എല്ലാവരോടും തുറന്നു സംസാരിക്കുന്നൊരു വ്യക്തിയല്ല സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ എന്ന് ഗായകൻ സോനു നിഗം. എ ആർ റഹ്മാൻ ആരോടും അടുപ്പത്തോടെ സംസാരിക്കുന്നത് ഒരിക്കലും താൻ കണ്ടിട്ടില്ലെന്നും ജോലിയില്‍ മാത്രമാണ് അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നത് എന്നും സോനു നിഗം പറഞ്ഞു. അദ്ദേഹത്തിന് ആരെക്കുറിച്ചും ഒന്നും അറിയാൻ താൽപര്യമില്ലെന്നും ആരോടും ഒരു തരത്തിലും മോശമായി പെരുമാറാത്ത ആളാണ് എ ആർ റഹ്മാൻ എന്നും ഒ2 ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സോനു നിഗം പറഞ്ഞു.
സോനു നിഗം പറഞ്ഞത്:
ബന്ധങ്ങളില്ലാത്ത ആളാണ് അദ്ദേഹം. അദ്ദേഹം എല്ലാവരോടും തുറന്ന് സംസാരിക്കുന്ന ഒരാളല്ല. എന്റെ അടുത്ത് അദ്ദേഹം ഒരിക്കലും അങ്ങനെ സംസാരിച്ചിട്ടില്ല. ഞാൻ കാൺകെയും ആരോടും അങ്ങനെ സംസാരിച്ചിട്ടില്ല. ചിലപ്പോൾ മണിരത്നം സാറിനെപ്പോലെ അദ്ദേഹത്തിന്റെ പഴയ സുഹൃത്തുക്കളോട് അദ്ദേഹം സംസാരിക്കുമായിരിക്കാം. അദ്ദേഹത്തെ ദിലീപ് എന്ന വ്യക്തിയായി കണ്ടിട്ടുള്ള ആളുകളോട് അദ്ദേഹം സംസാരിക്കുന്നുണ്ടാവാം. പക്ഷേ ഞാൻ ഒരിക്കലും അദ്ദേഹം ആരോടും തുറന്നു സംസാരിക്കുന്നത് കണ്ടിട്ടേയില്ല. അദ്ദേഹം ഫ്രണ്ട്ലി ആയിട്ടുള്ള ഒരാളല്ല. അദ്ദേഹത്തിന്റെ ചിന്ത എപ്പോഴും ജോലി ചെയ്യുന്നതിലാണ്. ഞങ്ങൾ ഒരിക്കൽ അമേരിക്കയിലേക്ക് ഒരുമിച്ച് ടൂർ പോയിരുന്നു. അന്ന് ഹലോ, ഹായ് എന്നതിൽ കൂടുതൽ ഒന്നും തന്നെ ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് അങ്ങനെ സംസാരിക്കാൻ അറിയില്ല. അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല. അദ്ദേഹം അങ്ങനെയാണ്. അദ്ദേഹത്തിന് എന്നെക്കുറിച്ചോ മറ്റുള്ളവരെക്കുറിച്ചോ ഒന്നും അറിയില്ല. അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവർക്കും അറിയില്ല. അതിവിശിഷ്ടമായ ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു പ്രാർത്ഥിക്കുന്നു, ആരോടും മോശമായി പെരുമാറാറില്ല, ആരെയും ഉപദ്രവിക്കാറില്ല, മോശമായി സംസാരിക്കാറില്ല, അതുപോലെ തന്നെ അദ്ദേഹം വളരെ ഡിറ്റാച്ച്ഡ് ആയ വ്യക്തിയാണ്. കുടുംബവുമായി അദ്ദേഹത്തിന് അടുപ്പം ഉണ്ടായിരിക്കാം. പക്ഷെ അദ്ദേഹം ആരോടും അടുപ്പത്തോടെ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അദ്ദേഹം ആരെയും തന്റെ ജീവിതത്തിലേക്ക് അടുപ്പിക്കാറില്ല, അത് നല്ലതുമാണ്.