്കോ'യുടെ നിർമാതാക്കൾ വ്യക്തമായി തന്നെ പ്രഖ്യാപിച്ചതാണ്, ഒപ്പം സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് ആ സിനിമയ്ക്ക് നൽകിയിരിക്കുന്നതും. പ്രേക്ഷകർക്ക് അത് തിരഞ്ഞെടുക്കാം എന്നതുകൊണ്ടു തന്നെ അതിൽ പരാതി പറയുന്നതിൽ കാര്യമില്ല. സിനിമയിലെ അക്രമത്തെക്കുറിച്ച് വിമർശനങ്ങൾ ഉണ്ടാകാം, പക്ഷേ ഉണ്ണിയുടെ പ്രകടനത്തെക്കുറിച്ചോ സിനിമയുടെ മേക്കിങ്ങനെക്കുറിച്ചോ ഒരു പരാതിയും ഞാൻ കേട്ടിട്ടും കണ്ടിട്ടുമില്ല. 'മാർക്കോ' എന്ന ചിത്രം അതിരുകൾ ഭേദിച്ച് മുന്നേറുന്നതിൽ ഉണ്ണി മുകുന്ദനും സംവിധായകൻ ഹനീഫ് അദേനിക്കും അഭിനന്ദനങ്ങൾ. 2025 ൽ മലയാള സിനിമയുടെ മികച്ച തുടക്കമാണ് ഇത്. പാൻ ഇന്ത്യൻ എന്നൊരു കോൺസെപ്റ്റോ സോഷ്യൽ മീഡിയയുടെ വലിയ സ്വാധീനമോ ഇല്ലാതിരുന്ന ഒരു കാലത്ത് എന്റെ ഒരു ചിത്രവും ഇതുപോലെ അതിരുകൾ കടന്ന് പോയിരുന്നു. പക്ഷേ അതൊരു റീമേക്ക് ചിത്രമായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത 'പൂവിന് പുതിയ പൂന്തെന്നൽ' എന്ന ചിത്രമായിരുന്നു അത്. ആ ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, സിംഹള തുടങ്ങിയ ഭാഷകളിലായി റീമേക്ക് ചെയ്തു. എല്ലാ ഭാഷകളിലും ചിത്രം ഹിറ്റാവുകയും പിന്നീട് അതൊരു കൾട്ട് സിനിമയായി മാറുകയും ചെയ്തിരുന്നു. എല്ലാ ഭാഷകളിലും അതിലെ വില്ലൻ കഥാപാത്രത്തെ എനിക്ക് അവതരിപ്പിക്കാൻ അവസരം ലഭിക്കുകയും രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന വില്ലന്മാരിൽ ഒരാളായി ഞാൻ മാറുകയും ചെയ്തു. ഒരു ബിഗ് ബജറ്റ് ആക്‌ഷൻ സിനിമ ചെയ്യുക എന്നത് എന്റെ വലിയ സ്വപ്നമാണ്. അത്തരമൊരു ആക്ഷൻ സിനിമയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് മാർക്കോ തെളിയിച്ചിരിക്കുന്നു. ബാഹുബലി, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളും അത് നേരത്തെ തെളിയിച്ചതാണ്. എന്റെ എല്ലാ ആക്‌ഷൻ സിനിമകളും വളരെ കുറഞ്ഞ ബജറ്റിലാണ് നിർമ്മിച്ചത് അതുകൊണ്ടു തന്നെ സാങ്കേതിക പിന്തുണയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ ശരാശരി 6 മണിക്കൂർ കൊണ്ടാണ് ആക്‌ഷൻ സീക്വൻസ് ചെയ്തിരുന്നത്. പക്ഷേ, 90-കളിലെ കുട്ടികളുടെ ആരാധനാപാത്രമായി ഞാൻ മാറിയതിൽ എനിക്ക് സന്തോഷമുണ്ട്, ഒപ്പം ആയോധനകലകൾ പഠിക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാൻ ജിമ്മുകളിൽ ചേരാനും പലരെയും പ്രചോദിപ്പിക്കാൻ എനിക്ക് കഴിഞ്ഞു. ഉത്തമൻ, ട്വന്റി ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ഗ്രാൻഡ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കാക്ക മുട്ടൈ, അടങ്ക മാറു, കായംകുളം കൊച്ചുണ്ണി, മദനോൽസവം, ആർ‌ഡി‌എക്സ് തുടങ്ങിയ ചിത്രങ്ങൾ അടുത്ത തലമുറയുടെ ഇടയിലും എനിക്ക് മികച്ച അടിത്തറ നൽകി. എന്റെ മകൻ ആർതറിനെ അവന്റെ കോളേജ് പഠനത്തെ ബാധിക്കാത്ത തരത്തിൽ ഒരു പ്രൊജക്ട് വരികയാണെങ്കിൽ സിനിമയിലേക്ക് കൊണ്ടു വരാൻ ഞാൻ പ്ലാൻ ചെയ്യുകയാണ്. കുറച്ച് വർഷങ്ങളായി അവൻ അഭിനയത്തിന്റെ വിവിധ മേഖലകളിൽ പരിശീലനം നേടുന്നുണ്ട്. 2025 ൽ എനിക്ക് ഒരു നല്ല ബജറ്റ് സിനിമയിൽ നായകനായോ സഹനായകനായോ അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാഷ ഇപ്പോൾ ഒരു തടസ്സമല്ല അതുകൊണ്ട് തന്നെ പാൻ വേൾഡ് സിനിമകളും ആശയങ്ങളും നമുക്ക് ഏറ്റെടുക്കാൻ കഴിയും. ഞാൻ ഇപ്പോൾ കുടുംബത്തോടൊപ്പം സ്പെയിനിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ജനുവരി പകുതിയോടെ തമിഴ് സിനിമയായ സർദാർ 2, പിന്നെ കുറച്ച് തമിഴ് സിനിമകൾ, മലയാളം സിനിമകൾ, മറ്റു ഭാഷാ സിനിമകൾ എന്നിവയിൽ ജോയിൻ ചെയ്യും. നിങ്ങൾക്കെല്ലാവർക്കും വളരെ നല്ലൊരു പുതുവർഷം ആശംസിക്കുന്നു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT