കേരളത്തിൽ നിന്നും തനിക്ക് ലഭിക്കുന്ന സ്നേഹവും ബഹുമാനവും കണ്ട് താൻ തന്നെ ഞെട്ടിപ്പോയിട്ടുണ്ടെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. കേരളത്തിലുള്ള ജനങ്ങൾ തന്റെ സിനിമകളെല്ലാം കണ്ടിട്ടുണ്ടാവും എന്ന് ഒരിക്കലും താൻ കരുതിയിരുന്നില്ലെന്നും എന്നാൽ IFFK യ്ക്ക് വേണ്ടി ഇവിടെ എത്തിയപ്പോൾ ലഭിച്ച സ്നേഹവും ബഹുമാനവും കണ്ട് താൻ തന്നെ ഞെട്ടിപ്പോയി എന്നും അനുരാഗ് കശ്യപ് പറയുന്നു. തന്റെ സിനിമകൾ ഒരിക്കലും കേരളത്തിൽ റിലീസ് ചെയ്യാതിരുന്നിട്ടും ആ സിനിമകളെല്ലാം ഇവിടുത്തെ ജനങ്ങൾ കണ്ടിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി എന്നും ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു. കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ളതുപോലെയുള്ള പ്രതികരണങ്ങൾ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്ത് നിന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും അനുരാഗ് കൂട്ടിച്ചേർത്തു.
അനുരാഗ് കശ്യപ് പറഞ്ഞത്:
IFFK യ്ക്ക് വേണ്ടി കേരളത്തിൽ വന്നപ്പോൾ ഇവിടെ നിന്നും എനിക്ക് കിട്ടുന്ന സ്നേഹവും ബഹുമാനവും കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയിട്ടുണ്ട്. കേരളത്തിലുള്ള ആളുകൾ എന്റെ സിനിമകളെല്ലാം കണ്ടിട്ടുണ്ടാവും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം എന്റെ സിനിമകളിലൊന്ന് പോലും ഇതുവരെ കേരളത്തിൽ റിലീസ് ചെയ്തിട്ടുണ്ടായിരുന്നില്ല. പക്ഷേ അവർ എന്റെ സിനിമകൾ എവിടെ നിന്നെങ്കിലുമൊക്ക കണ്ടു പിടിച്ച് ഡൗൺലോഡ് ചെയ്ത് കാണുന്നുണ്ട് എന്നറിഞ്ഞപ്പോൾ എനിക്ക് വളരെധികം സന്തോഷം തോന്നി. അവർ എന്റെ എല്ലാ സിനിമകളും കണ്ടവരാണ്. അതെന്നെ വളരെ വിസ്മയിപ്പിച്ച കാര്യമായിരുന്നു. കാരണം ഈ രാജ്യത്തെ മറ്റൊരു നാട്ടിൽ നിന്നും എനിക്ക് ഇത്തരത്തിലുള്ള ഒരു പ്രതികരണം കിട്ടിയിട്ടേയില്ല. ബോംബൈയിൽ നിന്നു പോലും എനിക്ക് അത് കിട്ടിയിട്ടില്ല. എന്റെ നാടായ ബീഹാറിൽ നിന്നോ ഉത്തർ പ്രദേശിൽ നിന്നോ പോലും എനിക്ക് ഇത്രയും വലിയ പ്രതികരണങ്ങൾ ലഭിച്ചിട്ടില്ല. ഒരു അഭിനേതാവ് എന്ന തരത്തിൽ അവർക്ക് എന്നെ അറിയാം പക്ഷേ ഞാനൊരു സംവിധായകനാണ് എന്നു പോലും അവർക്ക് അറിയില്ല.
ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മലയാള സിനിമയിൽ അഭിനേതാവായി അരങ്ങേറ്റം കുറിച്ചത്. ഒ.പി.എം സിനിമാസിനു വേണ്ടി ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ദിലീഷ് കരുണാകരനും ശ്യാം പുഷ്കരനും സുഹാസും ചേർന്നാണ്. ഡിസംബർ 19 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.