ജെ.എസ്.കെ, ഹാൽ, അവിഹിതം, പ്രൈവറ്റ്... കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ സെൻസർ ബോർഡ് കത്രിക വെച്ച മലയാളം സിനിമകൾ നിരവധിയാണ്. അതിൽ പലതിന്റെയും കാരണങ്ങൾ എല്ലാവരെയും ഞെട്ടിക്കുന്നതുമാണ്. ഈ സാഹചര്യത്തിൽ സെൻസർ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മലയാള സിനിമയുടെ സെൻസറിങ്ങിന് തടസ്സം നിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താ-വിതരണമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകിയിരിക്കുകയാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ആവിഷ്കാരസ്വാതന്ത്ര്യത്തിന് നേരെയുണ്ടാകുന്ന കടന്നുകയറ്റങ്ങളെ നേരിടാനുള്ള ഈ നടപടിയെക്കുറിച്ച് ക്യു സ്റ്റുഡിയോയുമായി സംസാരിക്കുകയാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ്.
മലയാളം സിനിമയ്ക്ക് വേണ്ടിയുള്ള പ്രതിഷേധം
ഏതെങ്കിലും ഒരു സിനിമയുടെ വിഷയമല്ല. കഴിഞ്ഞ് കുറച്ച് നാളുകളായി പല സിനിമകൾക്കുമെതിരെ സെൻസർ ബോർഡിൽ നിന്ന് ഇത്തരം നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ഈ അടുത്ത് അവിഹിതം, പ്രൈവറ്റ് തുടങ്ങിയ സിനിമകൾക്കെതിരെയും സെൻസർ ബോർഡ് അനാവശ്യമായി കത്രിക വെച്ചു. എം ബി പദ്മകുമാർ സംവിധാനം ചെയ്ത ടോക്കണ്‍ നമ്പര്‍ എന്ന സിനിമയുടെ കാര്യം തന്നെ എടുക്കൂ. ജാനകി, എബ്രഹാം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളാണ് സിനിമയിൽ ഉള്ളത്. ആ പേരുകൾ മാറ്റണം എന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. സെൻസർ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് ഇത്തരം വിചിത്രമായ ആവശ്യങ്ങൾ ഉന്നയിക്കുന്നത്. അതിനാലാണ് അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയത്. മന്ത്രിതലത്തിൽ ശുഭകരമായ പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പേരിടാൻ അനുമതി വേണോ!!
ഓരോ സിനിമകളിലെയും കഥാപാത്രങ്ങൾക്ക് പേരിടാൻ ഇനി ഇവരുടെ അനുമതി വേണമെന്ന അവസ്ഥയായി. മതസ്പർദ്ധ ഉൾപ്പടെയുള്ള കാര്യങ്ങൾ ഉണ്ടാകുമെങ്കിൽ അത് ചൂണ്ടിക്കാട്ടാം. എന്നാൽ അതല്ലല്ലോ ഇവിടുത്തെ പ്രശ്നം. ഏതെങ്കിലും കഥാപാത്രങ്ങളുടെ പേര് കാരണം എന്ത് പ്രശ്നമുണ്ടാകാനാണ്? ഇത്തരം അനാവശ്യ ഇടപെടലുകൾ നടത്തുന്നത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് എന്നാണ് ഞങ്ങൾക്ക് മനസിലായിരിക്കുന്നത്.
പ്രതിഷേധം തുടരും
ഞങ്ങൾ ഈ നിവേദനം കൊണ്ട് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. തുടർനടപടികൾ ഉണ്ടാകും. ഇത് എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണ്. പ്രതിഷേധിക്കാതെ നിർവാഹമില്ല.
ഹാലിന് പൂർണ്ണ പിന്തുണ
ഹാൽ എന്ന സിനിമയുടെ കാര്യത്തിൽ ഞങ്ങൾ പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ആ സിനിമയുടെ അണിയറപ്രവർത്തകർ നൽകിയിരിക്കുന്ന ഹർജിയുടെ കാര്യത്തിലും വേണ്ടുന്ന സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.