പ്രവീൺ കൺട്രേങ്കുല സംവിധാനം ചെയ്ത് പുതുതായി പുറത്തിറങ്ങിയ തെലുങ്ക് സിനിമയാണ് പർദ. ദർശന രാജേന്ദ്രൻ, അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ഗോപി സുന്ദർ സംഗീതം നൽകിയ സിനിമ ഒരു സ്ത്രീ പക്ഷ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ചിത്രം കൂടിയാണ്. എന്നാൽ ഒരു സ്ത്രീ പക്ഷ സിനിമ എന്നതിലൂപരി കോൺസപ്റ്റ് ഓറിയന്റഡ് സിനിമയാണ് എന്ന് ക്യു സ്റ്റുഡിയോയോട് പറയുകയാണ് നടി അനുപമ പരമേശ്വരൻ.
അനുപമ പരമേശ്വരന്റെ വാക്കുകൾ
ഇന്റസ്ട്രിയിൽ വന്നിട്ട് 10 വർഷമായി. തെലുങ്ക് സിനിമ ഇന്റസ്ട്രിയിലാണ് കൂടുതലും സമയം ചെലവഴിച്ചിട്ടുള്ളത്. പത്താം വർഷം പർദ പോലെ ഒരു സിനിമ ചെയ്യാൻ സാധിച്ചു എന്നുപറയുന്നത് ഒരേ സമയം സന്തോഷവും പ്രഷർ തരുന്നതുമായ ഒരു സിറ്റുവേഷനാണ്. ഫീമെയിൽ ഓറിയന്റഡ് എന്നതിലുപരി കൺസപ്റ്റ് ഓറിയന്റഡ് സിനിമയാണ് പർദ. ഇത്തരത്തിലുള്ള ഒരു സിനിമ ഞാൻ ചെയ്തിട്ടില്ല. ഇതിന് മുമ്പ് ഒരു ഫീമെയിൽ സെൻട്രിക് സിനിമ ചെയ്തത് ഒടിടി പ്ലാറ്റ്ഫോമിന് വേണ്ടിയായിരുന്നു. പക്ഷെ, ഇത് അങ്ങനെയല്ല. തിയറ്റർ സിനിമയാണ്. റിലീസായാൽ അത് ആളുകൾ പോയി കാണണം. അതെല്ലാം ഒരു ഉത്തരവാദിത്തമാണല്ലോ. ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു സിനിമ ഇറക്കണമെങ്കിൽ നേരിടേണ്ട പ്രശ്നങ്ങൾ അടുത്ത് നിന്ന് മനസിലാക്കിയത് പർദയിലൂടെയാണ്. അത് ഞാനെന്ന വ്യക്തിയെയും നടിയെയും വളർത്താൻ സഹായിച്ചിട്ടുണ്ട്. പർദയുടെ സെറ്റ് ഭയങ്കര രസമായിരുന്നു. വളരെ എനർജറ്റിക്കായ ഒരുപാട് യങ് ആയ പെൺകുട്ടികൾ സെറ്റിൽ ഉണ്ടായിരുന്നു. എല്ലാ തെലുങ്ക് സിനിമ സെറ്റുകളും അങ്ങനെയാണ് എന്ന് എനിക്ക തോന്നുന്നില്ല. അനുപമ പരമേശ്വരൻ പറഞ്ഞു.